29 March Friday

നാടിന്റെ ഹൃദയവായ്പില്‍; ‘എന്റെ മോൻ ജയിക്കട്ടെ...’

സ്വന്തം ലേഖകൻUpdated: Sunday May 8, 2022

കൊച്ചി
ഇടപ്പള്ളി പഴയ ചേരാനല്ലൂർ റോഡിലൂടെ നടന്നുവന്ന എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ അരികിലേക്ക്‌ ആ അമ്മ ഓടിയെത്തി. തലയിൽ കൈവച്ച്‌ അനുഗ്രഹിച്ചു– ‘എന്റെ മോൻ ജയിക്കട്ടെ...’ ലോട്ടറിത്തൊഴിലാളിയും തട്ടുകടനടത്തിപ്പുകാരിയുമായ ശോഭ മധുവിന്റെ വാക്കുകൾ ഹൃദയത്തിൽനിന്നുതന്നെയായിരുന്നു. അതിന്റെ ഊർജവുമായി ഡോക്ടർ ശനിയാഴ്‌ച ജനങ്ങളിലേക്ക്‌ ഇറങ്ങി.

ഇടപ്പള്ളി ഹൗവ്വ മൻസിലിലെ എം എസ്‌ കബീറിന്റെ വീട്ടിൽനിന്നായിരുന്നു പ്രഭാതഭക്ഷണം. ഇതിനിടെ  ചോദ്യവുമായെത്തിയ ചാനലുകാർക്ക്‌ ഭക്ഷണത്തിനിടെതന്നെ കുറിക്കുകൊള്ളുന്ന മറുപടി.  പോസിറ്റീവായാണ്‌ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നും സ്ഥാനാർഥി പറഞ്ഞു. സിക്‌സറടിച്ച്‌ നൂറു തികയ്‌ക്കുമോ എന്ന ചോദ്യത്തിന്‌, ചിരിച്ചുകൊണ്ട്‌ ‘അതെ’ എന്നും മറുപടി.

തുടർന്ന്‌ ഇടപ്പള്ളി ജുമാ മസ്‌ജിദും പോണേക്കര ഭഗവതിക്ഷേത്രവും സന്ദർശിച്ചു. താൻ ചികിത്സിച്ച പോണേക്കര സ്വദേശി പ്രദീപ്‌ കുമാറിനെ ക്ഷേത്രത്തിൽ കണ്ടു . മെഡിക്കൽ റപ്രസന്റേറ്റീവായ പ്രദീപ്‌ എട്ടുവർഷംമുമ്പാണ്‌ ബൈപാസ്‌ ശസ്‌ത്രക്രിയക്ക്‌ വിധേയനായത്‌. ഓരോ വർഷവും ഡോക്ടറെ കാണും. അടുത്തതവണ കാണാനെത്തുമ്പോൾ ഡോക്ടർ നിയമസഭയിലായിരിക്കുമെന്നും പ്രദീപിന്റെ ആശംസ.
പോണേക്കര എൻഎസ്‌എസ്‌ കരയോഗം സെക്രട്ടറി കെ ജി രാധാകൃഷ്‌ണൻ സ്ഥാനാർഥിയെ വീട്ടിലേക്ക്‌ ക്ഷണിച്ചു. അദ്ദേഹവും ഭാര്യ രമാദേവിയും വീട്ടിൽ നടത്തുന്ന ചെടികളുടെ നഴ്‌സറി സ്ഥാനാർഥി സന്ദർശിച്ചു.

സപ്‌താഹയജ്ഞം നടക്കുന്ന വെണ്ണല തൈക്കാട്ട്‌ മഹാദേവക്ഷേത്രത്തിലെ പ്രസാദ ഊട്ടിലും ഡോക്ടർ പങ്കാളിയായി. താൻ ചികിത്സിച്ച കാക്കനാട്‌ പടമുകൾ സ്വദേശി ഗോവിന്ദൻകുട്ടിയുടെ ഭാര്യ രാധാദേവിയെ അവിടെ കണ്ടുമുട്ടി. ഹൃദയപരിശോധന മുടക്കരുതെന്ന്‌ സ്‌നേഹോപദേശം നൽകാനും ഡോക്ടർ മറന്നില്ല.

പാലാരിവട്ടം പിഒസി, രാജരാജേശ്വരി ക്ഷേത്രം, ഹരിഹരസുത അയ്യപ്പക്ഷേത്രം, സെന്റ്‌ ജോൺ ബാപ്‌റ്റിസ്‌റ്റ്‌ പള്ളി, പൊന്നുരുന്നി പള്ളിപ്പടി ജുമാ മസ്‌ജിദ്‌, കറുകപ്പിള്ളി ജുമാ മസ്‌ജിദ്‌, തമ്മനം സെന്റ്‌ ജൂഡ്‌ പള്ളി എന്നിവിടങ്ങളും സ്ഥാനാർഥി സന്ദർശിച്ചു. തമ്മനം ഓട്ടോ സ്‌റ്റാൻഡിലെ തൊഴിലാളികളോടും വോട്ട്‌ അഭ്യർഥിച്ചു. തൃക്കാക്കര വെസ്‌റ്റ്‌, തൃക്കാക്കര ഈസ്‌റ്റ്‌ ഭാഗങ്ങളിൽ ഉച്ചകഴിഞ്ഞ്‌ ഗൃഹസന്ദർശനവും നടത്തി. സംഗീതസംവിധായകൻ ബിജിബാലിനെ വാഴക്കാലയിലെ വീട്ടിലെത്തി കണ്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top