27 April Saturday

ജ്വലിച്ച് പോരാട്ടസ്‌മരണ: തോൾശീലൈ പോരാട്ടത്തിന്‌ 200 വയസ്സ്

സുനീഷ്‌ ജോUpdated: Tuesday Mar 7, 2023

നാഗർകോവിൽ > മനുസ്മൃതിവാദികൾക്ക് പ്രഹരമേൽപ്പിച്ച് തോൾ ശീലൈ പോരാട്ടത്തിന്റെ ഇരുനൂറാം വാർഷികാഘോഷം. ആഘോഷം  മുടക്കാൻ സംഘപരിവാർ കന്യാകുമാരി ജില്ലാ കലക്ടറെ സമീപിച്ചിരുന്നു. ആഘോഷം ജാതികൾ തമ്മിൽ വിദ്വേഷമുണ്ടാക്കുമെന്നായിരുന്നു വാദം. പരാതി കലക്ടർ തള്ളുകയും അനുമതി നൽകുകയുമായിരുന്നുവെന്ന് പരിപാടിയുടെ കോ–- ഓർഡിനേഷൻ കൺവീനർ എ വി ബെല്ലാർമിൻ പറഞ്ഞു. ബിജെപി, എഐഎഡിഎംകെ എന്നീ പാർടികൾ ഒഴികെ മറ്റെല്ലാ പാർടികളും ആഘോഷവുമായി സഹകരിച്ചു.

മാർക്സിസം ഇവിടെയുള്ളതല്ലെന്ന് പറഞ്ഞ് പാർടിയെ ആക്രമിക്കുകയാണ് ബിജെപി നോമിനിയായ ഗവർണർ ആർ എൻ രവിയെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഉഷ ഭാസി പറഞ്ഞു. ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുകയാണ് ബിജെപിയും ഗവർണറും. ബിഹാറിൽനിന്നുള്ള തൊഴിലാളികൾക്ക് തമിഴ്നാട്ടിൽ പീഡനമേൽക്കുകയാണെന്ന് കള്ളം പ്രചരിപ്പിക്കുന്ന ബിജെപി നേതാക്കളുടെ വാട്‌സാപ്‌ സന്ദേശവും പോസ്റ്റുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആരാണ് വിദ്വേഷമുണ്ടാക്കുന്നതെന്ന് ഇതിലൂടെ ജനങ്ങൾ തിരിച്ചറിഞ്ഞെന്നും അവർ പറഞ്ഞു.

വാർഷികവുമായി ബന്ധപ്പെട്ട്  വരും വർഷങ്ങളിൽ കൂടുതൽ ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന് എ വി ബെല്ലാർമിൻ പറഞ്ഞു. തോൾ ശീലൈ സമരത്തിന്റെ ചരിത്രം വിവരിക്കുന്ന കൈപ്പുസ്തകങ്ങൾ വിതരണം ചെയ്തിരുന്നു. അടിമത്തത്തിൽനിന്നുള്ള വിമോചന പോരാട്ടങ്ങളുടെ സ്മരണകൾ ഫാസിസത്തിനെതിരെയുള്ള ചെറുത്തുനിൽപ്പിന് ശക്തി പകരുമെന്നും അദ്ദേഹം പറഞ്ഞു.

മഹാസമ്മേളനത്തിന് പതിനായിരങ്ങൾ

"ഊഴിയ വേല ചെയ്യില്ല, തോൾ ശീല ഞങ്ങൾക്ക് അവകാശം' മനുഷ്യരായി ജീവിക്കാൻ ജനതനടത്തിയ പോരാട്ടം ഏറ്റെടുത്ത് കേരളവും തമിഴ്നാടും. തെക്കൻ തിരുവിതാംകൂറിൽ ഉയർന്ന തോൾ ശീലൈ പോരാട്ടത്തിന്റെ 200–-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നാഗർകോവിലിൽ സംഘടിപ്പിച്ച മഹാസമ്മേളനത്തിന് ഇരുസംസ്ഥാനങ്ങളിൽനിന്നുമായി എത്തിയത് പതിനായിരങ്ങൾ.

തമിഴ്‌നാട്‌ മതനിരപേക്ഷ പുരോഗമന മുന്നണിയുടെ നേതൃത്വത്തിൽ  നാഗരാജ സ്‌റ്റേഡിയത്തിലായിരുന്നു സമ്മേളനം. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. സിപിഐ എം കന്യാകുമാരി ജില്ലാ സെക്രട്ടറിയറ്റ്‌ അംഗവും കോ–- ഓർഡിനേഷൻ കൺവീനറുമായ എ വി ബെല്ലാർമിൻ അധ്യക്ഷനായി.  തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, സിപിഐ എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണൻ, ഐടി മന്ത്രി മനോ തങ്കരാജ്, തോൽ തിരുമാവലൻ എംപി, സിപിഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം വീരപാണ്ഡ്യൻ, നാഗർകോവിൽ മേയർ ആർ മഹേഷ്‌,  ബാലപ്രജാപതി തുടങ്ങിയവർ സംസാരിച്ചു.  കന്യാകുമാരി ജില്ലാ സെക്രട്ടറി ആർ ചെല്ലസ്വാമി സ്വാഗതം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top