29 March Friday

തൃശൂര്‍ നഗരത്തില്‍ പുലിക്കൂട്ടമിറങ്ങി; ഹര്‍ഷാരാവത്തോടെ എതിരേറ്റ്‌ ജനം

വെബ് ഡെസ്‌ക്‌Updated: Sunday Sep 11, 2022

നാലാം ഓണംനാളിൽ തൃശൂർ സ്വരാജ് റൗണ്ടിൽ ഇറങ്ങിയ പുലികൾ ഫോട്ടോ: കെ എസ് പ്രവീൺ കുമാർ

തൃശൂർ> തൃശൂരിനെ ആവേശത്തിലാഴ്‌ത്തി പുലികളി. അഞ്ചു സംഘങ്ങളിൽനിന്നായി  ഇരുന്നൂറ്റമ്പതിൽപ്പരം പുലികളാണ് സ്വരാജ് റൗണ്ടിൽ ചുവടുവെച്ചത്. പുലികളിക്കൊപ്പം വിസ്മയക്കാഴ്ചയൊരുക്കിയ നിശ്ചല ദൃശ്യങ്ങളെ ഹർഷാരാവത്തോടെ ജനം എതിരേറ്റു.  

ആശയങ്ങളുടെ വൈവിധ്യം കൊണ്ടും കരവിരുതിന്റെ മികവും കൊണ്ടും നിശ്ചല ദൃശ്യങ്ങൾ ഒന്നിനൊന്ന് മികച്ചു നിന്നു. സമകാലിക പ്രശ്നങ്ങൾ മുതൽ  പുരാണ ദൃശ്യങ്ങൾവരെ നിശ്ചലദൃശ്യങ്ങൾക്ക് വിഷയമായി.  ദീപാലങ്കാരം നിശ്‌ചല ദൃശ്യത്തെ കൂടുതൽ ആകർഷകമാക്കി. കേരളത്തിലെ മികച്ച ആരോഗ്യ സംവിധാനം വഴി കോവിഡിനെ വിദഗ്‌ധമായി പ്രതിരോധിച്ചത്‌ ആവിഷ്‌ക്കരിച്ച കാനാട്ടുകര ദേശത്തിന്റെ ടാബ്ലോ കരഘോഷത്തോടെയാണ് ജനം ഏറ്റുവാങ്ങിയത്. ജനങ്ങളുടെ ആശങ്ക അകറ്റാൻ ഭയപ്പെടരുത്‌ ഞങ്ങളൊപ്പമുണ്ട്‌ എന്ന ആരോഗ്യ പ്രവർത്തകരുടെ സന്ദേശം ജനങ്ങൾക്ക്‌ ആത്മവിശ്വാസം പകരുന്നതായി.

കോവിഡ്‌ മഹാമാരിയെ നല്ല ചികിത്സയും  പ്രതിരോധ വാക്സിനും മികച്ച ക്വാറന്റയ്‌ൻ സംവിധാനവും ഒരുക്കിയാണ്‌ സംസ്ഥാനം പ്രതിരോധിച്ചതെന്ന്‌ ഓർമ്മപ്പെടുത്തുന്നതായിരുന്നു നിശ്‌ചലദൃശ്യം. പൂങ്കുന്നം ദേശത്തിന്റെ അശോക വനത്തിൽ സീതാദേവിക്ക്‌ വിശ്വരൂപം കാണിച്ചു നൽകുന്ന ഹനുമാനും ശക്തൻ വിഭാഗത്തിന്റെ പട്ടാഭിഷേകം അവതരിപ്പിച്ച  നിശ്ചലദൃശ്യവും ഏറെ ശ്രദ്ധേയമായി.

ഐതിഹ്യങ്ങളിലൊന്നായ പറയി പെറ്റ പന്തിരുകുലത്തിലെ അംഗമായ നാറാണത്ത്‌ ഭ്രാന്തൻ ചുടലപറമ്പിലെ ഭദ്രകാളിയുടെ ആവശ്യപ്രകാരം വലതുകാലിലെ മന്ത്‌ ഇടതു കാലിലേക്ക്‌ മാറ്റിത്തരണമെന്ന വരം ചോദിക്കുന്ന കഥാ സന്ദർഭം അവതരിപ്പിച്ച് വിയ്യൂർ സെന്ററും കൈയടി നേടി.  പുരാണ ഇതിഹാസ കഥാ സന്ദർഭങ്ങളാണ്‌ അയ്യന്തോൾ ദേശം അവതരിപ്പിച്ചത്. തെർമോകോൾ, പാസ്റ്റർ ഓഫ് പാരീസ്, സ്പോഞ്ച്, തടി എന്നിവ കൊണ്ട് അണിയിച്ചൊരുക്കിയ കൂറ്റൻ ടാബ്ലോകൾ ദൃശ്യഭംഗിയും ശിൽപ്പ ചാരുതയും കൊണ്ട് ആകർഷണീയമകയി. പുലികളിയും നിശ്ചല ദൃശ്യങ്ങളും കാണാൻ ആയിരങ്ങളാണ്‌ നഗരത്തിലെത്തിയത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top