18 April Thursday

കടക്കെണിയെന്ന നുണപ്രചാരണം വികസനം തടയാൻ: തോമസ്‌ ഐസക്‌

പ്രത്യേക ലേഖകൻUpdated: Sunday Jan 15, 2023

കൊച്ചി> കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനൊപ്പം സംസ്ഥാനം കടക്കെണിയിലാണെന്ന് വരുത്തിത്തീർക്കാനുള്ള കേന്ദ്രസർക്കാർ പ്രചാരണം പൊതുബോധമാക്കാൻ ഒരുവിഭാഗം മാധ്യമങ്ങൾ ശ്രമിക്കുകയാണെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ്‌ ഐസക്‌ പറഞ്ഞു. ‘കേന്ദ്രം കേരളത്തെ ഞെരുക്കുന്നു’ വിഷയത്തിൽ കൊച്ചി ദേശാഭിമാനിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
‘‘കോവിഡിനെ കാര്യക്ഷമമായി നേരിടാനായതും ക്ഷേമപ്രവർത്തനങ്ങളും കിഫ്‌ബി ഫണ്ട്‌ സഹായത്തോടെ വൻ വികസനനിക്ഷേപം നടത്താനായതുമാണ്‌ കേരളത്തിൽ തുടർഭരണത്തിന്‌ കാരണമായതെന്ന്‌ കേന്ദ്രസർക്കാറിനറിയാം. ഇനി വികസനം നടത്താൻ അനുവദിക്കാനാകില്ലെന്ന നിലപാടിലാണ്‌ കേന്ദ്രം.

കിഫ്‌ബി ധനസമാഹരണം സംസ്ഥാനത്തിന്റെ വായ്‌പയായി കണക്കാക്കിയത്‌ ഈ  ലക്ഷ്യത്തോടെയാണ്‌. 36,000 കോടി രൂപ വായ്‌പ എടുക്കാൻ സംസ്ഥാനത്തിന്‌ അർഹതയുള്ളപ്പോൾ പരിധി 26,000 കോടിയാക്കി വെട്ടിക്കുറച്ച്‌ പ്രതിസന്ധിയിലാക്കുന്നു. സംസ്ഥാനത്തിന്റെ കടം ജിഡിപിയുടെ 36 ശതമാനംമാത്രമായി കുറയുകയാണ്‌. നേരത്തേ ഇത്‌ 37 ആയിരുന്നു. ഏത്‌ മികച്ച സമ്പദ്‌വ്യവസ്ഥയിലും ഇതിനേക്കാൾ കൂടുതൽ കടം ആകാറുണ്ട്‌. വായ്‌പയുടെ പലിശനിരക്ക്‌ ജിഡിപിയുടെ വളർച്ചനിരക്കിനേക്കാൾ താഴ്‌ന്നതാണെങ്കിൽ അത്‌ താങ്ങാവുന്ന കടമാണെന്നാണ്‌ സാമ്പത്തികശാസ്‌ത്രം പറയുന്നത്‌. കേരളത്തിന്റെ വായ്‌പ പലിശനിരക്ക്‌ ഇപ്പോഴും ഈ പരിധിക്കുള്ളിലാണ്‌’’ – -തോമസ്‌ ഐസക്‌ പറഞ്ഞു.

ദേശാഭിമാനി അസോസിയറ്റ്‌ എഡിറ്റർ സി ശ്രീകുമാർ അധ്യക്ഷനായി. സിപിഐ എം ദേശാഭിമാനി കൊച്ചി ലോക്കൽ സെക്രട്ടറി എ ബി അജയഘോഷ്‌, യൂണിറ്റ്‌ മാനേജർ ടി വി ശ്രീകുമാർ, വി എസ്‌ സജീവൻ എന്നിവർ സംസാരിച്ചു. ദേശാഭിമാനി പത്രപ്രചാരണത്തിൽ ഏറ്റവും കൂടുതൽ വാർഷിക വരിക്കാരെ ചേർത്ത ജീവനക്കാർക്ക് തോമസ്‌ ഐസക്‌ സമ്മാനം നല്‍കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top