24 April Wednesday

മദ്യത്തിൽ നിന്നും ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സംസ്ഥാനം ഏത്...?; ഡോ. തോമസ്‌ ഐസക്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 5, 2022

തമിഴ്‌നാട് ധനമന്ത്രിയുടെ പ്രസ്‌താവന പ്രകാരം തമിഴ്‌നാട്ടിൽ മദ്യത്തിന്റെ എക്സൈസും വിൽപ്പന നികുതിയും അടക്കമുള്ള വരുമാനം 30-35 ആയിരം കോടി രൂപയാണ്. കേരളത്തിന്റെ 2.5 മടങ്ങിലേറെ. മൊത്തം റവന്യു വരുമാനത്തിന്റെ ശതമാനമായി കണക്കാക്കിയാൽ ഇത് 16-17 ശതമാനം വരും. ഡോ .തോമസ്‌ ഐസക്‌ എഴുതുന്നു.

മദ്യത്തിൽ നിന്നും ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സംസ്ഥാനം ഏത്? സംഘികളുടെയും ചില വിദ്വാന്മാരുടെയും മനോരമ.കോം പോലുള്ള ചില മാധ്യമങ്ങളുടെയും വാദങ്ങൾ കേട്ടാൽ തോന്നുക കേരളത്തിനാണ് ഈ സ്ഥാനം എന്നാണ്. ലോട്ടറി സംബന്ധിച്ച ഇവരുടെ ആക്ഷേപം ശുദ്ധഅസംബന്ധമാണെന്ന് കഴിഞ്ഞൊരു പോസ്റ്റിൽ വിശദീകരിച്ചല്ലോ. മദ്യ വരുമാനം ഇതുപോലെ തള്ളിക്കളയാവുന്നതല്ല.

2015-16 മുതലുള്ള വർഷങ്ങൾ എടുത്താൽ മദ്യത്തിൽ നിന്ന് കേരള ഖജനാവിലേക്കു ലഭിക്കുന്നത് 11-12 ആയിരം കോടി രൂപയാണ്. 2021-22-ൽ അത് 14500 കോടി രൂപയായി ഉയർന്നിട്ടുണ്ട്. കേരളത്തിന്റെ മൊത്തം റവന്യു വരുമാനത്തിന്റെ എത്ര ശതമാനം  വരുമിത്? 13 - 14 ശതമാനം ആയിരുന്നു. കഴിഞ്ഞ വർഷം മദ്യ വരുമാനം വളർന്നെങ്കിലും മൊത്തം റവന്യു വരുമാനത്തിലെ വിഹിതം 12 ശതമാനമായി താഴ്ന്നു. ഇത് എങ്ങനെ മുഖ്യവരുമാന സ്രോതസ് ആകും?
ഈയൊരു പ്രസ്‌താവന യാഥാർത്ഥ്യം മറച്ചുവയ്‌ക്കാനുള്ള കണക്കുകൊണ്ടുള്ള കസർത്താണെന്നാണ് മനോരമ.കോമിന്റെ വാദം. കാരണം കേരളത്തിന്റെ മൊത്തം റവന്യു വരുമാനമല്ല മറിച്ച്, തനത് റവന്യു വരുമാനത്തിന്റെ എത്ര ശതമാനം വരും മദ്യത്തിൽ നിന്നുള്ള വരുമാനം എന്നതാണു കണക്ക് കൂട്ടേണ്ടത്. കേരളത്തിന്റെ മൊത്തം റവന്യു വരുമാനത്തിൽ 35 ശതമാനത്തോളം കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതവും ഗ്രാന്റുമാണ്. അത് കണക്കിലെടുക്കാതെ കേരളത്തിന്റെ തനതു വരുമാനമെടുത്താൽ മദ്യവരുമാനം കേരളത്തിന്റെ റവന്യു വരുമാനത്തിന്റെ 30 ശതമാനത്തിലേറെ വരുമെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്.

കേന്ദ്ര നികുതി വിഹിതം കേന്ദ്ര സർക്കാരിന്റെ ഔദാര്യമാണെന്ന സംഘിവാദത്തിന്റെ ഒരു ആവർത്തനമാണ് മേൽപ്പറഞ്ഞ വിമർശനം. കേന്ദ്ര വിഹിതം സംസ്ഥാനത്തിന് അവകാശപ്പെട്ടതാണ്. അത് ഒഴിവാക്കിക്കൊണ്ട് മദ്യത്തിൽ നിന്നുള്ള വരുമാനത്തെ പർവ്വതീകരിച്ചു കാണിക്കുന്നതിൽ അർത്ഥമില്ല. ഇനി നാളെ പെട്രോൾ ജി.എസ്.ടിയിലേക്ക് നീങ്ങുമ്പോൾ കേരളത്തിന്റെ തനതുവരുമാനത്തിൽ സിംഹപങ്കും മദ്യ വരുമാനമായിത്തീരും. അങ്ങനെയൊരു നിഗമനത്തിൽ എത്തുന്നതിന് എന്തു സാംഗത്യമാണുള്ളത്? കേരളത്തിന്റെയോ മറ്റേതെങ്കിലും സംസ്ഥാനത്തിന്റെയോ കുഴപ്പമല്ല മദ്യത്തിൽ നിന്നുള്ള വരുമാനം ഒരു പ്രധാന ഇനമായിരിക്കുന്നത്. ഇന്ത്യൻ ഭരണഘടന അങ്ങനെയാണു വ്യവസ്ഥ ചെയ്തിട്ടുള്ളത്. അതുകൊണ്ട് കേന്ദ്രവിഹിതം അടക്കമുള്ള സംസ്ഥാന റവന്യു വരുമാനത്തിന്റെ ശതമാനമായി മദ്യ വരുമാനത്തിന്റെ പ്രാധാന്യത്തെ വിലയിരുത്തുന്നതാണു ശരി.

ബീഹാറും ഗുജറാത്തും വടക്കു - കിഴക്കൻ സംസ്ഥാനങ്ങളും ഒഴികെ കേരളമടക്കം മറ്റെല്ലാ സംസ്ഥാനങ്ങളിലും മദ്യവരുമാനം പ്രധാനപ്പെട്ടതാണ്. മുഖ്യമായും രണ്ടുതരം വരുമാനങ്ങളാണ് മദ്യത്തിൽ നിന്നുള്ളത്. ഒന്നാമത്തേത്, എക്സൈസ് നികുതിയാണ്. രണ്ടാമത്തേത്, വിൽപ്പന നികുതിയാണ്. ഓരോ സംസ്ഥാനത്തിനും ലഭിക്കുന്ന എക്സൈസ് നികുതിയുടെ താരതമ്യ കണക്കുകൾ റിസർവ്വ് ബാങ്ക് ലഭ്യമാക്കുന്നുണ്ട്. എന്നാൽ മദ്യത്തിൽ നിന്നുള്ള വിൽപ്പന നികുതിയുടെ വേർതിരിച്ചുള്ള കണക്കുകൾ ലഭ്യമല്ല.

അതുകൊണ്ട് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ മദ്യ വരുമാനത്തിന്മേലുള്ള ആശ്രിതത്വം കൂടുതലാണോ കുറവാണോയെന്ന് കൃത്യമായി പറയാനാവില്ല. എക്സൈസ് നികുതി വരുമാനത്തിന്റെ താരതമ്യം നോക്കുമ്പോൾ കേരളം വളരെ പിന്നിലാണ്. 2020-21-ൽ സംസ്ഥാനങ്ങളുടെ റവന്യു വരുമാനത്തിന്റെ ഷെയർ ആയി എക്സൈസ് വരുമാനം നോക്കിയാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കുറവ് കേരളത്തിലാണ്. തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങളുടെ ശരാശരി കേരളത്തിന്റെ നാല് മടങ്ങിലേറെയാണ്.

തമിഴ്‌നാട് ധനമന്ത്രിയുടെ പ്രസ്‌താവന പ്രകാരം തമിഴ്‌നാട്ടിൽ മദ്യത്തിന്റെ എക്സൈസും വിൽപ്പന നികുതിയും അടക്കമുള്ള വരുമാനം 30-35 ആയിരം കോടി രൂപയാണ്. കേരളത്തിന്റെ 2.5 മടങ്ങിലേറെ. മൊത്തം റവന്യു വരുമാനത്തിന്റെ ശതമാനമായി കണക്കാക്കിയാൽ ഇത് 16-17 ശതമാനം വരും. കേരളത്തിലെ മദ്യ വരുമാനത്തിന്റെ തോത് മൊത്തം റവന്യു വരുമാനത്തിന്റെ 12-14 ശതമാനം മാത്രമാണെന്നു നാം കണ്ടൂവല്ലോ. കർണ്ണാടകയുമായി താരതമ്യപ്പെടുത്തിയാൽ സ്ഥിതി ഏതാണ്ട് ഇതു തന്നെയായിരിക്കും. എന്നാലും കേരളം മദ്യ വരുമാനം ഒന്നുകൊണ്ടു മാത്രം മുങ്ങിത്താഴാതെ രക്ഷപ്പെടുന്ന ഒരു സംസ്ഥാനമാണെന്ന പൊതുബോധ്യം ഉണ്ടാക്കുന്നതിൽ ദുഷ്പ്രചാരകർ ഏറെ വിജയിച്ചിട്ടുണ്ട്.

മനോരമ.കോമിന്റെ ഏറ്റവും പുതിയ ഞെട്ടിപ്പിക്കുന്ന വാർത്തയെക്കുറിച്ച് ഗോപകുമാർ മുകുന്ദൻ (https://www.facebook.com/gopakumar.mukundan.7/posts/pfbid02yxda2nE68Vm4cop6EaHnoJdDcJ6JCFbFuHzXsc5YBdbfA64WrePtnrD9HidutaW2l) വിശദമായി എഴുതിയതുകൊണ്ട് കൂടുതൽ പറയുന്നില്ല.

ഗോപകുമാർ മുകുന്ദന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

“സ്റ്റാലിൻ നടത്തിയത് ഒരൊറ്റ വിദേശ യാത്ര, കിട്ടി 1600 കോടി, വരുമാനം കൂട്ടി, കടം കുറച്ച് തമിഴ്നാട്” എന്നാണു തലവാചകം. തഴ്മിനാടുമായി താരതമ്യപ്പെടുത്തി കേരളം മുടിയുകയാണ് എന്നതാണ് ഈ ലേഖനത്തിന്റെയും ലക്ഷ്യം. “കേരളം അടക്കം മറ്റ് സംസ്ഥാനങ്ങൾ കടമെടുത്ത് കൂട്ടുമ്പോൾ വരുമാനം കൂട്ടി കടഭാരം 57 ശതമാനം കുറച്ച് തമി‌ഴ്‌നാട് സർക്കാർ മുന്നോട്ടു പോകുകയാണ്” എന്നു പറഞ്ഞാണ് ലേഖനം ആരംഭിക്കുന്നതു തന്നെ.

മേൽപ്പറഞ്ഞ നിഗമനത്തിന് ആധാരമാക്കുന്ന സി&എജിയുടെ സംസ്ഥാന ധനസ്ഥിതികളെക്കുറിച്ചുള്ള താരതമ്യ പഠനത്തിൽ കേരളത്തെക്കുറിച്ചു നൽകിയിരിക്കുന്ന കണക്കുകൾ പരിശോധിക്കുകപോലും ചെയ്യാതെയാണ് തമിഴ്നാടിനെക്കുറിച്ചുള്ള പുകഴ്ത്തൽ. ഇതു ചെയ്തിരുന്നൂവെങ്കിൽ 2021-22 ജൂലൈ വരെയുള്ള കണക്ക് എടുത്താൽ തമിഴ്‌നാട് പോലെ തന്നെ കേരളവും കടമെടുക്കുന്നതു കുറഞ്ഞിട്ടുള്ളതായി കാണാമായിരുന്നു. തമിഴ്നാട് കടം എടുത്തത് മുൻവർഷത്തെ അപേക്ഷിച്ച് 57 ശതമാനം കുറഞ്ഞപ്പോൾ കേരളം 64 ശതമാനം കുറഞ്ഞു. തമിഴ്നാടിന്റെ നികുതി വരുമാനം ജൂലൈവരെയുള്ള കാലയളവിൽ 50 ശതമാനം മുൻവർഷത്തെ അപേക്ഷിച്ച് ഉയർന്നപ്പോൾ കേരളത്തിന്റേത് 53 ശതമാനം ഉയർന്നു. ഈ പ്രവണത തുടർന്നാൽ തമിഴ്നാടിന്റെയും കേരളത്തിന്റേയും ധന കമ്മിയും റവന്യു കമ്മിയും മുൻവർഷത്തെ അപേക്ഷിച്ച് കുറയും.

മനോരമ ലേഖകൻ ഒരു വിശദീകരണം തരുമെന്നു പ്രതീക്ഷിക്കുകയാണ്. ആളുകൾക്ക് രാഷ്ട്രീയ പക്ഷപാതിത്വം അനുസരിച്ചു വ്യത്യസ്ത അഭിപ്രായങ്ങൾ കാണും. അതു സ്വാഭാവികം. പക്ഷേ കണക്കുകൾ ഇങ്ങനെ വളച്ചൊടിക്കാമോ?. റിസർവ്വ് ബാങ്കിന്റെ റിപ്പോർട്ടിലെ ഏതു കണക്കു എടുത്തിട്ടാണ് നിങ്ങൾ കേരളം മുടിയുകയാണെന്നും കടം കുമിയുകയാണെന്നും വരുമാനം വർദ്ധിപ്പിക്കുന്നില്ല എന്നും മറ്റുമുള്ള ആക്ഷേപങ്ങൾ ചൊരിയുന്നത്? എന്തു കണക്ക് വച്ചാണ് ഈ സംസ്ഥാനത്തിനു മേൽ ശാപവചനങ്ങൾ ചൊരിയുന്നത്?.

എന്തിനാണ് ഈ ദുഷ്പ്രചാരണമെന്നു ഞങ്ങൾക്കു മനസിലാകുന്നുണ്ട്. അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് കേരളത്തിന്റെ ധനകാര്യത്തിനു കൂച്ചുവിലങ്ങിട്ട് പ്രതിസന്ധി സൃഷ്‌ടിക്കുന്നതിനുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാർ അണിയറയിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനുള്ള അന്തരീക്ഷം ഒരുക്കുകയാണ് നിങ്ങൾ എല്ലാവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top