കൊച്ചി> തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥിയുടെതെന്ന പേരിൽ അശ്ലീലവീഡിയോ പ്രചാരിപ്പിച്ച് കോൺഗ്രസ് നടത്തുന്നത് അധമരാഷ്‌ട്രീയ പ്രവർത്തനമെന്ന് വ്യവസായമന്ത്രി പി രാജീവ്. ഏറ്റവും നിലവാരമില്ലാത്തവർ പോലും ചെയ്യാൻ മടിക്കുന്ന നീച പ്രവൃത്തിയാണ് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ അവരുടെ സൈബർ ഗ്രൂപ്പുകൾ ചെയ്യുന്നത്. ഇതിനെ നിയമപരമായും രാഷ്‌ട്രീയമായും നേരിടുമെന്നും പി രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി തുടക്കം മുതൽ കോൺഗ്രസും യുഡിഎഫും പ്രചാരണരംഗത്ത് തെറ്റായ രീതികളാണ് അവലംബിക്കുന്നത്. അപരനെ സ്ഥാനാർഥിയാക്കിയും അനാവശ്യ വിവാദങ്ങളിലേക്ക് എൽഡിഎഫ് സ്ഥാനാർഥിയെ വലിച്ചിഴച്ചും േേവാട്ടിന് പണം വാഗ്‌ദാനം ചെയ്‌തുമായിരുന്നു തുടക്കം. അതിന്റെ തുടർച്ചയാണ് അശ്ലീല വീഡിയോ പ്രചാരിപ്പിക്കൽ. ഇതാരാണെന്നറിയാമോ എന്ന ചോദ്യത്തോടെ ഏതോ ഒരു അശ്ലീല വീഡിയോ എൽഡിഎഫ് സ്ഥാനാർഥിയുടേത് എന്ന രീതിയിൽ ദിവസങ്ങളായി പ്രചാരിക്കുന്നു. കോൺഗ്രസിനുവേണ്ടി രാഷ്‌ട്രീയപ്രചാരണം നടത്തുന്നവരുടെ സമൂഹമാധ്യമ ഹാൻഡിലുകളിലൂടെയാണിത്. ആരോ അബദ്ധത്തിൽ ചെയ്‌തതാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ അങ്ങനെയല്ലെന്ന് പിന്നീട് മനസിലായി.
അബദ്ധത്തിലാണെങ്കിൽ, കോൺഗ്രസ് സൈബർ ഗ്രൂപ്പുകൾ നടത്തുന്ന പ്രചാരണം നേതൃത്വം ഇടപെട്ട് തടയേണ്ടതായിരുന്നു. നാടറിയുന്ന, പ്രഗൽഭനായ ഒരു ഹൃദ്രോഗ ചികിത്സകനെയാണ് ഇത്തരത്തിൽ കടന്നാക്രമിക്കുന്നത്. അദ്ദേഹത്തിന് ഭാര്യയും മക്കളും കുടുംബവുമുണ്ട്. വ്യക്തിഹത്യ നടത്തി എതിരാളികളെ തകർക്കാനാണ് ശ്രമം. തൃക്കാക്കരയിലെ പരാജയഭീതിയാകും അതിന് പ്രേരിപ്പിച്ചത്. എന്നാൽ ഇതല്ല രാഷ്‌ട്രീയ പ്രവർത്തനമെന്ന് കോൺഗ്രസ് മനസിലാക്കണം. രാഷ്‌ട്രീയ മര്യാദകളും ലംഘിച്ചുകൊണ്ടുള്ള നീചവൃത്തി തെരഞ്ഞെടുപ്പു ചരിത്രത്തിൽ തന്നെ ആദ്യമാണ്. ഇതിനെതിരെ കക്ഷിരാഷ്‌ട്രീയത്തിനതീതമായി പ്രതിഷേധമുയരണമെന്നും പി രാജീവ് പറഞ്ഞു.
യുഡിഎഫിന്റെ രാഷ്‌ട്രീയ അന്തസില്ലായ്‌മയാണ് അശ്ലീല വീഡിയോ പ്രചാരണത്തിലൂടെ വെളിവായതെന്ന് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി അഡ്വ. എം സ്വരാജ് പറഞ്ഞു. കോൺഗ്രസ് തീറ്റിപ്പോറ്റുന്ന സൈബർ ക്രിമിനലുകളാണ് അതു ചെയ്യുന്നത്. കോൺഗ്രസ് നേതാക്കളുടെ ഉച്ചഭാഷിണികളാണ് അവർ. എൽഡിഎഫ് സ്ഥാനാർഥി ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത നേടിയതോടെയാണ് കോൺഗ്രസിന്റെ ഹീന പ്രവൃത്തി. അങ്ങേയറ്റം അധമ മാനസിനിലയുള്ളവർക്കേ ഇതോക്കെ ചെയ്യാനാകൂ.
അനുഗ്രഹീതനായ ഒരു ഡോക്‌ടറെയാണ് വ്യക്തിഹത്യചെയ്യുന്നത്. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ സ്വാഭാവിക പങ്കാളിയായി ബിജെപിയും രംഗത്തുണ്ട്. ഇതിനെതിരെ ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷണർക്കും പരാതി നൽകി. അന്വേഷണം നടക്കുമ്പോഴും അശ്ലീലവീഡിയോ പ്രചാരണം അവസാനിപ്പിച്ചിട്ടില്ല. നിയമപരമായും രാഷ്‌ട്രീയമായും ഇതിനെ ശക്തമായി നേരിടുമെന്നും സ്വരാജ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..