28 March Thursday

അദാനി ക്വോട്ട് ചെ‌യ്‌ത തുകയ്‌ക്ക്‌ വിമാനത്താവളം ഏറ്റെടുക്കാമെന്ന്‌ സംസ്ഥാന സർക്കാർ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 7, 2020

കൊച്ചി > അദാനി ക്വോട്ട് ചെയ്‌ത തുകയ്‌ക്ക്‌ തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ്‌ ഏറ്റെടുക്കാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ
അറിയിച്ചു. ഇക്കാര്യം കാണിച്ച് സംസ്ഥാനം കത്ത് നൽകിയിട്ടും കേന്ദ്രം അവഗണിച്ചെന്നും സർക്കാർ വ്യക്തമാക്കി. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയതിനെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.

മുൻപരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് വിമാനത്താവള നടത്തിപ്പ് നൽകിയത്‌ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. മുൻപരിചയമുള്ള സർക്കാരിനെ അവഗണിച്ച്,
സർക്കാരിന്റെ ഭൂമിയിൽ പ്രവർത്തിക്കുന്ന വിമാനത്താവളം സ്വകാര്യ ഗ്രൂപ്പിന് കൈമാറിയത് പൊതുതാൽപ്പര്യത്തിന് എതിരാണെന്നും സർക്കാർ ബോധിപ്പിച്ചു. ജസ്റ്റിസുമാരായ കെ വിനോദ ചന്ദ്രനും സി എസ് ഡയസും അടങ്ങുന്ന ബെഞ്ച് മുമ്പാകെ സർക്കാരിന്റെ പ്രാഥമിക വാദം പൂർത്തിയായി. സർക്കാരിനുവേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ വികാസ് സിങ്‌ ഹാജരായി.

പൊതുതാൽപ്പര്യം പൂർണമായും അവഗണിച്ചാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കേന്ദ്ര സർക്കാർ അദാനി ഗ്രൂപ്പിന് കൈമാറിയതെന്ന്  കെഎസ്ഐഡിസിയും ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര നടപടി സംസ്ഥാനത്തിന്റെയും യാത്രക്കാരുടെയും താൽപ്പര്യത്തിന് വിരുദ്ധമാണെന്നും വിമാനത്താവള നടത്തിപ്പിനായി മത്സരാധിഷ്ഠിത ടെൻഡർ സമർപ്പിക്കാൻ കെഎസ്ഐഡിസിക്ക് കഴിയുമായിരുന്നില്ലെന്നും കെഎസ്ഐഡിസി വ്യക്തമാക്കി.
യാത്രക്കാരുടെ താൽപ്പര്യം മുൻനിർത്തിയുള്ളതാണ് കെഎസ്ഐഡിസിയുടെ ടെൻഡർ.

ന്യായമായ തുകയേ ക്വോട്ട് ചെയ്യാൻ കഴിയുമായിരുന്നുള്ളു. ആറ് വിമാനത്താവളങ്ങൾക്കായി ടെൻഡർ സമർപ്പിച്ച അദാനിക്ക് വരുമാനം ക്രമപ്പെടുത്താൻ കഴിയുമെന്നും കെഎസ്ഐഡിസി വ്യക്തമാക്കി. കേസിൽ കെഎസ്ഐഡിസിയുടെയും വാദം പൂർത്തിയായി. കേസിൽ കക്ഷിചേർന്ന വിമാനത്താവള ജീവനക്കാരുടെ സംഘടനകളുടെ വാദവും പൂർത്തിയായി. കേന്ദ്ര സർക്കാരിന്റെ മറുപടിവാദം വ്യാഴാഴ്ച തുടരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top