25 April Thursday

തൃശൂർ ജില്ലാ പഞ്ചായത്തിന് 134 കോടിയുടെ ബജറ്റ്; സമഗ്ര വികസനം ലക്ഷ്യം

●സ്വന്തം ലേഖകൻUpdated: Thursday Mar 23, 2023

തൃശൂർ> മാലിന്യ നിർമാർജനത്തിന്‌ ഊന്നൽ നൽകി, കാർഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്ന പ്രഖ്യാപനങ്ങളുമായി  സമഗ്ര വികസനം ലക്ഷ്യംവച്ചുള്ള ബജറ്റാണ് ഇത്തവണ തൃശൂർ ജില്ലാ പഞ്ചായത്ത്‌  അവതരിപ്പിച്ചത്. 134.01 കോടി വരവും 133.33 കോടി ചെലവും 68.40 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ്‌ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ലത ചന്ദ്രൻ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഡേവിഡ് അധ്യക്ഷനായി.

കാർഷിക - അനുബന്ധ മേഖലയ്ക്കായി 10 കോടി രൂപയും ആരോഗ്യ-സേവന മേഖലകൾക്ക്‌ 35 കോടിയും പശ്ചാത്തല മേഖലയുടെ വികസനത്തിന്‌ 40 കോടിയും ബജറ്റിൽ നീക്കിവച്ചു. ഭരണചെലവ്  ലഘുകരിച്ച് കൂടുതൽ തുക വികസന പ്രവർത്തനങ്ങൾക്ക് ലഭ്യമാക്കുന്ന രീതിയിലാണ് ബജറ്റ് ആസൂത്രണം ചെയ്തത്.

മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമായി മാതൃക സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ജില്ലാ പഞ്ചായത്ത്. തെരഞ്ഞെടുത്ത 29 പഞ്ചായത്തുകളിൽ ആരംഭിച്ച ശുചിപൂർണ പദ്ധതിക്ക് പരിപാടികൾ ആസൂത്രണം ചെയ്യും. ചേലക്കര ജില്ലാ കൃഷിത്തോട്ടത്തിൽ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് ഒരുകോടി രൂപ നീക്കിവച്ചു. കുടിവെള്ള വിതരണത്തിന് 3 കോടി രൂപ  വകയിരുത്തി. ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ ആരംഭിക്കുന്ന തൊഴിൽ സംരംഭങ്ങൾ "സംരംഭ" എന്ന ബ്രാന്റിന് കീഴിലാക്കും. മൃഗസംരക്ഷണ വകുപ്പുമായി ചേർന്ന് മുന്തിയ ഇനം പശുക്കളുടെ ഫാം ആരംഭിച്ച് പാൽ, പാലുൽപ്പന്നങ്ങളും, മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവ ജില്ലാ പഞ്ചായത്തിന്റെ സ്വന്തം ബ്രാൻഡായി ഇറക്കും. ക്യാൻസർ മുക്ത തൃശൂരിനായുള്ള കാൻ പദ്ധതിക്ക്‌ 1.5 കോടി രൂപയും മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക്‌ വിവിധ പരിപാടികൾക്കായി  2.5 കോടി രൂപയും നീക്കിവച്ചു. 

സ്ഥിരം സമിതി അധ്യക്ഷരായ കെ എസ് ജയ, ദീപ എസ് നായർ, എ വി വല്ലഭൻ, പി എം അഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസഫ് ടാജറ്റ്, പി എസ്‌ വിനയന, വി എൻ സുർജിത്ത്, കെ വി സജു, ലീല സുബ്രഹ്മണ്യൻ, വി എസ് പ്രിൻസ്, ജെനീഷ് പി ജോസ്, ജിമ്മി ചൂണ്ടൽ,  ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ ആർ രവി,  സെക്രട്ടറി പി എസ് ഷിബു,  എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top