20 April Saturday

ജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റം കേരളത്തിന് അനിവാര്യം : ഡോ തോമസ് ഐസക്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 28, 2021

ചെന്നൈ>  മെച്ചപ്പെട്ട വികസന സൂചിക ഉറപ്പുവരുത്തുന്ന, സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ കേരള സമ്പദ് വ്യവസ്ഥയുടെ നിലവിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റം കേരളത്തിന് അനിവാര്യമാണെന്ന് ഡോ.   ടി എം തോമസ് ഐസക് . ' Transforming Kerala into a Knowledge Economy: Opportunities, Challenges, and the Way Forward' എന്ന വിഷയത്തില്‍ ഐ ഐ ടി മദ്രാസിലെ ഇടതുപക്ഷാനുഭാവികളായ പൂര്‍വ്വവിദ്യാര്‍ഥികളുടെ ആഗോള കൂട്ടായ്മ 'റിസോള്‍വ്' സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജ്ഞാന സമ്പദ് വ്യവസ്ഥ എന്നത്  ഐ ടി അനുബന്ധ വ്യവസായങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു സാധ്യമാകുന്ന ഒന്നല്ല. മറിച്ച്,  നമ്മുടെ കാര്‍ഷികമേഖലയുടെയും പാരമ്പരാഗത വ്യവസായങ്ങളുടെയും ആധുനികവല്‍ക്കരണം കൂടി അതിന് അനിവാര്യമാണ്. കാര്‍ഷികോല്‍പാദനം കൂട്ടുന്നതോടൊപ്പം അതുമായി ബന്ധപെട്ട് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്കായുള്ള വ്യവസായങ്ങളിലും നമ്മള്‍ ഊന്നല്‍ നല്‍കണം. ഇതിനായി നിലവിലെ കാര്‍ഷിക-വ്യവസായ മേഖലയുടെ ഉല്‍പാദന വ്യവസ്ഥയുടെ സാങ്കേതികാടിത്തറയെ പരിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മറ്റുപല ഭാഷാ സമൂഹങ്ങളെയും പോലെ കേരളത്തിന് പരമ്പരാഗത വ്യവസായവര്‍ഗമില്ല. ജ്ഞാനകേന്ദ്രീകൃതമായ വ്യവസായങ്ങള്‍ ലക്ഷ്യം വച്ചുള്ള പുതിയ 'സ്റ്റാര്‍ട്ട് ആപ്പ്' സംരംഭകരാണ് കേരളത്തിലെ പുതിയ വ്യവസായവര്‍ഗ്ഗം. ഇവര്‍ക്ക് വളരാന്‍ ആവശ്യമായ പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ വിദ്യാസമ്പന്നരായ ലക്ഷക്കണക്കിന് സ്ത്രീകള്‍ പലകാരണങ്ങളാല്‍ വീട്ടമ്മമാരായുണ്ട്. കോവിഡിന്റെ വരവോടെ മാറിയ തൊഴില്‍ രീതികളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ജീവിച്ചുകൊണ്ട് തന്നെ ഇവരെയെല്ലാം വിവിധ തൊഴില്‍ മേഖലയുടെ ഭാഗമാക്കാന്‍ സാധിക്കും. അതിനായി ബൃഹത്തായ പരിശീലന പരിപാടികള്‍ അനിവാര്യമാണ്. ഇതെല്ലാം സാധ്യമാക്കാന്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലോകത്തോര നിലവാരത്തിലുള്ള അറിവുല്‍പ്പാദന കേന്ദ്രങ്ങളായി മാറുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറോളം പൂര്‍വ്വ വിദ്യാര്‍ഥികള്‍ പങ്കെടുത്ത പരിപാടിയില്‍ റിസോള്‍വ് കണ്‍വീനര്‍ ശരത് കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ദീപക് ജോണ്‍സണ്‍ അധ്യക്ഷനായിരുന്നു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top