ആലപ്പുഴ > തൊണ്ണൂറാം വയസിലും അച്ചടക്കമുള്ള വിദ്യാർഥിയായി ചെട്ടികുളങ്ങര ഈരേഴ സൗത്ത് പാണ്ടിയൻപറമ്പിൽ ഈശ്വരിയമ്മ. ചെട്ടികുളങ്ങര 12–-ാം വാർഡ് അക്ഷര എ കുടുംബശ്രീ അംഗമായ ഈശ്വരിയമ്മയാണ് കുടുംബശ്രീയുടെ തിരികെ സ്‌കൂളിൽ പദ്ധതിയിൽ ജില്ലയിലെ പ്രായംകൂടിയ പഠിതാവ്. ഈരേഴ യുപി സ്‌കൂളിലെ ക്ലാസിലാണ് ഈശ്വരിയമ്മ ഹാജർ രേഖപ്പെടുത്തിയത്. ഒപ്പം എഴുപത്തിയെട്ടുകാരി ജാനകിയമ്മയും ചേർന്നതോടെ തുരുതുരാ സംശയങ്ങൾ.
18,966 കുടുംബശ്രീ അംഗങ്ങളാണ് ജില്ലയിൽ ആദ്യദിവസത്തെ ക്ലാസിൽ പങ്കെടുത്തത്. പുതിയ സ്‌കൂൾക്കുട്ടികളെ സ്വീകരിക്കാൻ ബാലസഭയിലെ കൂട്ടുകാരും ജനപ്രതിനിധികളും എത്തി. സ്‌കൂളുകളിൽ മിഠായി കടകളൊരുക്കിയും ഉച്ചക്കഞ്ഞിനൽകിയും പിടിഎകളും സജീവമായതോടെ ഞായറാഴ്‌ചകളിൽ നിശബ്‌ദമാകുന്ന സ്‌കൂൾ അങ്കണങ്ങൾ ശബ്‌ദമുഖരിതമായി. സ്‌കൂൾ യൂണിഫോം അണിഞ്ഞാണ് കുടുംബശ്രീ അംഗങ്ങൾ ക്ലാസിനെത്തിയത്. അസംബ്ലി ചേർന്ന് ശുചിത്വ പ്രതിജ്ഞയെടുത്തു. 456 ക്ലാസ് ഒറ്റദിവസം നടന്നു. 804 റിസോഴ്‌സ് അധ്യാപകർ ക്ലാസെടുത്തു. കലാപരിപാടികളും അരങ്ങേറി.
ഡിസംബർ 10 വരെ അവധിദിവസങ്ങളിൽ തുടർക്ലാസുകൾ നടത്തി മുഴവൻ കുടുംബശ്രീ അംഗങ്ങളെയും ബോധവൽക്കരിക്കുയാണ് കുടുംബശ്രീ മിഷൻ ലക്ഷ്യമിടുന്നത്.
പുലിയൂർ പേരിശേരി ഗവ. യുപി സ്‌കൂളിൽ നടന്ന ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വത്സല മോഹൻ ഫ്ലാഗ് ഓഫ് ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് എം ജി ശ്രീകുമാർ ഉദ്ഘാടനംചെയ്‌തു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് സുജ രാജീവ്, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ടി ടി ഷൈലജ, പഞ്ചായത്തംഗം സരിത ഗോപൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ജെ പ്രശാന്ത് ബാബു, അസി. കോ–-ഓർഡിനേറ്റർ കെ വി സേവ്യർ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..