18 December Thursday
കെ സി ജോസഫിനെതിരെ 
നടപടിയാവശ്യപ്പെട്ട്‌ 
തിരുവഞ്ചൂർ

സോളാർ ഗൂഢാലോചന ; കുന്തമുന തിരുവഞ്ചൂരിനുനേരെ ; മലക്കംമറിഞ്ഞ്‌ യുഡിഎഫ്‌ , തുടരന്വേഷണം വേണ്ടെന്ന്‌ 
എം എം ഹസ്സൻ

ദിനേശ്‌ വർമUpdated: Wednesday Sep 13, 2023


തിരുവനന്തപുരം
ലൈംഗിക പീഡനമടക്കം സോളാർ കേസുകൾ പൊതുമധ്യത്തിലെടുത്തിട്ട്‌ പുലിവാലുപിടിച്ച്‌ കോൺഗ്രസ്‌ നേതൃത്വം. ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന്‌ നീക്കി കസേര തട്ടിയെടുക്കാൻ ശ്രമിച്ചവരിൽ തിരുവഞ്ചൂർ രാധാകൃഷ്ണനുനേരെയാണ്‌ തെളിവുകളുടെയും ആരോപണങ്ങളുടെയും കുന്തമുന. ഉമ്മൻചാണ്ടിയെ നാണം കെടുത്തി ഇറക്കിവിടാൻ കോൺഗ്രസ്‌ നേതാക്കൾ സോളാർ കേസ്‌ സമർഥമായി ഉപയോഗിച്ചുവെന്നാണ്‌ തെളിയുന്നത്‌. 

തിരുവഞ്ചൂരിനെതിരെ മുമ്പും ഈ ആരോപണമുയർന്നെങ്കിലും കൂടുതൽ വ്യക്തത വരുത്തുന്ന വിവരങ്ങളാണ്‌ പുറത്തുവരുന്നത്‌. ഇനിയും വെളിപ്പെടുത്തലുകൾ വരാനുണ്ടെന്നും കോൺഗ്രസ്‌ വൃത്തങ്ങൾ സൂചന നൽകി.  ഉമ്മൻചാണ്ടിയുടെ പേരുള്ള, പരാതിക്കാരിയുടെ കത്ത്‌ പുറത്തുവരാൻ അതിയായ താൽപ്പര്യം കാണിച്ച്‌ അന്ന്‌ മന്ത്രിസഭയിലുണ്ടായിരുന്ന മുൻ ആഭ്യന്തരമന്ത്രിമാർ ചില ദൂതർ വഴി തന്നെ സമീപിച്ചിരുന്നുവെന്ന്‌ ദല്ലാൾ നന്ദകുമാർ വ്യക്തമാക്കിയിട്ടുണ്ട്‌.  

മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയെപ്പോലും അറിയിക്കാതെയായിരുന്നു സോളാർ കേസിൽ തിരുവഞ്ചൂർ നടത്തിയ അറസ്റ്റും മറ്റു ചില നടപടികളുമെന്നും ഉമ്മൻചാണ്ടിയെ ഇത്‌ അത്ഭുതപ്പെടുത്തിയെന്നുമാണ്‌ മുതിർന്ന നേതാവ്‌ കെ സി ജോസഫ്‌ സാക്ഷ്യപ്പെടുത്തിയത്‌. ദീർഘകാലം ഉമ്മൻചാണ്ടിക്കൊപ്പംനിന്ന തിരുവഞ്ചൂർ നിർണായക ഘട്ടത്തിൽ കൂറുമാറി വഞ്ചിച്ചുവെന്നാണ്‌ എ ഗ്രൂപ്പുകാരുടെ ആക്ഷേപം. തിരുവഞ്ചൂർ, സോളാർ കേസിലെ പ്രതികളുമായി പല സ്ഥലങ്ങളിൽ വച്ച്‌ കണ്ടിരുന്നുവെന്നതും ആരോപണങ്ങളെ സാധൂകരിക്കുന്നു. ശാലുമേനോന്റെ കുടുംബവുമായി ബന്ധമുണ്ടെന്നും ബിജു രാധാകൃഷ്ണൻ, പരാതിക്കാരി എന്നിവരുമായി സംസാരിച്ചിട്ടുണ്ടെന്നും ശിവരാജൻ കമീഷന്‌ അദ്ദേഹം മൊഴി കൊടുത്തിട്ടുണ്ട്‌. സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കൂട്ടിക്കെട്ടാനാവശ്യമായ വിവരങ്ങളും അദ്ദേഹത്തിന്റെ മൊഴിയിലുണ്ട്‌.

കെ സി ജോസഫിനെതിരെ 
നടപടിയാവശ്യപ്പെട്ട്‌ 
തിരുവഞ്ചൂർ
സോളാർ കേസിൽ ഒളിയമ്പെയ്‌ത കെ സി ജോസഫിനെതിരെ നടപടിയാവശ്യപ്പെട്ട്‌ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ നേതൃത്വത്തെ സമീപിച്ചു. കാര്യങ്ങൾ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അവർ നിലപാട്‌ വ്യക്തമാക്കിയശേഷം വീണ്ടും കാണാമെന്നും നിയമസഭയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ തിരുവഞ്ചൂർ പ്രതികരിച്ചു. യുഡിഎഫിലെ രണ്ട് മുൻ ആഭ്യന്തരമന്ത്രിമാർക്കെതിരായ ആരോപണം എന്തുകൊണ്ടെന്ന്‌ അറിയില്ല. അതിന്‌ മറുപടി പറയുന്നില്ല.  ഉമ്മൻചാണ്ടിയെ താഴെയിറക്കാനുള്ള ചിന്തയേ ഉണ്ടായിരുന്നില്ല. രമേശ് ചെന്നിത്തലയുടെ കാര്യം അദ്ദേഹം പറയട്ടെയെന്നും തിരുവഞ്ചൂർ പറഞ്ഞു.

തുടരന്വേഷണം വേണ്ടെന്ന്‌ 
എം എം ഹസ്സൻ
സോളാർ കേസിൽ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്ന്‌ യുഡിഎഫ്‌ കൺവീനർ എം എം ഹസ്സൻ. സിബിഐയേക്കാൾ വലിയ അന്വേഷണ ഏജൻസിയില്ലെന്നും യുഡിഎഫ്‌ ഏകോപന സമിതി യോഗത്തിനുശേഷം എം എം ഹസ്സൻ മാധ്യമങ്ങളോട്‌ പറഞ്ഞു. സിബിഐ റിപ്പോർട്ടിലെ കണ്ടെത്തലുകളെ യുഡിഎഫ്‌ സ്വാഗതം ചെയ്യുന്നു. നന്ദകുമാർ പറഞ്ഞതിനോട്‌ പ്രതികരിക്കാനില്ലെന്നും അദേഹം പറഞ്ഞു. സിബിഐ സോളർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ ഗൂഡാലോചന നടത്തിയവർക്ക്‌ എതിരെ അന്വേഷണം വേണമെന്ന്‌ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ സഭയിൽ ആവശ്യപ്പെട്ടിരുന്നു.

മലക്കംമറിഞ്ഞ്‌ യുഡിഎഫ്‌
സോളാർ ലൈംഗികാരോപണക്കേസിൽ തുടരന്വേഷണമെന്ന ആവശ്യത്തിൽ മലക്കംമറിഞ്ഞ്‌ യുഡിഎഫ്‌. അന്വേഷണം വേണ്ടെന്ന്‌ യുഡിഎഫ്‌ യോഗത്തിന്റെ അഭിപ്രായമായി കൺവീനർ എം എം ഹസ്സനാണ്‌ മാധ്യമങ്ങളോടു പറഞ്ഞത്‌. നേരത്തേ സിബിഐ റിപ്പോർട്ട്‌ പുറത്തുവന്നശേഷം ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ്‌ യുഡിഎഫ്‌ നേതാക്കൾ പറഞ്ഞിരുന്നത്‌. അന്വേഷണം ആകാമെന്ന്‌ മുഖ്യമന്ത്രി നിയമസഭയിൽ അറിയിക്കുകയും ചെയ്‌തു.

സിബിഐയും ഇഡിയും അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ കോൺഗ്രസ്‌ ദേശീയ നേതൃത്വം പ്രക്ഷോഭത്തിലാണ്‌. എന്നാൽ, സിബിഐയേക്കാൾ വലിയ ഏജൻസി ഇല്ലെന്നാണ്‌ യുഡിഎഫ്‌ കൺവീനറുടെ പക്ഷം. സോളാർ ലൈംഗികാരോപണക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക്‌ എതിരായ പരാതിയിൽ തെളിവില്ലെന്ന്‌ മാത്രമാണ്‌ സിബിഐ കണ്ടെത്തൽ. എന്നാൽ, ചില മൊഴികളുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയ എതിരാളികളുടെ ‘ഗൂഢാലോചന’യുണ്ടെന്ന്‌ വരുത്തിത്തീർക്കാനുമുള്ള ശ്രമത്തിലാണ്‌ യുഡിഎഫ്‌ നേതൃത്വം. ഉമ്മൻ ചാണ്ടിക്കെതിരെ ഉയർന്ന വിഷയത്തിൽമാത്രം ലഭിച്ച ആനുകൂല്യം സാമ്പത്തിക തട്ടിപ്പുകേസിലും ലൈംഗികാരോപണത്തിലും കോൺഗ്രസിലെ മറ്റ്‌ നേതാക്കൾക്കുകൂടി ലഭ്യമാക്കുകയെന്ന തന്ത്രമാണ്‌ പയറ്റാനൊരുങ്ങുന്നത്‌. യുഡിഎഫ്‌ നേതാക്കളുടെതന്നെ ഗൂഢാലോചനയിൽ ഉദയംകൊണ്ട സോളാർ കേസിന്റെ പേരിൽ ‘മുഖ്യമന്ത്രി രാജിവയ്‌ക്കുക’ എന്ന പതിവ്‌ മുദ്രാവാക്യം ഉയർത്താനാണ്‌ ധാരണ.

അതേസമയം, മുന്നണി വിപുലീകരണമുണ്ടായാൽ കേരള കോൺഗ്രസ്‌ (മാണി) ഗ്രൂപ്പിനെ യുഡിഎഫിൽ എടുക്കരുതെന്ന്‌ പി ജെ ജോസഫ്‌ വിഭാഗം ആവശ്യപ്പെട്ടു. പി ജെ ജോസഫും തോമസ്‌ ഉണ്ണിയാടനും പി സി തോമസുമാണ്‌ ആവശ്യം ഉന്നയിച്ചത്‌. മാണി സി കാപ്പനും  പിന്തുണച്ചു. കേരള കോൺഗ്രസിന്റെ ബലം പുതുപ്പള്ളിയിൽ തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണ്‌ കാരണമായി ജോസഫ്‌ ഗ്രൂപ്പ്‌ നേതാക്കൾ എടുത്തുകാട്ടുന്നത്‌. പാലായിൽ തനിക്ക്‌ 15,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചതും കാപ്പൻ ചൂണ്ടിക്കാട്ടി. എന്നാൽ, ചർച്ചയിലേക്ക്‌ കടക്കാൻ കോൺഗ്രസ്‌ നേതൃത്വം തയ്യാറായില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top