26 April Friday

തോരാമഴയിലും 
ആവേശച്ചൂടിൽ തൃക്കാക്കര

സ്വന്തം ലേഖകൻUpdated: Sunday May 22, 2022

കൊച്ചി
സ്ഥാനാർഥികളുടെ പൊതുപര്യടനത്തിലും മുന്നണിനേതാക്കളുടെ പ്രചാരണപരിപാടിയിലും ചൂടുപിടിച്ച്‌ തൃക്കാക്കര ഉപതെരഞ്ഞെടുപ്പുരംഗം. മൂന്നുദിവസമായി തോരാതെ പെയ്യുന്ന മഴയിലും തൃക്കാക്കരയുടെ ആവേശച്ചൂടിന്‌ കുറവില്ല. പ്രചാരണത്തിന്‌ കൂടുതൽ ദിവസം ലഭിച്ചതിനാൽ മണ്ഡലത്തിന്റെ മുക്കിലും മൂലയിലുംവരെ എത്തി കഴിയുന്നത്ര വോട്ടർമാരെ നേരിൽ കണ്ട്‌ വോട്ട്‌ തേടാനുള്ള ശ്രമത്തിലാണ്‌ മുന്നണിസ്ഥാനാർഥികൾ.
 
എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ പൊതുപര്യടനപരിപാടി ഒരാഴ്‌ച പിന്നിട്ടപ്പോൾ മണ്ഡലത്തിലെ പരിചിതമുഖമായി അദ്ദേഹം മാറി. വെയിലും മഴയും വകവയ്‌ക്കാതെ മണ്ഡലമാകെ നിറയുന്ന ചുറുചുറുക്കിന്റെ പേരായി മാറി ഡോ. ജോ ജോസഫ്‌. ലോക ഹൈപർടെൻഷൻ ബോധവൽക്കരണവാരത്തിന്റെ പ്രചാരണംകൂടി ഏറ്റെടുത്താണ്‌ ശനിയാഴ്‌ച ജോ ജോസഫ്‌ വോട്ടർമാരിലേക്ക്‌ എത്തിയത്‌. ഭാര്യ ദയ പാസ്‌കലിനൊപ്പം വാഴക്കാലയിലെ വീട്ടിൽനിന്ന്‌ സ്വന്തം സൈക്കിൾ ചവിട്ടി ഡോക്‌ടർ കലൂർ സ്‌റ്റേഡിയത്തിലെത്തി.  സ്‌റ്റേഡിയത്തിൽ കാത്തുനിന്ന  കാർഡിയോളജിസ്‌റ്റുകൾക്കും സുഹൃത്തുക്കൾക്കും വോട്ടർമാർക്കുമൊപ്പം ബോധവൽക്കരണപരിപാടിയിൽ പങ്കെടുത്ത്‌ സൈക്കിളിൽ മടക്കം. തുടർന്ന്‌ വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ച്‌ വോട്ട്‌ തേടി. മന്ത്രിമാരും എംഎൽഎമാരും നേതാക്കളും കൂട്ടായ്‌മകളിലും കുടുംബയോഗങ്ങളിലും പങ്കെടുത്ത്‌ ഡോ. ജോ ജോസഫിന്‌ വോട്ട്‌ തേടി.

എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ്‌ പ്രകടനപത്രിക ശനിയാഴ്‌ച പുറത്തിറക്കി. എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജനാണ്‌ പ്രകാശിപ്പിച്ചത്‌. മണ്ഡലത്തിന്റെ അടിസ്ഥാനസൗകര്യ വികസനംമുതൽ വാണിജ്യ, വ്യവസായ രംഗങ്ങളിലെ വളർച്ചയ്‌ക്കുതകുന്ന പദ്ധതികളും നിർദേശങ്ങളുമാണ്‌ പ്രകടനപത്രികയിലുള്ളത്‌.  യുഡിഎഫ്‌ സ്ഥാനാർഥി ഉമ തോമസും എൻഡിഎ സ്ഥാനാർഥി എ എൻ രാധാകൃഷ്‌ണനും പൊതുപര്യടന പരിപാടിയുടെ ഭാഗമായിത്തന്നെ വോട്ട്‌ തേടി. യുഡിഎഫിന്റെയും എൻഡിഎയുടെയും സംസ്ഥാന നേതാക്കളും തൃക്കാക്കരയിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top