27 April Saturday

കേന്ദ്രം നികുതി കൂട്ടിയത് 12 തവണ, വർധിപ്പിച്ച നികുതി മുഴുവൻ കുറയ്‌ക്കുക തന്നെ വേണം: തോമസ് ഐസക്

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

തിരുവനന്തപുരം> 12 തവണ നികുതി വർധിപ്പിച്ചിട്ടാണ് കേന്ദ്രസർക്കാർ ഇപ്പോൾ നികുതി കുറച്ചിരിക്കുന്നതെന്നും മോഡി സർക്കാർ വർദ്ധിപ്പിച്ച നികുതികൾ സമ്പൂർണ്ണമായി പിൻവലിച്ചേ തീരൂ എന്നും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ്‌ ഐസക്‌ പറഞ്ഞു.  

ബിജെപി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പെട്രോളിന് 9.48 രൂപയും, ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്ര നികുതി. എന്നാൽ മോഡി സർക്കാർ 12 തവണകളായി പെട്രോളിന് 26.77 രൂപയും, ഡീസലിന് 31.47 രൂപയും നികുതി വർദ്ധന അടിച്ചേല്പിച്ചു. ഈ കൊടിയ വിലക്കയറ്റത്തിൻ്റെ നാളിലും പെട്രോളിനും, ഡീസലിനും വർദ്ധിപ്പിച്ച നികുതി പൂർണ്ണമായി പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. ഇപ്പോഴും മോഡി സർക്കാർ വർദ്ധിപ്പിച്ച നികുതിയിൽ പെട്രോളിനു മേൻ 12.27 രൂപയും, ഡീസലിനു മേൽ 10.47 രൂപയും പിൻവലിക്കാൻ ബാക്കി കിടക്കുകയാണെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

ഫെയ്‌സ്‌ബുക്ക് കുറിപ്പ്

വിലക്കയറ്റത്തിന് കാരണമെന്ത്? ലളിതമായ ഉത്തരം, ലഭ്യതയെക്കാൾ ഉയർന്നതാണ് ആവശ്യമെങ്കിൽ വില ഉയരും എന്നതാണ്. സപ്ലൈ ആൻഡ് ഡിമാൻഡ് തമ്മിലുള്ള പൊരുത്തക്കേടാണ് വിലക്കയറ്റം സൃഷ്ടിക്കുന്നത്. അതുകൊണ്ട്, വിലക്കയറ്റത്തിനു കാരണം ഡിമാൻഡിൻ്റെ സൈഡിലോ സപ്ലൈയുടെ സൈഡിലോ ആകാം. ഡിമാൻഡ് കൂടിയതുകൊണ്ടാണ് വിലക്കയറ്റം എന്നാണ് ഇന്ത്യയിലെ നയകർത്താക്കളുടെ അടിസ്ഥാന സമീപനം.

അതുകൊണ്ടാണ് ഡിമാൻഡ് നിയന്ത്രിക്കുന്നതിനുള്ള നടപടികൾക്ക് ഊന്നൽ നൽകുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ റിസർവ്വ് ബാങ്ക് രണ്ടു തവണ പലിശ നിരക്ക് ഉയർത്തി. രണ്ടു തവണ പണലഭ്യത കുറയ്ക്കുന്നതിനു വേണ്ടി, ബാങ്കിൽ സൂക്ഷിക്കേണ്ട പണകരുതൽ ശേഖരത്തോത് വർദ്ധിപ്പിച്ചു. ഈ നടപടികൾ സമ്പദ്ഘടനയിലെ പണലഭ്യത കുറയ്ക്കുകയും ഡിമാൻഡിനെ നിയന്ത്രിക്കുകയും ചെയ്യുമെന്നാണു ചിന്തിക്കുന്നത്.
എന്നാൽ ഇത്തരം നടപടികൾ ഭാഗികമായേ ഫലപ്രദമാകൂ. അതേസമയം, സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. കാരണം, ഇപ്പോഴത്തെ വിലക്കയറ്റത്തിൻ്റെ അടിസ്ഥാന കാരണങ്ങൾ സപ്ലൈ സൈഡിലാണ്. വിലകളെ ഡിമാൻഡ് വലിച്ചു മുകളിലേക്ക് കയറ്റുന്നതിനേക്കാൾ (demand pull), താഴത്തു നിന്ന് ഉൽപ്പാദന ചെലവ് വർദ്ധനവ് വിലകളെ മുകളിലേക്ക് തള്ളി (cost push) ഉയർത്തുകയാണ്. ഉൽപ്പാദനചെലവ് ഉയരുന്നതുമൂലമുള്ള വിലക്കയറ്റത്തെ നിയന്ത്രിക്കാൻ റിസർവ്വ് ബാങ്കിൻ്റെ പണനയം ഫലപ്രദമാകില്ല. അതിനു, ലഭ്യത വർദ്ധിപ്പിക്കാനും ഉൽപ്പാദനചെലവ് കുറയ്ക്കാനുമുള്ള നടപടികൾ വേണം.

വിലക്കയറ്റത്തിൻ്റെ മുഖ്യകാരണങ്ങൾ ഇന്ധനവില വർദ്ധനവ്, ഭക്ഷ്യധാന്യ കയറ്റുമതി, ഭക്ഷ്യഎണ്ണ ഇറക്കുമതി കുറഞ്ഞത്, കൽക്കരി ക്ഷാമം തുടങ്ങിയവയാണ്. എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യാ സർക്കാർ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. അവശ്യസാധനങ്ങളുടെ വിതരണത്തിൽ സർക്കാർ ഇടപെട്ടാൽ വിലക്കയറ്റം കുറച്ചൊക്കെ പിടിച്ചു നിർത്താനാകും. ഇതാണ് കേരളത്തിൻ്റെ അനുഭവം. അഖിലേന്ത്യാതലത്തിൽ ഉപഭോക്തൃ വിലസൂചിക വർദ്ധന 7.8 ശതമാനം ആയിരിക്കുമ്പോൾ കേരളത്തിലേത് 5 ശതമാനം മാത്രമാണ്.
ഈ പശ്ചാത്തലത്തിൽ വൈകിയാണെങ്കിലും കേന്ദ്ര സർക്കാർ പെട്രോളിന് ലിറ്ററിന് 8 രൂപയും, ഡീസലിന് 6 രൂപയും എക്സൈസ് നികുതി കുറച്ചത് സ്വാഗതാർഹമാണ്.

ബിജെപി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പെട്രോളിന് 9.48 രൂപയും, ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്ര നികുതി. എന്നാൽ മോഡി സർക്കാർ 12 തവണകളായി പെട്രോളിന് 26.77 രൂപയും, ഡീസലിന് 31.47 രൂപയും നികുതി വർദ്ധന അടിച്ചേല്പിച്ചു. ഈ കൊടിയ വിലക്കയറ്റത്തിൻ്റെ നാളിലും പെട്രോളിനും, ഡീസലിനും വർദ്ധിപ്പിച്ച നികുതി പൂർണ്ണമായി പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. ഇപ്പോഴും മോഡി സർക്കാർ വർദ്ധിപ്പിച്ച നികുതിയിൽ പെട്രോളിനു മേൻ 12.27 രൂപയും, ഡീസലിനു മേൽ 10.47 രൂപയും പിൻവലിക്കാൻ ബാക്കി കിടക്കുകയാണ്. മോഡി സർക്കാർ വർദ്ധിപ്പിച്ച നികുതികൾ സമ്പൂർണ്ണമായി പിൻവലിച്ചേ തീരൂ. ഇതിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണ് നികുതി വർദ്ധിപ്പിക്കാത്ത സംസ്ഥാനസർക്കാരുകളും നികുതി കുറയ്ക്കണമെന്നുള്ള ആവശ്യം കേന്ദ്ര ധനമന്ത്രി ഉയർത്തിയിട്ടുള്ളത്.

കേന്ദ്ര നികുതി കുറയ്ക്കുന്നതിൻ്റെ ഫലമായി വില താഴുമ്പോൾ സംസ്ഥാനങ്ങളുടെ നികുതി വരുമാനം ആനുപാതികമായി ഇടിയും. മാത്രമല്ല, സംസ്ഥാനങ്ങളുമായി പങ്കുവെക്കെണ്ടതില്ലാത്ത സെസ്സും മറ്റും കുറയ്ക്കുന്നതിനു പകരം, എക്സൈസ് നികുതി വെട്ടിക്കുറയ്ക്കുന്നതിൻ്റെ ഫലമായി സംസ്ഥാനങ്ങളുടെ കേന്ദ്ര നികുതിവിഹിതവും കുറയും. ഈ കുറവുകൾ നികത്താൻ കേന്ദ്രം ചെയ്തതു പോലെ കേരളം തങ്ങളുടെ നികുതി നിരക്ക് ഉയർത്തില്ലായെന്ന് സംസ്ഥാന ധനമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top