19 March Tuesday
12 കോടി ടിഇ 645465 ടിക്കറ്റിന്

ഓണം ബമ്പറടിച്ചു!!.. ഒന്നാം സമ്മാനം ഈ നമ്പറിന്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021


തിരുവനന്തപുരം
ഇത്തവണത്തെ ഓണം ബമ്പർ എറണാകുളം തൃപ്പൂണിത്തുറയിൽ വിറ്റ ടിഇ 645465 ഭാഗ്യക്കുറിക്ക്‌. തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറീസ്‌ കൗണ്ടറിൽനിന്ന്‌ വിറ്റ ടിക്കറ്റിനാണ് 12 കോടി രൂപ സമ്മാനം. കൊല്ലം കരുനാഗപ്പള്ളി സബ്‌ ഓഫീസിൽനിന്ന്‌ വിതരണം ചെയ്ത ടിക്കറ്റ്‌ കോട്ടയത്തുള്ള മുരുകേഷ് തേവർ എന്ന ഏജന്റാണ്‌ വാങ്ങിയത്. 2020ലും എറണാകുളം ജില്ലയിൽ വിറ്റ ടിക്കറ്റിനായിരുന്നു ബമ്പർ. ടിഎ, ടിബി, ടിസി, ടിഡി, ടിഇ, ടിജി എന്നിങ്ങനെ ആറ്‌ സീരീസിലാണ്‌ അച്ചടിച്ചത്‌.

അച്ചടിക്കാനാവുന്ന  54 ലക്ഷം ടിക്കറ്റും ഇത്തവണ പുറത്തിറക്കി. ഇത്‌ പൂർണമായും വിറ്റു. തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള ഗോർക്കി ഭവനിൽ ഞായർ പകൽ രണ്ടിനാണ്‌ നറുക്കെടുപ്പ് നടന്നത്. ധനമന്ത്രി കെ എൻ ബാല​ഗോപാൽ ബമ്പർ ടിക്കറ്റും രണ്ടാം സമ്മാനം മന്ത്രി ആന്റണി രാജുവും നറുക്കെടുത്തു. ലോട്ടറി ക്ഷേമനിധി ബോർഡ്‌ ചെയർമാൻ പി ആർ ജയപ്രകാശ്‌‌, ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടർ നൗഷാദ്, ‌നഗരസഭാ കൗൺസിലർ പാളയം രാജൻ എന്നിവരും  പങ്കാളികളായി.

ആറുപേർക്ക് ഒരുകോടി
ഓണം ബമ്പറിൽ രണ്ടാം സമ്മാനമായി ഒരുകോടി രൂപ  വീതം ആറുപേർക്കാണ് ലഭിച്ചത്. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടുപേർക്ക് വീതം. മൂന്നാം സമ്മാനം ഓരോ സീരീസിലും രണ്ടുപേർക്ക് 10 ലക്ഷമാണ്. സമാശ്വാസ സമ്മാനമായി ബമ്പറിന്റെ അതേ നമ്പറിൽ മറ്റ് സീരീസിലുള്ള ടിക്കറ്റിന്‌ അഞ്ചുലക്ഷം രൂപ വീതവും ലഭിക്കും. അഞ്ചുലക്ഷം, ഒരു ലക്ഷം, 5000, 3000, 2000, 1000 എന്നിങ്ങനെ വിവിധ സമ്മാനങ്ങളുമുണ്ട്‌. ചടങ്ങിൽ പൂജാ ബമ്പർ ഭാഗ്യക്കുറി മന്ത്രി കെ എൻ ബാലഗോപാൽ പി ആർ ജയപ്രകാശിന്‌ നൽകി പ്രകാശിപ്പിച്ചു. 200 രൂപയാണ്‌ ടിക്കറ്റ്‌ വില. ഒന്നാം സമ്മാനം അഞ്ചുകോടി.

ധനവിനിയോഗ ക്ലാസ്‌
സമ്മാനത്തുകയുടെ കൃത്യമായ വിനിയോഗം, നിക്ഷേപം തുടങ്ങിയ കാര്യങ്ങളിൽ തിരുവോണം ബമ്പർ ലഭിച്ച ഭാഗ്യശാലിക്ക് ലോട്ടറി വകുപ്പിന്റെ നേതൃത്വത്തിൽ ക്ലാസുകൾ നൽകുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top