19 April Friday

എൽഡിഎഫ്‌ സീറ്റ്‌ നിറഞ്ഞ്‌ നൂറിലെത്തും; തൃക്കാക്കരക്ക്‌ പറ്റിയ അബദ്ധം തിരുത്തും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022

ഫോട്ടോ: മനു വിശ്വനാഥ്‌

കൊച്ചി > തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്‌ ജനങ്ങൾക്ക്‌ അസുലഭ അവസരമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ മാനങ്ങളുള്ള തെരഞ്ഞെടുപ്പാണ്‌ തൃക്കാക്കരയിലേത്‌. എൽഡിഎഫിന്‌ നിറഞ്ഞ നൂറിലേക്ക്‌ എത്താനുള്ള അവസരം വോട്ടർമാർ കൃത്യമായി വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃക്കാക്കര മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ പാലാരിവട്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ജോ ജോസഫ്‌ സഭയുടെ പ്രതിനിധി തന്നെയാണ്‌. തൃക്കാക്കരയിൽ നിന്നുള്ള നിയമസഭയുടെ പ്രതിനിധി. സംസ്ഥാനത്തുതന്നെ ഏറെ പ്രത്യേകതകളുള്ള മണ്ഡലമാണ്‌ തൃക്കാക്കര. മെട്രോയും, കെ റെയിൽ, വാട്ടർ മെട്രോ എന്നിവ ഒരുമിച്ച തൃക്കാക്കരയിലെത്തും. അതിന്‌ ജോ ജോസഫിനെ ഞങ്ങൾക്ക്‌ സഭയിൽ ആവശ്യമുണ്ട്‌. തൃക്കാക്കരക്ക്‌ പറ്റിയ അബദ്ധം തിരുത്താനുള്ള അവസരമാണിത്‌. കെ വി തോമസ് നാടിന്റെ വികസന പക്ഷത്ത് നിൽക്കുന്നുവെന്നും ഇതാണ് അദ്ദേഹം എൽഡിഎഫ് പക്ഷത്തേക്ക് വരാൻ ഇടയാക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നാടിന്‌ ഗുണമുള്ള ഒന്നിനും യുഡിഎഫ്‌ അനുകൂലമല്ല. മെട്രോ കാക്കനാടേക്ക്‌ നീട്ടാനുള്ള നടപടി സ്വീകരിക്കുകയാണ്‌ സംസ്ഥാന സർക്കാർ. കേന്ദ്രം അതിന്‌ അനുകൂലമായ നിലപാട്‌ എടുക്കുന്നില്ല. കോൺഗ്രസ്‌ എം.പിമാർ ഇക്കാര്യത്തിൽ നാടിനൊപ്പം നിൽക്കുന്നില്ല. യുഡിഎഫ്‌ എംപിമാർ ഒരു പ്ലാക്കാർഡ്‌ പോലും ഉയർത്തിയിട്ടില്ല. ഇത്‌ ജനങ്ങളുടെ കാര്യമാണ്‌. കേരളത്തിന്റെ വികസനത്തിന്‌ എതിരായി ശബ്‌ദമുയർത്താൻ അവർക്ക്‌ കഴിയുന്നുണ്ട്‌. ഇത്‌ തൃക്കാക്കരയിലെ ജനങ്ങൾ തിരിച്ചറിയും.

നാടിന്റെ വികസനം ആഗ്രഹിക്കുന്നയാൾക്ക്‌ എവിടെ നിൽക്കാനാകും. കെ വി തോമസ്‌ മാഷ്‌ ദീർഘകാലത്തെ രാഷ്‌ട്രീയ പാരമ്പര്യമുള്ള വ്യക്തിയാണ്‌. നാടിന്റെ വികസന പക്ഷത്ത്‌ അദ്ദേഹം നിൽക്കുന്നതുകൊണ്ടാണിത്‌. ഏത്‌ നിലപാട്‌ സ്വീകരിച്ചാലും നാം നാടിന്റെ അഭിവൃദ്ധി ആഗ്രഹിക്കുന്നവരാണ്‌. പ്രതിപക്ഷം അതിൽ ഒന്നിൽപ്പോലും അനുകൂല ശബ്‌ദം പുറപ്പെടുവിച്ചിട്ടില്ല.

ദേശീയതലത്തിലും ശ്രദ്ധിക്കപ്പെടുന്ന ഉപതെരഞ്ഞെടുപ്പായിട്ടാണ്‌ മാറിയിരിക്കുന്നത്‌. ഇതിന്‌ കാരണം, ദേശീയതലത്തിൽ നമ്മുടെ രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്‌. അത്‌ മൂർച്ഛിച്ച്‌ വരികയാണ്‌. മതനിരപേക്ഷത തകർക്കാനുള്ള ബോധപൂർവ്വമായ നീക്കം ഭരണാധികാരകളുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നു. രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ച കോടതി വിധിയിൽ കേന്ദ്രസർക്കാരിന്‌ കടുത്ത അസഹിഷ്‌ണുതയാണ്‌. ഇതാണ്‌ കേന്ദ്ര സർക്കാരിന്റെ സമീപനം.

മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്ക്‌ നേരെ വലിയ തോതിലുള്ള ആക്രമണങ്ങൾക്ക്‌ പദ്ധതിയിടുന്നു. അതിനെ പ്രോത്സാഹിപ്പിക്കാനാണ്‌ കേന്ദ്രം സന്നദ്ധമാകുന്നത്‌. മുസ്ലിമിനും ക്രിസ്‌ത്യാനിക്കുമെതിരെ വ്യാപകമായ ആക്രമണങ്ങൾ സംഘടിപ്പിക്കുന്നു. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക്‌ നേരെ നീതിരഹിതമായ നടപടികൾ ഉണ്ടാകുന്നു. ആദിവാസി സമൂഹത്തിന്‌ പലഭാഗങ്ങളിലും കടുത്ത ആക്രമണങ്ങൾ നടക്കുന്നു. ഇതിനെല്ലാം ഏകീകൃത സ്വഭാവം കാണാൻ കഴിയും. ഇതിനെതിരെ കടുത്ത രോഷം രാജ്യത്ത്‌ ഉയർന്നുവരുന്നു. എല്ലാ മതനിരപേക്ഷ ചിന്താഗതിക്കാരും ഇവർക്കെതിരെ അണിനിരക്കുന്നു.

 വർഗശയ ശക്തികൾക്കെതിരെ ഇന്നത്തെ കോൺഗ്രസിന്‌ വാക്കാലെങ്കിലും ശക്തമായി നേരിടാൻ കഴിയാത്ത നേതൃത്വമായി അവർ മാറി. മതനിരപേക്ഷത സംരക്ഷിക്കണമെങ്കിൽ വർഗീയതയോട്‌ വിട്ടുവീഴ്‌യില്ലാത്ത സമീപനം സ്വീകരിക്കാനാകണം. എന്നാൽ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്‌ കോൺഗ്രസ്‌. ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച്‌ മതനിരപേക്ഷതയുടെ കാര്യത്തിൽ ഉയരാൻ കോൺഗ്രസിനാകുന്നില്ല. കുറേക്കാലമായി ഇതേനിലയാണ്‌ കോൺഗ്രസ്‌ സ്വീകരിച്ചുകൊണ്ടിരുക്കുന്നത്‌. ഒരുഭാഗത്ത്‌ വർഗീയത അതിന്റെ സംഹാരരൂപം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. വർഗീയ നീക്കങ്ങളെ തടയാൻ കോൺഗ്രസിന്‌ കഴിയില്ലാ എന്ന നിലയാണ്‌.

ബിജെപിയുടെ സാമ്പത്തിക നയത്തോട്‌ കോൺഗ്രസിന്റെ നയം എന്താണ്‌. ആഗോളവൽക്കരണത്തിന്‌ തുടക്കം കുറിച്ചത്‌ കോൺഗ്രസാണ്‌. ബിജെപി അതിതീവ്രമായ രീതിയിൽ അത്‌ നടപ്പാക്കുന്നു. ജനദ്രോഹനയങ്ങളെ എതിർക്കാൻ കോൺഗ്രസിന്‌ കഴിയുന്നില്ല. കാരണം ഇത്‌ അവരുടെ കുഞ്ഞാണ്‌. ബിജെപി ഉയർത്തുന്ന സമ്പത്തിക ഭീഷണിക്കും, വർഗീയതയ്ക്കും ബദൽ ആകാൻ കോൺഗ്രസിന് കഴിയുന്നില്ല. ഇതിനായി ഒരു ബദൽ ആണ് ഉയർത്തേണ്ടത്. സംസ്ഥാന പരിമിതിയിൽ നിന്ന് ബദൽ ആകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top