20 April Saturday

എൽഡിഎഫ്‌ സർക്കാരിനെ അട്ടിമറിക്കാമെന്നത്‌ വ്യാമോഹം: ഡോ. തോമസ്‌ ഐസക്‌

പ്രത്യേക ലേഖകൻUpdated: Tuesday Jun 28, 2022

കണ്ണൂരിൽ എൽഡിഎഫ് ബഹുജനറാലി സിപിഐ എം കേന്ദ്രക്കമ്മിറ്റി അംഗം ഡോ ടി എം തോമസ് ഐസക് ഉദ്‌ഘാടനംചെയ്യുന്നു

കണ്ണൂർ> ജനങ്ങൾ ഒപ്പമുള്ളതിനാൽ കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെ അട്ടിമറിക്കാൻ ഒരു ശക്തിക്കുമാകില്ലെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ്‌ ഐസക്‌. പിണറായി സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപിക്കും കേന്ദ്ര സർക്കാരിനും വഴിപറഞ്ഞുകൊടുക്കുന്ന കോൺഗ്രസ്‌ ഇത്‌ മനസ്സിലാക്കണം. സംസ്ഥാനത്തിന്റെ വികസനത്തിന്‌ വലിയപങ്ക്‌ വഹിക്കുന്ന കിഫ്‌ബിക്കെതിരെ കേന്ദ്രഏജൻസികളായ  ഇഡിയെയും കംസ്‌റ്റംസിനെയും വിളിച്ചുവരുത്തിയത്‌ കോൺഗ്രസാണ്‌.  കേരളത്തിന്റെ വികസനം തകർക്കുകയാണ്‌ ഇവരുടെ ലക്ഷ്യം. വികസനം തടയാൻ വന്നാൽ ജനങ്ങൾ അനുവദിക്കില്ല. അതാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ കരുത്ത്‌. എൽഡിഎഫ്‌ ജില്ലാ ബഹുജനറാലി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഇഡിയെ ക്ഷണിക്കുകയും ഡൽഹിയിൽ  ഈ കേന്ദ്ര ഏജൻസിക്കെതിരെ സമരം നടത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ്‌ കോൺഗ്രസിന്റേത്‌. രാഷ്‌ട്രീയ എതിരാളികളെ ഉന്മൂലനംചെയ്യാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്ന ബിജെപിയുടെ രാഷ്‌ട്രീയം തിരിച്ചറിയാൻ കോൺഗ്രസിനാകുന്നില്ല.  ഈ കുത്സിത നീക്കത്തിനെതിരെ ഉറച്ച നിലപാട്‌ സ്വീകരിക്കുന്നത്‌ ഇടതുപക്ഷമാണ്‌. ഗുജറാത്തിലെ കലാപ ഇരകൾക്കുവേണ്ടി പോരാടിയ ടീസ്‌ത സെതൽവാദിന്റെയും മുൻ ഗുജറാത്ത്‌  ഡിജിപി ആർ ബി ശ്രീകുമാറിന്റെയും അറസ്‌റ്റിൽ പ്രതിഷേധിക്കാൻപോലും  കോൺഗ്രസിനായില്ല.  ഗുജറാത്തിൽ കോൺഗ്രസ്‌ എംപി ഉൾപ്പെടെയുള്ളവരെ ചുട്ടുകൊന്ന കേസിൽ   സുപ്രീംകോടതി വിധിക്കെതിരെ പ്രതികരിക്കാനും കോൺഗ്രസ്‌ തയ്യാറായില്ല.

ബിജെപിയുടെ ഒത്താശയോടെ സ്വർണക്കടത്ത്‌ കേസ്‌ പ്രതി സ്വപ്‌ന സുരേഷിന്റെ തിരക്കഥയിൽ ഒടുവിൽ ഇറങ്ങിയ സിനിമ  റിലീസിനുമുമ്പേ പൊട്ടി. കേരളത്തിൽ ബിജെപിയുടെ ഗ്രാഫ്‌ എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നതോടെ കുത്തനെ താഴുകയാണ്‌. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും ഇതാണ്‌ കണ്ടത്‌. കേരളത്തിൽ പച്ചതൊടാൻ പറ്റില്ലെന്ന്‌ ബോധ്യമായ ബിജെപി കേന്ദ്രസർക്കാരിനെ ഉപയോഗിച്ച്‌ കേരളത്തെ സാമ്പത്തികമായി തകർക്കാൻ ശ്രമിക്കുകയാണെന്നും ഐസ്‌ക്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top