25 April Thursday

ക്യാമറ ചതിച്ചാശാനേ... കള്ളനെ കുടുക്കി സോണിയ

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

കോട്ടയം > ‘പൊലീസ്‌ കാണിച്ച ആർജവമാണ്‌ കള്ളനെ പിടികൂടാൻ സഹായിച്ചത്‌. വിളിച്ചയുടൻ രണ്ട്‌ സ്‌റ്റേഷനിൽനിന്നും വളരെ വേഗമാണ്‌ പൊലീസെത്തിയത്‌.  ഏറെ നന്ദിയുണ്ട്‌'. പാലായിലെ ഭർതൃവീട്ടിലിരുന്ന്‌ കള്ളനെ ‘കൈയോടെ പിടിച്ച’തിന്റെ ആവേശത്തിൽ സോണിയ പറഞ്ഞു. കീഴൂരിലെ വിമുക്തഭടൻ എം എം മാത്യുവിന്റെയും സൂസമ്മയുടെയും വീട്ടിലെത്തിയ കള്ളനെയാണ്‌ മകൾ സോണിയ കുടുക്കിയത്‌.

കള്ളനെ ക്യാമറയിൽ കണ്ട സോണിയ അയൽവാസി പ്രഭാതിനെ വിളിച്ചു. പ്രഭാത്‌  തലയോലപ്പറമ്പ്‌ എസ്‌ഐ വി എം ജയ്‌മോനെയും അയൽവാസികളായ അശോകനെയും രതീഷിനെയും അറിയിച്ചു. എല്ലാവരും വീട്ടിലെത്തി, കൂടെ തന്റെ സ്‌റ്റേഷൻ പരിധിയല്ലാതിരുന്നിട്ടും എസ്‌ഐ ജയ്‌മോൻ വീടുൾപ്പെടുന്ന വെള്ളൂർ സ്‌റ്റേഷനിൽ അറിയിച്ചതിനൊപ്പം കള്ളനെ പിടിക്കാനുമെത്തി. ഇറങ്ങിയോടിയ കള്ളനെ രണ്ട്‌ സ്‌റ്റേഷനിലെ പൊലീസുകാരും  ഏറെദൂരം പിന്തുടർന്ന്‌ കുറ്റിക്കാട്ടിൽനിന്ന്‌ പിടികൂടി.

പിടിയിലായ ബോബിൻസ്‌ ജോൺ മാത്യുവിന്റെ വീട്ടിൽ പണിക്ക്‌ വരാറുള്ളയാളാണ്‌. മാത്യുവിന്റെ വീട്ടിൽ എട്ട്‌ ക്യാമറകളുണ്ട്‌.  സോണിയയുടെയും ഡൽഹിയിലുള്ള സഹോദരൻ സന്തോഷിന്റെയും മൊബൈലിലും വീട്ടിലെ കംപ്യൂട്ടറിലും സിസിടിവി ദൃശ്യം കാണാം. സോണിയ എന്നും രാത്രി ക്യാമറ നോക്കാറുണ്ട്‌. ബുധനാഴ്‌ച രാത്രി പരിശോധിച്ചപ്പോഴാണ്‌ കള്ളനെ കണ്ടത്‌.

സിസിടിവി  തുണികൊണ്ട്‌ മറച്ച അയാൾ പുറത്ത്‌ തൂക്കിയിട്ട പഴയ നൈറ്റി എടുത്തിട്ടു. മുഖവും മറച്ചു. പൊലീസും അയൽവാസികളും എത്തുംവരെ സോണിയ സിസിടിവിയിൽ പരിസരം വീക്ഷിച്ചു. അതിനാൽ കള്ളനെ എളുപ്പത്തിൽ പിടികൂടാനുമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top