27 January Thursday

സന്ദീപിന്റെ കൊലപാതകം; മുഖ്യപ്രതി യുവമോർച്ച പഞ്ചായത്ത്‌ പ്രസിഡന്റ്‌, ബിജെപി ബന്ധം തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

ജിഷ്‌ണു ബിജെപി നേതാവ്‌ സന്ദീപ്‌ വാര്യർക്കൊപ്പം

തിരുവല്ല > സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് അംഗവുമായ പി ബി സന്ദീപ് കുമാറിനെ (36) കുത്തിക്കൊന്ന സംഭവത്തിലെ പ്രധാനപ്രതി ജിഷ്‌ണു യുവമോർച്ച പെരിങ്ങര പഞ്ചായത്ത്‌ പ്രസിഡന്റ്‌. ഈ വസ്‌തുത മറച്ചുവച്ചാണ്‌ മാധ്യമങ്ങളും, ആർഎസ്‌എസും കൊലപാതകം വ്യക്തിവൈരാഗ്യമെന്ന്‌ വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത്‌. ജിഷ്‌ണുവിന്റെ രാഷ്‌ട്രീയ അനുഭാവം പ്രകടമാക്കുന്ന നിരവധി പോസ്‌റ്റുകളും ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടിൽ കാണാം. കഞ്ചാവ്‌ കേസിലും ബിജെപി പൊലീസ്‌ സ്‌റ്റേഷൻ മാർച്ചിൽ പങ്കെടുത്തും ജിഷ്‌ണു ജയിലിൽ കിടന്നിട്ടുണ്ട്‌. 4 പൊലീസ്‌ സ്‌റ്റേഷനുകളിലും ഇയാളുടെ പേരിൽ കേസുണ്ട്‌. പ്രതികളുടെ സംഘ്‌പരിവാർ ബന്ധം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്‌.

"യുവമോർച്ച പെരിങ്ങര പഞ്ചായത്ത്‌ കമ്മറ്റി അധ്യക്ഷൻ' എന്ന്‌ ജിഷ്‌ണുവിന്റെ ഫെയ്‌സ്‌ബുക്കിൽത്തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്‌. ബിജെപി നേതാക്കളുടെ ചിത്രങ്ങളും, പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങളും അക്കൗണ്ടിലുണ്ട്‌. ബിജെപി നേതാവ്‌ സന്ദപ്‌ വാര്യർക്കൊപ്പം നിൽക്കുന്ന ചിത്രവും ജയിൽമോചിതനായ ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്‌. പ്രതികളുടെ രാഷ്‌ട്രീയബന്ധം തെളിയിക്കുന്ന നിരവധി വിവരങ്ങൾ ഉണ്ടായിട്ടും അതെല്ലാം മറച്ചുവച്ചാണ്‌ മലയാള മാധ്യമങ്ങൾ ബിജെപിയെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുന്നത്‌. ഇത്തരത്തിൽ പുറത്തുവരുന്ന ഒരു ചിത്രം പോലും ഒരു വാർത്താചാനലുകളും കൊടുത്തിട്ടില്ല.

സംഭവത്തിൽ നാലുപേരാണ്‌ പിടിയിലായത്‌. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ പെരിങ്ങര ചാത്തങ്കേരി ജിഷ്‌ണു, പായിപ്പാട് കൊങ്കുപ്പറമ്പ് പ്രമോദ്, അഴിയിലത്തുചിറ നന്ദുഭവന്‍ പറത്തറത്തുണ്ടിയിവ് നന്ദുകുമാര്‍, ചെറുപുഴ മരുതുമപടി കുന്നില്‍ ഹൗസ് മുഹമ്മദ് ഫൈസല്‍, . എന്നിവരാണ് ഇപ്പോള്‍ പൊലീസ് പിടിയിലായിരിക്കുന്നത്. യുവമോർച്ച പെരിങ്ങര പഞ്ചായത്ത്‌ പ്രസിഡന്റായ ജിഷ്‌ണു ജയിലിൽ കഴിഞ്ഞപ്പോൾ പരിചയപ്പെട്ടയാളാണ്‌ ഫൈസൽ. കൊലപാതകത്തിനായി ജിഷ്‌ണു കൊണ്ടുവന്നതാണ്‌ ഇയാളെ. കരുവാറ്റയിൽ നിന്നാണ് ഇവരെ പിടികൂടിയത്. നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ്‌ ആർഎസ്എസ് പ്രവർത്തകൻ കണാപറമ്പിൽ ജിഷ്‌ണു.

വീട്ടിലേക്ക്‌ ബൈക്കിൽ പോകുമ്പോൾ രണ്ട്‌ ബൈക്കിലെത്തിയ അഞ്ചംഗ സംഘം വഴിയിൽ തടഞ്ഞാണ് ആക്രമിച്ചത്. നിലതെറ്റി റോഡിൽ വീണ് എഴുന്നേൽക്കുന്നതിനിടെ  കുത്തിവീഴ്‌ത്തി. നെഞ്ചത്തും പുറത്തുമായി  നിരവധി  കുത്തേറ്റു. കൈയ്‌ക്കും കാലിനും  വെട്ടുമുണ്ട്‌. വ്യാഴം രാത്രി എട്ടോടെ വീടിന്‌ അടുത്ത്‌ ചാത്തങ്കേരി എസ്എൻഡിപി ഹൈസ്‌കൂളിന് സമീപത്തെ കലുങ്കിനടുത്തായിരുന്നു ആക്രമണം. രാഷ്‌ട്രീയ സംഘർഷം തീരെയില്ലാത്ത  പ്രദേശത്താണ് ആർഎസ്എസ് ക്രിമിനൽ സംഘത്തിന്റെ ആസൂത്രിത ആക്രമണം.27 വർഷത്തിന്‌ ശേഷം പെരിങ്ങര പഞ്ചായത്ത്‌ ഭരണം എൽഡിഎഫ്‌ തിരിച്ചുപിടിച്ചതിൽ സന്ദീപിന്റെ പങ്ക്‌ നിർണായകമായിരുന്നു. പ്രദേശത്ത് നിരവധി ബിജെപി പ്രവർത്തകർ സിപിഐ എമ്മിനൊപ്പം ചേർന്നിരുന്നു. കരച്ചിൽ കേട്ട്‌ നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ കടന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. വെള്ളിയാഴ്‌ച രാവിലെ പോസ്റ്റ്മോർട്ടം നടത്തും. ചാത്തങ്കേരി പുത്തൻപറമ്പിൽ ബാലന്റെ മകനാണ്.  ഭാര്യ സുനിത. അമ്മ ഓമന. മക്കൾ: നിഹാൽ (മൂന്നര), മൂന്നു മാസം പ്രായമുള്ള പെൺകുട്ടിയുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top