28 March Thursday

ക്യാപ്‌റ്റൻ നാളെയെത്തും; തൃക്കാക്കരയുടെ ആവേശം കൊടിയേറും

പ്രത്യേക ലേഖകൻUpdated: Wednesday May 11, 2022

കൊച്ചി > വികസനം മുഖ്യ അജൻഡയായ  തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വികസനനായകൻ എത്തുന്നതോടെ പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിൽ ആവേശം കൊടിയേറും. തൃക്കാക്കരയെ കൊച്ചിയുടെയും കേരളത്തിന്റെയും വികസനകേന്ദ്രമാക്കി മാറ്റാനുള്ള  എൽഡിഎഫ്‌ മുന്നേറ്റത്തിന്‌ ഊർജംപകർന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്‌ച മണ്ഡലത്തിലെത്തും. എൽഡിഎഫ്‌ മണ്ഡലം കൺവൻഷൻ വൈകിട്ട്‌ നാലിന്‌ അദ്ദേഹം ഉദ്‌ഘാടനം ചെയ്യും.

എന്തുകൊണ്ട്‌ തൃക്കാക്കരയ്‌ക്കു മാറ്റം വേണം? തൃക്കാക്കരയുടെ വികസനത്തിന്‌ ഒപ്പം ആരു നിൽക്കുന്നു? എന്നീ എൽഡിഎഫ്‌ ചോദ്യങ്ങൾക്ക്‌ ഓരോദിവസവും ജനപിന്തുണയേറുന്നതിനിടയിലാണ്‌ മുഖ്യമന്ത്രി പ്രചാരണത്തിന്‌ എത്തുന്നത്‌. എൽഡിഎഫിന്റെ വികസനരാഷ്‌ട്രീയത്തിനു പിന്തുണ പ്രഖ്യാപിച്ച്‌ കോൺഗ്രസ്‌ നേതാവ്‌ കെ വി തോമസും രംഗത്തുവന്നതോടെ തെരഞ്ഞെടുപ്പുചിത്രം മാറുകയാണ്‌. മുഖ്യമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ്‌ കൺവൻഷനിൽ പങ്കെടുക്കുമെന്നാണ്‌ അദ്ദേഹം അറിയിച്ചത്‌.
വികസനവും രാഷ്‌ട്രീയവും ഉന്നയിക്കുന്ന എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ സ്വീകാര്യത ആദ്യഘട്ട പ്രചാരണം പിന്നിട്ടപ്പോൾത്തന്നെ  എതിർമുന്നണികളെ കുറച്ചൊന്നുമല്ല കുഴക്കുന്നത്‌. പാവപ്പെട്ട രോഗികൾക്ക്‌ കരുതലും കാവലുമായ ജനകീയ ഡോക്ടർ വോട്ടർമാരുടെ ഹൃദയപക്ഷത്ത്‌ ഇടമുറപ്പിച്ചതോടെ, സ്ഥാനാർഥിത്വം വിവാദമാക്കാൻ നോക്കിയ പ്രതിപക്ഷ നേതാവിന്റെ ശ്രമം പൊളിഞ്ഞു.

ജില്ലാ ഭരണകേന്ദ്രവും കേരളത്തിന്റെ സിലിക്കൺവാലിയുമായ തൃക്കാക്കരയെ കൊച്ചിയുടെ വികസനകേന്ദ്രമാക്കി മാറ്റാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്നതും മുന്നോട്ടുവയ്‌ക്കുന്നതുമായ പദ്ധതികൾക്കു പിന്തുണതേടിയാണ്‌ എൽഡിഎഫ്‌ വോട്ട്‌ തേടുന്നത്‌.
കേന്ദ്രാനുമതി കാക്കുന്ന കൊച്ചി മെട്രോ രണ്ടാംഘട്ടവും പണി പൂർത്തിയായ വാട്ടർ മെട്രോയും നിർദിഷ്ട കെ റെയിലിന്റെ ജില്ലയിലെ ഏക സ്‌റ്റേഷനും ചേർന്ന്‌ തൃക്കാക്കരയെ കൊച്ചിയുടെ യാത്രാഹബ്ബായി മാറ്റും. ഈ വികസനത്തിനു തടയിടാൻ യുഡിഎഫും ബിജെപിയും ചേർന്നുനടത്തുന്ന ഗൂഢാലോചനയും തെരഞ്ഞെടുപ്പിൽ ചർച്ചയാണ്‌.  ഇൻഫോപാർക്ക്‌ രണ്ടാംഘട്ട വികസനം, കാക്കനാട്ടുനിന്ന്‌ കൊരട്ടിയിലേക്കും ചേർത്തലയിലേക്കും ഐടി ഇടനാഴികൾ, നിർദിഷ്ട അന്താരാഷ്‌ട്ര ട്രേഡ്‌ സെന്റർ, റോഡുകളും പാലങ്ങളും ഉൾപ്പെടെ എൽഡിഎഫ്‌ സർക്കാർ തൃക്കാക്കരയ്‌ക്കായി ആവിഷ്‌കരിച്ച വികസനപദ്ധതികളും കൂടിയാകുമ്പോൾ എൽഡിഎഫ് എംഎൽഎ വേണമെന്ന ജനാഭിലാഷത്തിനാണ്‌ ചർച്ചകളിൽ മുൻതൂക്കം.

പാളയത്തിലെ പടയ്‌ക്കു തടയിടാൻ പി ടി തോമസിന്റെ ഭാര്യ ഉമയെത്തന്നെ സ്ഥാനാർഥിയാക്കിയെങ്കിലും യുഡിഎഫിലെയും കോൺഗ്രസിലെയും പ്രതിസന്ധി മൂർച്ഛിക്കുകയാണ്‌. വോട്ടുപങ്കാളിത്തം കുറഞ്ഞുവരുന്ന എൻഡിഎ ഇത്തവണ ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എ എൻ രാധാകൃഷ്‌ണനെ മത്സരിപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top