02 July Wednesday

പഴശ്ശിയുടെ ‘ജുദ്ധം’ കമ്പനി 
കാണാൻപോകുന്നതേയുള്ളൂ

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022


കുലദെെവങ്ങൾക്ക് കാണിക്കയർപ്പിച്ച്, ഗുരുകാരണവന്മാരെ വണങ്ങി ‘ജോദ്ധാവ്‌’ അങ്കത്തട്ടിലേക്ക് ചാടുമ്പോഴെല്ലാം സംഭവം പൊടിപാറുമെന്ന് പ്രതീക്ഷിക്കും. അണികളിൽനിന്ന് ആർപ്പോവിളി ഉയരും.  പക്ഷെ, എല്ലാം പെട്ടെന്നാണ്. ഓതിരവും കടകവും ചടുലവും സുകങ്കാളവും എല്ലാമായി അങ്കം മുറുകിവരുമ്പോഴേക്ക്‌ മാറ്റാൻകൂട്ടത്തിലേക്ക്‌ കാവിജോദ്ധാക്കൾ   ചാടി രക്ഷപ്പെടുന്നതാണ്‌ ചരിത്രം. അങ്കമുറയ്ക്ക് ചേരാത്ത പലതും അണിയറയിൽ നടക്കുന്നതിനാൽ അതല്ലേ പറ്റൂ. ഇക്കുറിയും ഒരു മാറ്റവും പ്രതീക്ഷിക്കേണ്ട. സംശയമുള്ളവർ തൃപ്പൂണിത്തുറയിലേക്ക്‌ കണ്ണോടിക്കുക.

തൃക്കാക്കരയും തൃപ്പൂണിത്തുറയും തമ്മിലെന്ത്‌ എന്നൊന്നും ചോദിക്കരുത്‌. ഓണോത്സവത്തിന്റെ നാടാണ്‌ തൃക്കാക്കര.  അവിടെ ഉയർത്താനുള്ള ഓണപ്പതാക കൊണ്ടുപോകുന്നത്‌ തൃപ്പൂണിത്തുറയിൽനിന്നും. ചിങ്ങത്തിലെ അത്തംമുതൽ തിരുവോണംവരെ നീളുന്ന തൃക്കാക്കര വാമനമൂർത്തി ക്ഷേത്രോത്സവംപോലെ ചരിത്രപ്രസിദ്ധമാണ്‌ തൃപ്പൂണിത്തുറ അത്തച്ചമയം. ചിത്രപ്പുഴ പാലത്തിന്‌ അപ്പുറമിപ്പുറം അടുത്തുകിടക്കുന്ന പ്രദേശങ്ങളുടെ കൊടുക്കൽ വാങ്ങൽ അവിടംകൊണ്ടും തീരുന്നില്ല.  ഉപതെരഞ്ഞെടുപ്പുകാലത്ത്‌ തൃപ്പൂണിത്തുറയിൽനിന്ന്‌ പലതും പഠിക്കാനുണ്ടെന്ന്‌ പറയാതെ പറയുകയാണ്‌  തൃക്കാക്കരയിലെ കോൺഗ്രസ്‌–-ബിജെപി നേതാക്കൾ. തൃപ്പൂണിത്തുറ നഗരസഭയിലെ രണ്ടു വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ്‌ ഫലം വന്നപ്പോൾ രണ്ടിടത്തും വിജയിച്ചത്‌  ബിജെപി.   കോൺഗ്രസിന്റെ പകുതിയോളം വോട്ട്‌ സ്വാഹ. എൽഡിഎഫ്‌ വോട്ടുകൾ ചോർന്നില്ലെന്നു മാത്രമല്ല, വർധനയുമുണ്ടായപ്പോഴാണിത്‌.  കഴിഞ്ഞവർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ യുഡിഎഫ്‌ നേടിയ വിജയംവച്ചുനോക്കിയാൽ ഇതൊക്കെ എന്ത്‌ എന്നാണ്‌ ബിജെപിക്കാർ ചോദിക്കുന്നത്‌. കോൺഗ്രസ് ആവശ്യപ്പെട്ട വോട്ട്‌ അണപൈ കണക്കിൽ എണ്ണിയങ്ങ്‌ കൊടുക്കുകയായിരുന്നില്ലേ. ഒടുവിൽ, താമരച്ചന്തത്തിൽ ബാബു വിജയം.

തൃപ്പൂണിത്തുറയിൽ കച്ചവടത്തിന്റെ ട്രയൽ റൺ നടത്തിയ ബിജെപിയും കോൺഗ്രസും തൃക്കാക്കരയിൽ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള കച്ചവടമാണ്‌ പ്ലാൻ ചെയ്യുന്നത്‌. പ്ലാൻ വണ്ണിൽ കോൺഗ്രസിന്‌ വോട്ടുമറിച്ച ബിജെപിക്ക്‌ പ്ലാൻ 2ൽ കോൺഗ്രസ്‌ വോട്ട്‌ മറിച്ചുകഴിഞ്ഞു. തൃക്കാക്കരയിൽ പ്ലാൻ 3 ആണ്‌. ബിജെപി വോട്ട്‌ കോൺഗ്രസിന്‌. സംസ്ഥാന വൈസ്‌ പ്രസിഡന്റുതന്നെയാണ്‌ കാവിജോദ്ധാവ്‌. വിജയപ്രതീക്ഷയെക്കുറിച്ച്‌ ചോദിച്ചാൽ കക്ഷിക്കുതന്നെ ചിരിവരും. തൃക്കാക്കരക്കാർ എല്ലാം കാണുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top