25 April Thursday

ബിജെപിയുമായി ധാരണ: 
യുഡിഎഫിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022



കൊച്ചി
ബിജെപിയുടെ മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിൽ പോയി യുഡിഎഫ്‌ സ്ഥാനാർഥി പരസ്യമായി സഹായം അഭ്യർഥിച്ചത്‌ ഉന്നതനേതാക്കളുടെ അറിവോടെയെന്ന വാർത്തകൾ ശരിവയ്‌ക്കുന്ന പ്രതികരണങ്ങളുമായി മുന്നണി നേതാക്കൾ. സ്ഥാനാർഥിയുടെ സന്ദർശനത്തെ പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ പരസ്യമായി ന്യായീകരിച്ചപ്പോൾ കോൺഗ്രസിന്റെ മതനിരപേക്ഷ മുഖം നഷ്‌ടമാകുന്നതിനെതിരെ എതിർ ഗ്രൂപ്പുകൾ പാർടിക്കകത്ത്‌ പ്രതിഷേധത്തിലാണ്‌.

അധികാരം പിടിക്കാൻ ബിജെപിയുമായി രഹസ്യസഖ്യങ്ങളുണ്ടാക്കുന്നത്‌ കേരളം പലവട്ടം കണ്ടതാണെങ്കിലും പരസ്യമായ സഹായാഭ്യർഥന വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ്‌ അവരുടെ പക്ഷം. സ്ഥാനാർഥി ബിജെപി ഓഫീസിൽ പോയതിൽ അസ്വാഭാവികതയില്ലെന്നും താനും അങ്ങനെ പോകാറുണ്ടെന്നുമാണ്‌ വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്‌. കോൺഗ്രസിന്റെ അപകടകരമായ നയവ്യതിയാനം വ്യക്തമാക്കിയ സംഭവം പുറത്തുവന്നിട്ടും വാർത്താസമ്മേളനം വിളിച്ച്‌ വിശദീകരിക്കാതെ ചോദ്യത്തിനുത്തരമായാണ്‌ ഇതു പറഞ്ഞതും.  വോട്ട്‌ അഭ്യർഥനയ്‌ക്കായി സ്ഥാനാർഥി സിഐടിയു ചുമട്ടുതൊഴിലാളികളുടെ വിശ്രമകേന്ദ്രത്തിൽ പോകുന്ന വീഡിയോ യുഡിഎഫ്‌ ഗ്രൂപ്പുകളിൽ ഇട്ട്‌ ന്യായീകരിക്കാനും ശ്രമിച്ചു.

വികസനവിരുദ്ധ നിലപാടിനും പാർടിക്കകത്ത്‌ സതീശനും കെ സുധാകരനും തുടരുന്ന ഏകാധിപത്യശൈലിക്കുമെതിരെ എറണാകുളം ജില്ലയിൽ എ, ഐ ഗ്രൂപ്പുകൾ ശക്തമായ പ്രതിഷേധത്തിലാണ്‌.  പരാജയഭീതിതന്നെയാണ്‌ ബിജെപിയുമായി പരസ്യധാരണയും എസ്‌ഡിപിഐയുമായി രഹസ്യധാരണയും ഉണ്ടാക്കുന്നതിനു പിന്നിലെന്നാണ്‌ സതീശൻ വിരുദ്ധ ഗ്രൂപ്പുകളുടെ ആരോപണം.
സിപിഐ എം സെമിനാറിൽ പങ്കെടുത്തതിന്‌ കെ വി തോമസിനെ പുറത്താക്കിയ കെപിസിസി പ്രസിഡന്റ്‌ ബിജെപി ഓഫീസിൽ പോയ സ്ഥാനാർഥിയോട്‌ വിശദീകരണം ചോദിക്കുമോ എന്നാണ്‌ എതിർ ഗ്രൂപ്പുകളുടെ ചോദ്യം.

പച്ചയായ വർഗീയത ഇളക്കിവിട്ട്‌  കേന്ദ്രഭരണം നിലനിർത്താൻ ശ്രമിക്കുന്ന ബിജെപിയുമായുള്ള ബന്ധം മതന്യൂനപക്ഷങ്ങളെ കോൺഗ്രസിൽനിന്ന്‌ കൂടുതൽ അകറ്റുമെന്നാണ്‌ അവർ പറയുന്നത്‌.  സുധാകരൻ കെപിസിസി പ്രസിഡന്റായതിനുശേഷമാണ്‌ ബിജെപി ബന്ധത്തിന്‌ ആക്കം കൂടിയതെന്നതും ശ്രദ്ധേയം. കോൺഗ്രസ്‌ വിട്ട്‌ ബിജെപിയിൽ ചേക്കേറുന്നവരെ പരിഹസിക്കാൻ തയ്യാറാകാത്ത നേതൃത്വത്തിന്റെ ഇരട്ടത്താപ്പ്‌  കെ വി തോമസും  കെ പി അനിൽകുമാറും അടങ്ങുന്ന കോൺഗ്രസ്‌ മുൻനേതാക്കൾ കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ തുറന്നുകാണിച്ചിരുന്നു. തൊട്ടുപിന്നാലെയാണ്‌  ബിജെപി ഓഫീസിൽ യുഡിഎഫ്‌ സ്ഥാനാർഥിയുടെ വോട്ടുപിടിത്തം. അതിനെ വിലക്കാനോ അപലപിക്കാനോ തയ്യാറാകാത്തത്‌ അണികളിലും ചർച്ചയാണ്‌.  

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ ബിജെപി വോട്ട്‌ തനിക്കാണെന്ന്‌ പരസ്യമായി പ്രഖ്യാപിച്ചായിരുന്നു കെ ബാബുവിന്റെ വിജയം. പ്രത്യുപകാരമായി, കഴിഞ്ഞദിവസം ഉപതെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നഗരസഭയിലെ രണ്ട്‌ വാർഡുകളിൽ  യുഡിഎഫ്‌ വോട്ട്‌ മറിച്ചുകൊടുത്ത്‌ ബിജെപി സ്ഥാനാർഥികളെ വിജയിപ്പിച്ചു. രണ്ടിടത്തും യുഡിഎഫ്‌ മൂന്നാംസ്ഥാനത്തായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top