20 April Saturday

കടുവയുടെ ആക്രമണം രണ്ടാംതവണ; എന്നിട്ടും പതറാതെ ശശികുമാർ

കെ എ അനിൽകുമാർUpdated: Thursday Jan 14, 2021
കൽപ്പറ്റ > ‘അവിടെ കടുവ ഉണ്ടാവുമെന്ന്‌ പ്രതീക്ഷിച്ചിരുന്നില്ല. പെട്ടന്നാണ്‌  മുന്നിൽ പെട്ടത്‌. കടുവയുമായി ഇരുപത്‌ മീറ്റർ അകലം മാത്രം.  ചാടി വരുന്നത്‌  കാണുന്നുണ്ട്‌. കഴുത്ത്‌ ലക്ഷ്യം വെച്ചാണ്‌ചാടിയതെങ്കിലും പിടികിട്ടിയത്‌ ഷോൾഡറിലാണ്‌. കടുവയുമായി നിലത്തുവീണു.  നഖങ്ങൾ ഷോൾഡറിൽ ആഴ് ന്നിറങ്ങി..’
 
ചെതലയം റെയിഞ്ച്‌ ഓഫീസർ ടി ശശികുമാർ ഇത്‌ പറയുമ്പോൾ  ഭീതിയുടെ ലാഞ്ചനപോലും  ആ ശബ്ദത്തിലില്ല. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായുള്ള സംഭവം പോലെ. ആറ്‌ മാസത്തിനിടെ  രണ്ടാം തവണയും കടുവയുടെ ആക്രമണത്തിൽനിന്ന്‌  ജീവിതത്തിലേക്ക്‌ അത്ഭുതകരമായി തിരിച്ചുവന്ന ഇദ്ദേഹം മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌. ഞായറാഴ്‌ചയാണ്‌  സീതാമൗണ്ട്‌ പാറക്കവലയിൽ കടുവയുടെ അക്രമണത്തിൽ സാരമായി പരിക്കേറ്റത്‌.
 
‘മുമ്പ്‌ കുറിച്യപ്പറ്റയിൽ അപ്രതീക്ഷിതമായാണ്‌ കടുവ അക്രമിച്ചത്‌. ഇവിടെ അങ്ങനെ ആയിരുന്നില്ല. മുഖാമുഖം കാണുകയായിരുന്നു‌.  ഒന്നനങ്ങാൻ പോലുമായില്ല. എന്നിലേക്കെത്താൻ നാല്‌ ചാട്ടം മാത്രമെ കടുവക്ക്‌ വേണ്ടിവന്നുള്ളു.  ഹെൽമറ്റ്‌ ധരിച്ചതുകൊണ്ട്‌ തലയിൽ പിടിക്കാനായില്ല.   കടുവയുടെ കൈ ഷോൾഡറിൽ പിടിത്തം മുറുക്കി. നഖം ആഴ്‌ന്നിറങ്ങി.  നിലത്ത്‌ വീണപ്പോഴേക്കും കൂടെയുള്ളവരുടെ ബഹളം കേട്ട്‌‌  ഓടിമറിഞ്ഞു’.
 
‘സാധാരണ കടുവ പിടിച്ചാൽ  മാംസമടക്കം പറിച്ചെടുക്കും‌.   ഭാഗ്യം കൊണ്ട്‌ അങ്ങനെ സംഭവിച്ചില്ല. നഖം ഊരിയെടുത്തതുപോലെയാണ്‌.  ആദ്യമൊന്നും വലിയ പ്രശ്‌നമായി തോന്നിയില്ല. വീണയിടത്ത്‌നിന്ന്‌ സ്വന്തമായി തന്നെ എഴുന്നേറ്റു. വാഹനത്തിൽ കറിയതോതോടെ‌ വേദന വർധിച്ചു‌. നഖം കൊണ്ട്‌ തോളെല്ല്‌ പൊടിഞ്ഞിന്നിരുന്നു. ഒരു ശസ്‌ത്രക്രിയ കഴിഞ്ഞു. രണ്ട്‌ ദിവസം കഴിഞ്ഞ്‌ ഒന്നുകൂടി വേണമെന്നാണ്‌ ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്‌’. സാധാരണ സംഭവമെന്ന പോലെ ശശികുമാർ പറഞ്ഞു.
 
സീതാമൗണ്ടിൽ കടുവയിറങ്ങിയ തറിഞ്ഞ്‌ അവിടെക്ക്‌ തിരിക്കുമ്പോൾ കുറിച്യപ്പറ്റയിലെ അനുഭവം തടസമായിരുന്നില്ല. ജനങ്ങൾ ഭീതിയിലാവുമ്പോൾ  അതിന്‌ പ്രസക്തിയില്ലെന്നാണ്‌ അദ്ദേഹത്തിന്റെ നിലപാട്‌.  മൂന്ന്‌ മാസം കഴിഞ്ഞാൽ വീണ്ടും ജോലിയിൽ തിരികെ പ്രവേശിക്കാനാവുമെന്നാണ്‌ അദ്ദേഹത്തിന്റെ  പ്രതീക്ഷ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top