26 April Friday

തൃശൂരിൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്; ഒല്ലൂർ തൊഴിലാളി സംഘം ഭരണം ബിജെപിയുടെ കൈകളിലേക്ക്‌

സ്വന്തം ലേഖകൻUpdated: Tuesday May 24, 2022
തൃശൂർ > തൃശൂരിലും കോൺഗ്രസ്‌ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്‌ ചേക്കേറുന്നു. ഒല്ലൂർ മേഖലാ തൊഴിലാളി സഹകരണ സംഘം പ്രസിഡന്റുൾപ്പെടെ ബിജെപിയിൽ ചേർന്നതോടെ സംഘം ഭരണവും ബിജെപിയുടെ കൈകളിലേക്ക്‌ പോകുകയാണ്‌. വൻ സാമ്പത്തിക വാഗ്‌ദാനം നൽകിയാണ്‌ കോൺഗ്രസ്‌ നേതാക്കളെ ബിജെപി വലയിലാക്കുന്നതെന്ന്‌ ആരോപണം ഉയർന്നിട്ടുണ്ട്‌. മറ്റു സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ വെട്ടിത്തെളിയിച്ച വഴിയിലൂടെ കേരളത്തിലെ കോൺഗ്രസ്‌ നേതാക്കളും  കാവിപുതയ്‌ക്കുകയാണെന്ന്‌  തൃശൂർ സാക്ഷ്യപ്പെടുത്തുന്നു.
 
യുഡിഎഫ് തൃശൂർ മണ്ഡലം ചെയർമാനും ഒല്ലൂർ മേഖലാ തൊഴിലാളി സഹകരണ സംഘം പ്രസിഡന്റുമായ അനിൽ പൊറ്റേക്കാടിന്റെ നേതൃത്വത്തിലാണ്‌ ഒരുകൂട്ടം  കോൺഗ്രസ്‌ പ്രവർത്തകർ ബിജെപിയിലേക്ക്‌ ചേക്കേറിയത്‌. ഒബിസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കെ കരുണാകരൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ പേഴ്സണൽ സെക്രട്ടറിയുമായിരുന്ന വി ആർ മോഹനൻ, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജിത ബാബുരാജ്, ഒല്ലൂർ മേഖലാ തൊഴിലാളി സഹകരണ സംഘം വൈസ് പ്രസിഡന്റ്‌ ടി എം നന്ദകുമാർ, ഡയറക്‌ടർ ബിജു കോരപ്പത്ത്, മഹിളാ കോൺഗ്രസ് ഭാരവാഹി മാലതി വിജയൻ തുടങ്ങിയവരും പാർടി വിട്ടു.
 
കോൺഗ്രസ്‌ ഭരിക്കുന്ന ഒല്ലൂർ മേഖലാ തൊഴിലാളി സഹകരണ സംഘത്തിലെ ഭൂരിഭാഗം ഡയറക്‌ടർമാരും ബിജെപിയിലേക്ക്‌ ചേക്കേറിയതോടെ ഭരണം ബിജെപിയുടെതായി മാറും.  ദേശീയപാതയിൽ നടത്തറ ബൈപാസിൽ സ്ഥിതിചെയ്യുന്ന സഹകരണ സംഘമാണ്‌ ബിജെപിയുടെ കൈയിലാവുന്നത്‌. 
കോൺഗ്രസ്‌ ഭരിച്ചിരുന്ന പടവരാട്‌ കെസിലെ സഹകരണ ആശുപത്രി ഭരണവും നേരത്തേ ബിജെപിയുടെ കൈകളിലായിരുന്നു. ഭരണസമിതിയിലെ ഒരു വിഭാഗം കോൺഗ്രസ്‌ നേതാക്കൾ ബിജെപിക്കാർക്ക്‌ അംഗത്വം നൽകി കൂട്ടുസഖ്യമുണ്ടാക്കുകയായിരുന്നു. തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കുപിന്നാലെ പാർടിയിൽനിന്നുള്ള കൂട്ടരാജി  ഡിസിസി നേതൃത്വത്തിന്‌  കനത്ത ആഘാതമായി.
 
ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കോട്ടയായ  തൃക്കൂർ ആലേങ്ങാട് വാർഡ്‌ എൽഡിഎഫ്‌ പിടിച്ചെടുക്കുകയും മൂന്നുസീറ്റ്‌ നിലനിർത്തുകയും ചെയ്‌തു. ഡിസിസി പ്രസിഡന്റ്‌ ജോസ്‌ വള്ളൂർ നേരിട്ട്‌ ചുക്കാൻ പിടിച്ചിട്ടും പുത്തൂർ സഹകരണ ബാങ്ക്‌ ഭരണസമിതിയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിലും കോൺഗ്രസിന്‌ ഭരണം നഷ്ടപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top