25 April Thursday
ആവേശമുയർത്തി നേതൃനിര; അഭിവാദ്യവുമായി പ്രമുഖർ

ക്യാപ്റ്റനെത്തി ; നൂറുറപ്പില്‍ തൃക്കാക്കര

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022


കൊച്ചി
ഇതാ തൃക്കാക്കരയുടെ ഹൃദയപക്ഷം. ഇവിടെ പിറക്കാൻ പോകുന്നത്‌ പുതിയ ചരിത്രം. വികസനനായകൻ പിണറായി വിജയന്റെ വാക്കുകൾക്ക്‌ കാതോർത്ത്‌ എൽഡിഎഫ്‌ കൺവൻഷനിൽ ഇരമ്പിയാർത്തത്‌ തൃക്കാക്കരയുടെ ജനഹിതം.  ഇവിടെനിന്ന്‌ വീശിയടിക്കാൻ പോകുന്നത്‌ തൃക്കാക്കരയുടെ തെരഞ്ഞെടുപ്പുചരിത്രം തിരുത്തുന്ന മാറ്റത്തിന്റെ കൊടുങ്കാറ്റ്‌.
മണിക്കൂറുകൾക്കുമുമ്പേ നിറഞ്ഞുകവിഞ്ഞ സദസ്സിനെ ഇളക്കിമറിച്ചാണ്‌ മുഖ്യമന്ത്രി എത്തിയത്‌.

പാലാരിവട്ടം ബൈപാസ്‌ ജങ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലായിരുന്നു കൺവൻഷൻ. വേദിക്ക്‌ അഭിമുഖമായി പുതുക്കിപ്പണിത പാലാരിവട്ടം പാലം. തോരാതെ പെയ്‌തുകൊണ്ടിരുന്ന മഴയെ അവഗണിച്ച്‌ പാലത്തിനടിയിലും പന്തലിലും നിറഞ്ഞ്‌ ജനം. മുഖ്യമന്ത്രിയുടെ വാഹനമെത്തിയതും ആവേശം കടലായിരമ്പി. മുദ്രാവാക്യം വിളികളുടെ മുഴക്കം. തിങ്ങിനിറഞ്ഞ സദസ്സിനെ കൈവീശി അഭിവാദ്യംചെയ്‌ത്‌ പിണറായി വേദിയിലേക്ക്‌.

എല്‍ഡിഎഫ് തൃക്കാക്കര നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാനാര്‍ഥി ജോ ജോ ജോസഫുമായി കുശലം പറയുന്നു    |   ചിത്രം: മനു വിശ്വനാഥ്

എല്‍ഡിഎഫ് തൃക്കാക്കര നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാനാര്‍ഥി ജോ ജോ ജോസഫുമായി കുശലം പറയുന്നു | ചിത്രം: മനു വിശ്വനാഥ്


 

മുഖ്യമന്ത്രി വേദിയിലെത്തിയതിനുപിന്നാലെ ജനാവലിയുടെ ആരവങ്ങളിലൂടെ സ്ഥാനാർഥി ഡോ.  ജോ ജോസഫ്‌ എത്തി. കുറഞ്ഞ ദിവസത്തിനുള്ളിൽ തൃക്കാക്കരെയാകെ ഇളക്കിമറിച്ച ചുറുചുറുക്കിന്‌ സദസ്സിന്റെ ഹൃദയാഭിവാദ്യം. എൽഡിഎഫ്‌ നേതൃനിരയ്‌ക്കുമുന്നിലൂടെ മുഖ്യമന്ത്രിക്കടുത്തേക്ക്‌.  ഡോ. ജോ ജോസഫിനെ ചേർത്തുപിടിച്ച്‌ കൈകൾ ഉയർത്തി സദസ്സിനെ അഭിവാദ്യം ചെയ്‌താണ്‌ പിണറായി സ്വീകരിച്ചത്‌.

പിണറായിയുടെ  പ്രസംഗത്തിനിടെ കെ വി തോമസിന്റെ വരവ്‌.  എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ അദ്ദേഹത്തെ പൊന്നാടയണിയിക്കുമെന്ന്‌ മുഖ്യമന്ത്രിയുടെ അറിയിപ്പ്‌. പൊന്നാട ഏറ്റുവാങ്ങി, മുഖ്യമന്ത്രിയോട്‌ അൽപ്പം കുശലപ്രശ്‌നം. കെ റെയിൽ വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്‌ മാഷ്‌ പറഞ്ഞതെന്ന്‌ സദസ്സിനോടായി മുഖ്യമന്ത്രി. ഒരുമണിക്കൂറെടുത്തു ഇങ്ങോട്ടെത്താൻ. കെ റെയിൽ വേണമെന്നാണ്‌ കെ വി തോമസിന്റെ ആദ്യ പ്രതികരണമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്ക്‌ കൈയടി.    
ആവേശം വാനോളമുയർത്തി എൽഡിഎഫ്‌ കൺവൻഷൻ മുഖ്യമന്ത്രി   ഉദ്‌ഘാടനം ചെയ്‌തു.

വർഗീയതയെ ചെറുക്കാൻ
 കോൺഗ്രസിനാകില്ല: 
മുഖ്യമന്ത്രി
സംഹാരതാണ്ഡവമാടുന്ന വർഗീയതയെ ചെറുക്കാനോ മതനിരപേക്ഷത സംരക്ഷിക്കാനോ കോൺഗ്രസിനും യുഡിഎഫിനുമാകില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃക്കാക്കര മണ്ഡലം ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി പാലാരിവട്ടം ബൈപാസ്‌ ജങ്ഷനിൽ ചേർന്ന എൽഡിഎഫ്‌ കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മതന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ കേന്ദ്രസർക്കാരും സംഘപരിവാറും വലിയ ആക്രമണമാണ്‌ അഴിച്ചുവിടുന്നത്‌. വർഗീയ വിദ്വേഷം അഴിച്ചുവിട്ട്‌ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നു. സംഘർഷങ്ങൾ സൃഷ്‌ടിക്കുന്നു. എല്ലാം തങ്ങൾക്ക്‌ വിധേയമാകണമെന്ന ലക്ഷ്യത്തോടെ ഭരണഘടനാ മൂല്യങ്ങളെപ്പോലും തകർക്കാൻ കേന്ദ്രസർക്കാരും സംഘപരിവാറും ശ്രമിക്കുന്നു.

ചരിത്ര സ്‌മാരകങ്ങളെപ്പോലും കൈവശപ്പെടുത്തുന്നു. രാജ്യത്തെ പ്രധാന ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിങ്ങൾക്കും ക്രൈസ്‌തവർക്കുമെതിരെ വ്യാപകമായ ആക്രമണം അരങ്ങേറുന്നു. പട്ടികവിഭാഗങ്ങളും വേട്ടയാടപ്പെടുന്നു. മതനിരപേക്ഷത നിലനിൽക്കണമെന്നാഗ്രഹിക്കുന്നവരെല്ലാം ഇതിനെതിരെ കടുത്ത രോഷവും പ്രതിഷേധവുമാണ്‌ ഉയർത്തിയിട്ടുള്ളത്‌. എന്നാൽ, ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന കോൺഗ്രസ്‌ ഒരു വാക്കുകൊണ്ടുപോലും പ്രതിഷേധിക്കാൻ തയ്യാറാകുന്നില്ല.

എതിർക്കുന്നില്ലെന്ന്‌ മാത്രമല്ല, അവർക്ക്‌ പ്രോത്സാഹനം നൽകി വർഗീയശക്തികളുടെ ബി ടീമായും പ്രവർത്തിക്കുന്നു.
രാജ്യത്തെ ജനങ്ങളാകെ ആഗ്രഹിക്കുന്നവിധത്തിൽ ഉണർന്നുപ്രവർത്തിക്കാൻ കോൺഗ്രസിനാകുന്നില്ല. കുറെക്കാലമായി ഇതാണ്‌ കോൺഗ്രസിന്റെ അവസ്ഥ. വർഗീയതയുടെ പ്രതീകങ്ങളെ എടുത്തണിയാൻപോലും അവരുടെ ഉന്നതനേതാക്കൾക്ക്‌ മടിയില്ലാതായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആവേശമുയർത്തി നേതൃനിര; അഭിവാദ്യവുമായി പ്രമുഖർ
സംസ്ഥാനമാകെ ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ആവേശം അലയടിച്ച എൽഡിഎഫ്‌ മണ്ഡലം തെരഞ്ഞെടുപ്പ്‌ കൺവൻഷനിൽ മുന്നണിയുടെ സംസ്ഥാന, ജില്ലാ നേതൃനിരയാകെ ഒന്നിച്ച്‌ അണിനിരന്നു.  കല, സാംസ്കാരിക, കായിക, പ്രൊഫഷണൽ രംഗങ്ങളിലെ പ്രമുഖരായ എം കെ സാനു, ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറം, ഡോ. സെബാസ്‌റ്റ്യൻ പോൾ, ഡോ. കെ ജി പൗലോസ്‌, ഒളിമ്പ്യൻ മേഴ്‌സി കുട്ടൻ, ടി എ സത്യപാൽ, വിധു വിൻസെന്റ്‌, പട്ടണം റഷീദ്‌ എന്നിവരും അഭിവാദ്യവുമായി പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌ത കൺവൻഷനിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അധ്യക്ഷനായി. എൽഡിഎഫിന്റെ വികസന രാഷ്‌ട്രീയത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ വേദിയിലെത്തിയ എഐസിസി അംഗം കെ വി തോമസിനെ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ ഷാളണിയിച്ച്‌ സ്വീകരിച്ചു.

എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫ്‌, കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ്‌ കെ മാണി എംപി, മന്ത്രിമാരായ ആന്റണി രാജു, അഹമ്മദ്‌ ദേവർകോവിൽ, ജനതാദൾ എസ്‌ സംസ്ഥാന പ്രസിഡന്റ്‌ മാത്യു ടി തോമസ്‌ എംഎൽഎ, എൻസിപി സംസ്ഥാന പ്രസിഡന്റ്‌ പി സി ചാക്കോ, കോൺഗ്രസ്‌ എസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാമചന്ദ്രൻ കടന്നപ്പള്ളി, ലോക്‌ താന്ത്രിക്‌ ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി ഡോ. വർഗീസ്‌ ജോർജ്‌, കേരള കോൺഗ്രസ്‌ ബി  ജനറൽ സെക്രട്ടറി കെ ജി പ്രേംജിത്, കേരള കോൺഗ്രസ്‌ (സ്‌കറിയ) ചെയർമാൻ ബിനോയ്‌ ജോസഫ്‌, ഐഎൻഎൽ നേതാവ്‌ എ പി അബ്‌ദുൾ വഹാബ്‌, ഇന്നസെന്റ്‌ എന്നിവർ സംസാരിച്ചു.

എൽഡിഎഫ്‌ മണ്ഡലം തെരഞ്ഞെടുപ്പ്‌ കമ്മിറ്റി പാനൽ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അവതരിപ്പിച്ചു. പാർടി മണ്ഡലം കമ്മിറ്റി സെക്രട്ടറി എം സ്വരാജ്‌ സ്വാഗതവും എൽഡിഎഫ്‌ ജില്ലാ കൺവീനർ ജോർജ്‌ ഇടപ്പരത്തി നന്ദിയും പറഞ്ഞു. മന്ത്രിമാരായ പി രാജീവ്‌, എം വി ഗോവിന്ദൻ, വീണാ ജോർജ്‌, ആർ ബിന്ദു, വി അബ്‌ദുൾ റഹ്‌മാൻ, മേയർ എം അനിൽകുമാർ, വി ശിവദാസൻ എംപി, എംഎൽഎമാരായ എം എം മണി, പി വി ശ്രീനിജിൻ, ആന്റണി ജോൺ, പി പി ചിത്തരഞ്‌ജൻ, സി കെ ആശ, എൽഡിഎഫ്‌ നേതാക്കളായ പി രാജു, സാബു ജോർജ്‌, കെ കെ ജയരാജ്‌, പി സി ജോസഫ്‌, ബി അഷ്‌റഫ്‌, പി ജെ കുഞ്ഞുമോൻ, ടി പി അബ്ദുൾ അസീസ്‌, സത്യൻ മൊകേരി, കെ ചന്ദ്രൻപിള്ള, എസ്‌ ശർമ, ഗോപി കോട്ടമുറിക്കൽ, സി എം ദിനേശ്‌മണി, എസ്‌ സതീഷ്‌, എൻ എൻ കൃഷ്ണദാസ്‌, എ സി മൊയ്‌തീൻ, ജോസ്‌ തെറ്റയിൽ എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top