24 April Wednesday

നാടിനെ വിറപ്പിച്ച കടുവയെ കൂട്ടിലാക്കി: വിജയിച്ചത് നിശ്ചയദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Sunday Jan 15, 2023

കൽപ്പറ്റ > സൂര്യൻ അസ്‌തമിച്ചതും ഉദിച്ചതും രാപ്പകൽ മാറിവന്നതുമൊന്നും രണ്ടുദിവസമായി വയനാട്ടുകാർ അറിഞ്ഞില്ല. അക്ഷരാർഥത്തിൽ ഉറക്കമൊഴിച്ച്‌ അവർ കാത്തിരുന്നു. ഏത്‌ നിമിഷവും ചാടിവീണേക്കാവുന്ന കടുവയുടെ കാലൊച്ചയ്‌ക്കായി അവർ കാതോർത്തു. കൂട്ടിലെ വളർത്തുമൃഗങ്ങളുടെ കരച്ചിലിൽ ഭയം കലരുന്നുണ്ടോ എന്ന്‌ നിശ്ശബ്ദരായി വീക്ഷിച്ചു. ഇലയനക്കങ്ങളെപ്പോലും സൂക്ഷ്‌മമായി നിരീക്ഷിച്ചു. ഒടുവിൽ ശനിയാഴ്‌ച രാവിലെ നടമ്മലിൽ അവർ കടുവയെ  കണ്ടെത്തി. കാട്ടുതീപോലെ ആ വാർത്ത പരന്നു. ജനക്കൂട്ടം ഒന്നടങ്കം അങ്ങോട്ട്‌ കുതിച്ചു.

വനപാലകരെ വിവരമറിയിച്ച്‌, ആ വാഴത്തോട്ടത്തിനു ചുറ്റും അവർ തടിച്ചുകൂടി. പൊലീസും വനപാലകരും ആർആർടിയും കുതിച്ചെത്തി. ജനക്കൂട്ടത്തെ പ്രകോപിപ്പിക്കാതെ ആരവങ്ങളില്ലാതെ അവർ സസൂക്ഷ്‌മം നിരീക്ഷിച്ചു. 10.30ന്‌ വാഴക്കൂട്ടങ്ങൾക്കു നടുവിൽ പതുങ്ങിയ കടുവയെ ഡ്രോൺ ക്യാമറ കണ്ടെത്തി. വെറ്ററിനറി ഓഫീസർ ഡോ. അജീഷ്‌ മയക്കുവെടി നിറച്ച തോക്കുമായി നീങ്ങി. ചുറ്റിലുമുള്ള ആൾക്കൂട്ടങ്ങളെ ഭയപ്പെടുത്താതെ, ആരെയും പ്രകോപിപ്പിക്കാതെ അജീഷ്‌ ഉതിർത്ത വെടി കടുവയുടെ കാലിൽ തറച്ചു. അതോടെ അടങ്ങാത്ത ക്രൗര്യവുമായി അവൻ വനപാലകസംഘത്തിനുനേരെ ചാടിവീണു. വനപാലകർ ആകാശത്തേക്ക്‌ വെടിയുതിർത്തപ്പോൾ തിരിച്ചോടി. രണ്ടു മണിക്കൂറിനുശേഷം കാപ്പിത്തോട്ടത്തിൽ ആ ക്രൗര്യം മയക്കത്തിലേക്ക്‌ വഴുതിവീണു. ആശ്വാസത്തോടെ വയനാട്ടുകാരും ദൗത്യസേനയും ദീർഘശ്വാസമെടുത്തു. ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ അക്രമകാരിയായ കടുവയെ ദിവസങ്ങൾക്കുള്ളിൽ പിടിക്കാനായതിന്റെ നേട്ടവുമായി സർക്കാരും വനംവകുപ്പും ആശ്വാസംകൊണ്ടു.

മയക്കുവെടി വയ്‌ക്കാനുള്ള ശ്രമത്തിനിടെ അപകടകരമായ രീതിയിൽ നാട്ടുകാർ തടിച്ചുകൂടിയത്‌ ഇടയ്‌ക്ക്‌ ആശങ്കയുണ്ടാക്കിയെങ്കിലും പൊലീസിന്റെയും വനപാലകരുടെയും നിശ്ചയദാർഢ്യം അതെല്ലാം മറികടന്നു. ജനവാസകേന്ദ്രങ്ങളിലൂടെ 20 കിലോമീറ്ററോളം സഞ്ചരിച്ച കടുവയെ ആർആർടി അംഗങ്ങളും വനപാലകരും തന്ത്രപരമായാണ്‌ കുരുക്കിയത്‌. 12ന്‌ രാത്രി തേറ്റമലയിലും 13ന്‌ രാത്രി പീച്ചംകോട്ടും കടുവയെ കണ്ടതായി അഭ്യൂഹം പരന്നിരുന്നു. വെള്ളാരംകുന്നിൽനിന്ന്‌ 12ന്‌ പോയ കടുവ തേറ്റമല, പീച്ചംകോട്‌ വഴി നടമ്മലിൽ എത്തിയതാകാമെന്നാണ്‌ നിഗമനം. ഒടുവിൽ കൂട്ടിലാക്കിയ കടുവയെയുംകൊണ്ട്‌ വനപാലക സംഘം മുത്തങ്ങയിലേക്ക്‌. ഭീതിയൊഴിഞ്ഞ മനസ്സോടെ ജനങ്ങൾ വീടുകളിലേക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top