29 March Friday

യുഡിഎഫിന്റെ അപവാദപ്രചാരണങ്ങൾക്ക്‌ വോട്ടർമാർ മറുപടി നൽകും: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Friday May 27, 2022

കൊച്ചി > തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ഏതറ്റംവരെ പോകാമെന്ന സമീപനമാണ്‌ യുഡിഎഫിന്റേതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്ര ഹീനമായ രീതിയിൽ യുഡിഎഫ്‌ അധഃപതിക്കാൻപാടില്ല. ഓരോ കൂട്ടർക്കും അവരുടേതായ സംസ്‌കാരവും രീതിയുമുണ്ട്‌. ഞങ്ങളുടെ കുടുംബം എന്ത്‌ തെറ്റ്‌ ചെയ്‌തു എന്ന്‌ എൽഡിഎഫ്‌ സ്ഥാനാർഥിയുടെ ഭാര്യയ്‌ക്ക്‌ ചോദിക്കേണ്ടിവന്നു. മാന്യമായി ജീവിക്കുന്ന കുടുംബത്തെ അപകീർത്തിപ്പെടുത്താനാകില്ല. ഇതിനെല്ലാം വോട്ടർമാർ തെരഞ്ഞെടുപ്പിൽ കൃത്യമായ മറുപടി നൽകും. ആരെയും കബളിപ്പിക്കാൻ എല്ലാ കാലവും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ പാലാരിവട്ടത്തെയും ഇടപ്പള്ളിയിലെയും തെരഞ്ഞെടുപ്പ്‌ യോഗങ്ങളിൽസംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി ആരെയും വ്യക്തിപരമായി അധിക്ഷേപിച്ച്‌ നേട്ടം കരസ്ഥമാക്കാൻ എൽഡിഎഫ്‌ ആഗ്രഹിക്കുന്നില്ല. എൽഡിഎഫ്‌ ജനങ്ങളുമായി സംവദിച്ചതും ചർച്ച ചെയ്‌തതും നാടിന്റെ മുന്നോട്ടുപോക്കിനെക്കുറിച്ചും വികസനത്തെക്കുറിച്ചുമാണ്‌. ജോ ജോസഫിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ഉടനെ അദ്ദേഹത്തിന്‌ എതിരെയുള്ള കടുത്ത പ്രതികരണം ആരംഭിച്ചു. ആദ്യം അദ്ദേഹത്തെ ഒരു സഭയുടെ സ്ഥാനാർഥിയായി ചിത്രീകരിക്കാൻ ശ്രമിച്ചു. എന്നാൽ, തങ്ങളുമായി ആലോചിച്ചല്ല സ്ഥാനാർഥിയെ നിർദേശിച്ചതെന്ന്‌ സഭ തന്നെ അർഥശങ്കയ്‌ക്ക്‌ ഇടയില്ലാത്തവിധം വ്യക്തമാക്കി. ഇതോടെ ആദ്യത്തെ എതിർപ്പ്‌ ചീറ്റിപ്പോയി.
എൽഡിഎഫ്‌ മന്ത്രിമാരെയും എംപിമാരെയും എംഎൽഎമാരെയും ഇറക്കി ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വോട്ട്‌ ചോദിക്കുന്നു എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ ആളുകളല്ല ഇടതുപക്ഷത്തിന്റെ ജനപ്രതിനിധികൾ. ഞങ്ങൾ മനുഷ്യരെയാണ് കാണുന്നത്. അതിനെയാണ് യുഡിഎഫ് തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നത്‌.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തിൽ വികസനം ചർച്ച ചെയ്യുമെന്നാണ് യുഡിഎഫ് പറഞ്ഞത്. എൽഡിഎഫ് വികസനം ചർച്ച ചെയ്യാൻ തുടങ്ങിയപ്പോൾ യുഡിഎഫിന് മിണ്ടാട്ടമില്ല. കെ- റെയിലിനെക്കുറിച്ച്‌ ഇപ്പോൾ നിശബ്ദരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ യോഗങ്ങളിൽ ഇ പി ജയരാജൻ, സി എൻ മോഹനൻ, സത്യൻ മൊകേരി, പി സി ചാക്കോ, രാമചന്ദ്രൻ കടന്നപ്പള്ളി, എംപിമാരായ ജോസ് കെ മാണി, എ എം ആരിഫ്‌, കെ ചന്ദ്രൻപിള്ള, എൻ എൻ കൃഷ്‌ദാസ്‌, മേയർ എം അനിൽകുമാർ, പി രാജു തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top