26 April Friday

കോർപ്പറേറ്റുകളെ തലോടിയും പാവങ്ങളെ പിഴിഞ്ഞും മോദി ; ശതകോടീശ്വരരുടെ സ്വത്ത്‌ 23.14 ലക്ഷം കോടിയിൽ നിന്ന്‌ 53.16 ലക്ഷത്തിലേക്ക്‌

സ്വന്തം ലേഖകൻUpdated: Tuesday Jan 18, 2022

 
ന്യൂഡൽഹി> കോർപ്പറേറ്റ്‌ അനുകൂല നികുതി ഘടനയാണ്‌ ഇന്ത്യയിൽ അസമത്വം വർധിക്കുന്നതിന്‌ മുഖ്യകാരണമെന്ന്‌ ഓക്‌സ്‌ഫാം റിപ്പോർട്ട്‌. മോദി സർക്കാർ അധികാരത്തിൽ വന്നത്‌ മുതൽ കോർപ്പറേറ്റ്‌ അനുകൂല നികുതി പരിഷ്‌ക്കാരങ്ങൾ തീവ്രമായി. അതിസമ്പന്നർക്ക്‌ മേൽ ചുമത്തിയിരുന്ന ‘വെൽത്ത്‌ ടാക്‌സ്‌’ 2016 ൽ മോദി സർക്കാർ റദ്ദാക്കി. ഇതോടൊപ്പം കോർപ്പറേറ്റ്‌ നികുതി 30 ശതമാനത്തിൽ നിന്ന്‌ 22 ശതമാനമായി കുറച്ചു. കോർപ്പറേറ്റ്‌ നികുതി കുറച്ചതിലൂടെ മാത്രം പ്രതിവർഷം ഒന്നര ലക്ഷം കോടി രൂപയാണ്‌ സർക്കാരിന്‌ നഷ്ടം. പുതിയ നിർമ്മാണ സംരംഭങ്ങളുടെ നികുതി 25 ൽ നിന്ന്‌ 15 ശതമാനമാക്കി.

അതേ സമയം ഇന്ധനനികുതിയടക്കം പരോക്ഷ നികുതികൾ കുത്തനെ ഉയർത്തി കോവിഡ്‌ കാലത്തും സാധാരണക്കാരെ പിഴിഞ്ഞു. വരുമാന നികുതി പിരിവും തീവ്രമാക്കി. 2020–-21 കാലയളവിൽ മാത്രം ഇന്ധന നികുതി 33 ശതമാനം ഉയർത്തി. കോവിഡിന്‌ മുമ്പത്തേക്കാൾ 79 ശതമാനമാണ്‌ ഇന്ധന നികുതി വർധിപ്പിച്ചത്‌. 12 വർഷത്തിനിടെ ആദ്യമായി വരുമാന നികുതി വരുമാനം കോർപ്പറേറ്റ്‌ നികുതി വരുമാനത്തേക്കാൾ വർധിച്ചു. 2014–-15 ന്‌ ശേഷം ആദ്യമായി ഓഹരി വിപണിയിൽ ലിസ്‌റ്റ്‌ ചെയ്‌ത കമ്പനികളുടെ  ലാഭം ആകെ ജിഡിപിയുടെ 2.6 ശതമാനമായി ഉയർന്നു.

ശതകോടീശ്വരരുടെ സ്വത്ത്‌ 23.14 ലക്ഷം കോടിയിൽ നിന്ന്‌ 53.16 ലക്ഷം കോടിയായി
 മഹാമാരി കാലമായ 2020 മാർച്ച്‌ മുതൽ 2021 നവംബർ വരെയുള്ള കാലയളവിൽ ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ സ്വത്ത്‌ 23.14 ലക്ഷം കോടി രൂപയിൽ നിന്നും 53.16 ലക്ഷം കോടിയായി ഉയർന്നു. ശതകോടീശ്വരൻമാരുടെ എണ്ണം 39 ശതമാനം വർധിച്ചു. ലോകത്തെ 500 അതിസമ്പന്നരാകട്ടെ സ്വത്തിൽ ഒരു ലക്ഷം കോടി ഡോളറിന്റെ വർധനവ്‌ വരുത്തി. പ്രതിദിനം ഒരു ശതകോടീശ്വരൻ വീതം ലോകത്ത്‌ സൃഷ്ടിക്കപ്പെട്ടു. അതേസമയം അതിദരിദ്രരുടെ എണ്ണം ഇരട്ടിയായി വർധിച്ച്‌ 16 കോടിയിലെത്തി. ഇന്ത്യയിൽ മാത്രം നാലു കോടിയിലേറെ പേർ ഒറ്റവർഷത്തിൽ അതിദരിദ്രരായി മാറി.

രാജ്യത്ത്‌ അതിസമ്പന്നരുടെ എണ്ണം വർധിച്ചപ്പോൾ ആരോഗ്യ–- വിദ്യാഭ്യാസ–- സാമൂഹികക്ഷേമ മേഖലകളിലെ സർക്കാർ മുതൽമുടക്ക്‌ കുത്തനെ ഇടിഞ്ഞു. കോവിഡ്‌ കാലമായിട്ടും ആരോഗ്യ ബജറ്റ്‌ 2020–-21 വർഷത്തിൽ 10 ശതമാനം ഇടിഞ്ഞു. വിദ്യാഭ്യാസ ബജറ്റ്‌ ആറു ശതമാനവും സാമൂഹ്യസുരക്ഷ പദ്ധതികൾക്കുള്ള നീക്കിയിരിപ്പ്‌ ഒന്നര ശതമാനത്തിൽ നിന്നും 0.6 ശതമാനമായും കുറഞ്ഞു.

രാജ്യത്തെ 142 ശതകോടീശ്വരൻമാരുടെ സ്വത്ത്‌ 719 ശതകോടി ഡോളറാണെങ്കിൽ വരുമാനത്തിൽ പിന്നിലുള്ള 40 ശതമാനം ജനസംഖ്യയുടെ (55.5 കോടി) സ്വത്ത്‌ 657 ശതകോടി മാത്രമാണ്‌. രാജ്യത്തെ 10 അതിസമ്പന്നരുടെ സ്വത്ത്‌ മാത്രമെടുത്താൽ 25 വർഷത്തേക്ക്‌ സ്‌കൂൾ–- ഉന്നതവിദ്യാഭ്യാസ മേഖലയ്‌ക്കാവശ്യമായ ഫണ്ട്‌ കണ്ടെത്താം. 10 ശതമാനം സമ്പന്നർക്ക്‌ മേൽ ഒരു ശതമാനം അധികനികുതി ചുമത്തിയാൽ 17.7 ലക്ഷം ഓക്‌സിജൻ സിലിണ്ടറുകൾ അധികമായി സമാഹരിക്കാം. സമ്പന്നപട്ടികയിലെ ആദ്യ 98 ശതകോടീശ്വരൻമാർക്ക്‌ മേൽ ഒരു ശതമാനം അധികനികുതി ചുമത്തിയാൽ കേന്ദ്രത്തിന്റെ ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതിയായ ആയുഷ്‌മാൻ ഭാരതിന്‌ ഏഴുവർഷത്തേക്ക്‌ പണം കണ്ടെത്താം. സൗജന്യ കോവിഡ്‌ വാക്‌സിനേഷന്‌ ആകെ വേണ്ടി വരുന്ന അമ്പതിനായിരം കോടിയും ഇങ്ങനെ കണ്ടെത്താനാകും.

98 ശതകോടീശ്വരൻമാരുടെ ആകെ സ്വത്ത്‌ കേന്ദ്ര ബജറ്റിന്റെ 41 ശതമാനം അധികമാണ്‌. ശതകോടീശ്വരൻമാർക്ക്‌ വെൽത്ത്‌ ടാക്‌സ്‌ ചുമത്തിയാൽ പ്രതിവർഷം78.3 ശതകോടി ഡോളർ പ്രതിവർഷം സമാഹരിക്കാനാകും. ആരോഗ്യ ബജറ്റ്‌ 271 ശതമാനം വർധിപ്പിക്കാൻ ഈ തുകയ്‌ക്കാവും. വനിതാ–- ശിശുവികസന വകുപ്പിനായി 2021 ൽ ബജറ്റിൽ നീക്കിവെച്ചത്‌ ശതകോടീശ്വരൻമാരിൽ ഏറ്റവും പിന്നിലുള്ള 10 പേരുടെ ആകെ സ്വത്തിന്റെ പകുതി മാത്രമാണ്‌. 10 കോടിക്ക്‌ മേൽ വരുമാനമുള്ളവർക്ക്‌ രണ്ട് ശതമാനം നികുതി ചുമത്തിയാൽ വനിതാ–- ശിശുവികസനത്തിനായുള്ള ബജറ്റ്‌ 121 ശതമാനം വർധിപ്പിക്കാം.

100 സമ്പന്നരുടെ സ്വത്തെടുത്താൽ സ്‌ത്രീകളുടെ സ്വയംസഹായ സംഘങ്ങളെയും മറ്റും സഹായിക്കുന്ന നാഷണൽ റൂറൽ ലൈവ്‌ലിഹുഡ്‌ മിഷൻ 365 വർഷത്തേക്ക്‌ നടത്തി കൊണ്ടുപോകാം. 98 ശതകോടീശ്വരൻമാർക്ക്‌ നാല്‌ ശതമാനം നികുതി ചുമത്തിയാൽ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി 17 വർഷവും സമഗ്ര ശിക്ഷാഅഭിയാ ആറു വർഷവും നടത്താം. അംഗൻവാടി അടക്കമുള്ള പദ്ധതികൾ ഉൾപ്പെടുന്ന മിഷൻ പോഷൺ 10 വർഷം കൊണ്ടുപോകാനാകും. അതല്ലെങ്കിൽ ആരോഗ്യവകുപ്പിനുള്ള രണ്ടു വർഷത്തെ ബജറ്റ്‌ കണ്ടെത്താം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top