06 December Wednesday

വയനാട്‌ പനവല്ലിയിൽ അടുക്കളയിലും കടുവ; വീട്ടുകാർ രക്ഷപ്പെട്ടത്‌ തലനാരിഴക്ക്‌

എ കെ റൈഷാദ്‌Updated: Saturday Sep 23, 2023

കടുവയുടെ നഖം കൊണ്ടുള്ള പോറൽ

തിരുനെല്ലി > പനവല്ലിയിൽ കടുവാഭീതി അടുക്കളയിലുമെത്തി. കടുവാ ഭീതി വിട്ടൊഴിയാത്ത പനവല്ലിയിലെ പുഴക്കര കോളനിയിലെ കയമയുടെ വീട്ടിലെ അടുക്കളയിൽ  വ്യാഴം രാത്രി ഒമ്പതിനാണ്‌ കടുവ കയറിയത്‌. വളർത്തുപട്ടിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ്‌ കടുവ വീടിനകത്ത്‌ എത്തിയത്‌. പട്ടിയെ കിട്ടാതായതോടെ മടങ്ങിപ്പോയി. കയമയും ഭാര്യ വട്ടിയും മക്കളും വീട്ടിലുണ്ടായിരുന്നു. തലനാരിഴക്കാണ്‌ ഇവർ രക്ഷപ്പെട്ടത്‌. ഭയന്ന് വിറച്ച് ഏറെനേരം സംസാരിക്കാൻപോലുമായില്ല. ശബ്‌ദം കേട്ട് ആളുകൾ ഓടിക്കൂടുമ്പോഴേക്കും കടുവ കാട് കയറി.
 
കടുവാ ഭീതിയിൽ പനവല്ലിക്കാർ മുൾമുനയിലായിട്ട്‌ 45 ദിവസം പിന്നിട്ടു.  പലതവണ ആളുകൾ കടുവയെ  നേരിൽ കണ്ടു. മയക്കുവെടിവച്ച്‌ പിടിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ  മന്ത്രി എ കെ ശശീന്ദ്രൻ നിർദേശം നൽകിയിട്ട്‌ ദിവസങ്ങളായി.  15നാണ്‌ മന്ത്രി നിർദേശം നൽകിയത്‌. മയക്കുവെടി വെയ്‌ക്കാൻ ഉത്തരവ്‌ നൽകേണ്ട വൈൽഡ്‌ ലൈഫ്‌ പ്രിൻസിപ്പൽ  സിസിഎഫ്‌ സംസ്ഥാനത്തിന്‌ പുറത്തായതിനാലാണ്‌ നടപടികൾ വൈകുന്നതെന്നാണ്‌ ഉന്നത വനപാലകർ പറയുന്നത്‌. അടുത്തദിവസം  സിസിഎഫ്‌ തിരുവനന്തപുരത്ത്‌ എത്തും. എത്തിയാൽ ഉടൻ  ഉത്തരവ്‌  ലഭിച്ചേക്കും. കടുവയെ കുടുക്കാൻ   മൂന്ന്‌ കൂടുകൾ സ്ഥാപിച്ചിട്ടും ഇതിലൊന്നും കയറിയിട്ടില്ല.   33 ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്‌.
 
കടുവയ്‌ക്കായി വനപാലകരും നാട്ടുകാരും രണ്ടുതവണ നടത്തിയ തിരച്ചിലും വിഫലമായി.  എന്നാൽ കഴിഞ്ഞദിവസവും വളർത്തുനായയെ പിടികൂടി. രാത്രിയിൽ വളർത്തുമൃഗങ്ങൾക്ക്‌ ഇപ്പോൾ നാട്ടുകാർ കാവലിരിക്കുകയാണ്‌. പനവല്ലി, സർവാണി, ആദണ്ഡ, തേറ്റമല,   ഭദ്രകാളിക്കാവ്, കോളിച്ചോട് എന്നിവടങ്ങളിൽ കടുവയുടെ നിരന്തര സാന്നിധ്യമുണ്ട്.  തോട്ടങ്ങളിലെ  കാടുകൾ വെട്ടണമെന്ന് വനപാലകർ നിർദ്ദേശം നൽകിയിട്ടും ഭയത്താൽ കാട്‌ വെട്ടാൻ ഉടമകൾക്ക്‌ കഴിഞ്ഞിട്ടില്ല.  16ന് തിരുനെല്ലി കാളങ്കോട് കടുവയെ കണ്ട് ഭയന്ന് സ്‌കൂട്ടറിൽനിന്ന്‌ വീണ്‌  തിരുനെല്ലി ടെംബിൾ എംപ്ലോയീസ്‌ സൊസൈറ്റി ജീവനക്കാരൻ ആക്കൊല്ലി രഘുനാഥിന് പരിക്കേറ്റിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top