19 April Friday

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സ്‌ത്രീവോട്ടർമാർ കൂടുതൽ; 
239 ബൂത്തുകള്‍

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

കൊച്ചി
കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കൂടുതൽ സ്‌ത്രീവോട്ടർമാർ. വോട്ടർപട്ടികയിലുള്ള 1,96,805 വോട്ടർമാരിൽ 1,01,530 പേർ വനിതകളും 95,274 പേർ പുരുഷന്മാരുമാണ്‌.

പോളിങ്‌ സ്‌റ്റേഷനുകളിൽ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കിവരികയാണ്‌. ആദ്യഘട്ടത്തിൽ പരിശോധന പൂർത്തിയാക്കിയ ഇലക്‌ട്രോണിക് വോട്ടിങ്‌ യന്ത്രങ്ങൾ വരണാധികാരിക്ക്‌ കൈമാറി. തെരഞ്ഞെടുപ്പുഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ പരിശീലനങ്ങളും പൂർത്തിയാക്കി. തെരഞ്ഞെടുപ്പുസാമഗ്രികളുടെ സ്വീകരണ, വിതരണ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളേജിലും സജ്ജീകരണങ്ങൾ പൂർത്തിയായി. വോട്ടെണ്ണൽകേന്ദ്രംകൂടിയാണ് മഹാരാജാസ് കോളേജ്.  ഒരു ട്രാൻസ്‌ജെൻഡർ വോട്ടറും മണ്ഡലത്തിലുണ്ട്. 222 പ്രവാസി വോട്ടർമാരിൽ 167 പുരുഷന്മാരും 55 സ്ത്രീകളുമാണുള്ളത്. 83 സർവീസ് വോട്ടുകളിൽ 69 എണ്ണം പുരുഷന്മാരുടേതും 14 എണ്ണം സ്ത്രീകളുടേതുമാണ്‌.

239 പോളിങ് ബൂത്തുകൾ
മണ്ഡലത്തിൽ 239 പോളിങ്‌ ബൂത്തുകളാണ്‌ ഒരുക്കുന്നത്. 164 പ്രധാന ബൂത്തുകളും 75 അധിക ബൂത്തുകളും. ഇതിൽ 69 അധികബൂത്തുകൾ പ്രധാന ബൂത്തുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിൽത്തന്നെയാകും. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കും. സ്ഥിര റാമ്പുകൾ ഇല്ലാത്തയിടങ്ങളിൽ താൽക്കാലിക റാമ്പുകൾ നിർമിക്കും.

വനിതാസൗഹൃദ ബൂത്തും അഞ്ച് 
മാതൃകാബൂത്തും
ഒരു വനിതാസൗഹൃദ പോളിങ്‌ ബൂത്താണ് മണ്ഡലത്തിലുള്ളത്. തൃക്കാക്കര ഇൻഫന്റ് ജീസസ് എൽപിഎസ് പ്രധാന കെട്ടിടത്തിലെ 19–--ാംനമ്പർ ബൂത്താണ് വനിതാ പോളിങ്‌ ബൂത്ത്‌.അഞ്ചു മാതൃകാ പോളിങ്‌ ബൂത്തുകളുണ്ടാകും. നമ്പർ 11–-ക്യാംപിയൻ സ്‌കൂൾ ദേവൻകുളങ്ങര ഇടപ്പള്ളി, നമ്പർ 79, 81–-ടോക് എച്ച് എൻജിനിയറിങ്‌ ആൻഡ് മെഡിക്കൽ സ്‌കൂൾ വൈറ്റില, നമ്പർ 87–-ഷറഫുൾ ഇസ്ലാം യുപിഎസ് പാറേപ്പറമ്പ് കലൂർ, നമ്പർ 120–-ഇൻഫന്റ് ജീസസ് എൽപിഎസ്, തൃക്കാക്കര എന്നിവയാണ് ഇവ.

വോട്ടെണ്ണലിന്‌ 21 ടേബിളുകൾ
വോട്ടെണ്ണലിനായി 21 ടേബിളുകളാണ് ക്രമീകരിക്കുക. 27 വീതം മൈക്രോ ഒബ്‌സർവർമാരെയും കൗണ്ടിങ് സൂപ്പർവൈസർമാരെയും കൗണ്ടിങ് അസിസ്റ്റന്റുമാരെയും നിയോഗിക്കും. പോസ്റ്റൽ വോട്ടുകൾ എണ്ണാൻ പ്രത്യേകം മൈക്രോ ഒബ്‌സർവർമാരെയും കൗണ്ടിങ് സൂപ്പർവൈസർമാരെയും കൗണ്ടിങ് അസിസ്റ്റന്റുമാരെയും ഏർപ്പെടുത്തും.

സുരക്ഷ ശക്തം
പോളിങ്‌ ബൂത്തുകളിൽ സുരക്ഷാസംവിധാനങ്ങൾ ഒരുക്കി. സബ് ഡിവിഷൻ, ജില്ലാ തലങ്ങളിൽ നിരീക്ഷണസംഘങ്ങളെയും നിയോഗിച്ചു. ഓരോ പ്രദേശത്തെയും ബൂത്തുകളുടെ എണ്ണത്തിന് ആനുപാതികമായുള്ള ക്രമീകരണങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top