തിരുവനന്തപുരം> തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന്റേതെന്ന പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച യുഡിഎഫ് നേതൃത്വം മാപ്പ് പറയണമെന്ന് ഇടതുപക്ഷ മഹിളാ സംഘടനകൾ. കുറ്റവാളികൾക്ക് തക്കശിക്ഷ കിട്ടാൻ സർക്കാർ നടപടിയെടുക്കണമെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് ലാഭത്തിനായി എന്തും ചെയ്യാമെന്ന് വരരുത്. അങ്ങേയറ്റം വേദനാജനകവും അപലപനീയവുമാണ്. രാഷ്ട്രീയ ഗൂഡാലോചനയാണ് സംഭവത്തിന് പിന്നിലുള്ളത്. തോൽവി മുന്നിൽക്കണ്ട് രാഷ്ട്രീയ നേതൃത്വം അറിഞ്ഞ് നടത്തുന്ന പ്രചരണമാണ് വീഡിയോ പ്രചരിച്ചതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സിപിഐ എം പ്രവർത്തകരാണ് പിടിയിലായതെന്ന പ്രതിപക്ഷ ആക്ഷേപം ശുദ്ധ അസംബന്ധമാണ്. പ്രതികളുടെ പശ്ചാത്തലം നോക്കിയാൽ ഇക്കാര്യം മനസിലാകും.
രാഷ്ട്രീയ നേതാക്കൾ സത്യാവസ്ഥ മനസിലാക്കി വേണം പ്രതികരിക്കാൻ. ഡോ. ജോ ജോസഫിന്റെ ഭാര്യ ദയയുടെ ചോദ്യങ്ങൾ ഉത്തരം മുട്ടിപ്പിക്കുന്നത്. വ്യാജ വീഡിയോ പ്രചരിപ്പിച്ച പ്രതിപക്ഷ, ബിജെപി നേതാക്കളും മാധ്യമങ്ങളും അതിനുത്തരം നൽകണം. എൽഡിഎഫ് നേതാക്കൾ നടത്തിയ വാർത്താസമ്മേളനം പോലും മാധ്യമങ്ങൾ തമസ്കരിച്ചു. ദയയുടെ പ്രതികരണം ജനങ്ങളിലെത്തിക്കാനും തയ്യാറായില്ല. അധമ പ്രവർത്തനങ്ങളെ തള്ളിപ്പറായൻ മാധ്യമങ്ങൾ തയ്യാറാകണം.
ആരുടെ ഭാഗത്ത് നിന്നും വ്യക്തിഹത്യയുണ്ടാകാൻ പാടില്ല. അതിജീവിതയായ നടിക്ക് നീതിയുറപ്പാക്കാൻ ശുഷ്കാന്തിയോടെ സർക്കാർ പ്രവർത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എല്ലാഘട്ടത്തിലും ആ പെൺകുട്ടിക്കൊപ്പമാണ് നിന്നത്. അതിജീവിത തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറി സി എസ് സുജാത, പ്രസിഡന്റ് സൂസൻകോടി, കേരള മഹിളാ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഇന്ദിരാ രവീന്ദ്രൻ, മഹിളാ കോൺഗ്രസ് എസ് ജില്ലാ സെക്രട്ടറി ആർ ബിന്ദു, എം ജെ മീനാംബിക, എസ് പുഷ്പലത, വി അമ്പിളി, പി പി ദിവ്യ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..