28 March Thursday

വിദേശത്തെ പ്രതികളെ ചോദ്യം ചെയ്യണം; കോൺസുലേറ്റിലേക്ക്‌ അന്വേഷണം നീട്ടണമെന്ന്‌ ആവർത്തിച്ച്‌ എൻഐഎ

സ്വന്തം ലേഖകൻUpdated: Monday Oct 5, 2020

കൊച്ചി> നയതന്ത്ര ചാനലിൽ സ്വർണ്ണം കടത്തിയ കേസിൽ യുഎഇ കോൺസുലേറ്റ്‌ ഉദ്യോഗസ്ഥരുടെ പങ്ക്‌ അന്വേഷിക്കണമെന്ന്‌ ആവർത്തിച്ച്‌ എൻഐഎ. സ്വർണ്ണക്കടത്തിന്‌ പിന്നിലെ ഗൂഢാലോചന പൂർണ്ണമായി പുറത്തുകൊണ്ടുവരാൻ വിദേശത്തും അന്വേഷണം അനിവാര്യമാണെന്നും അന്വേഷണ ഏജൻസി വെള്ളിയാഴ്‌ച കൊച്ചിയിലെ എൻഐഎ കോടതിയെ അറിയിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖർക്കും കള്ളക്കടത്തിൽ പങ്കുണ്ട്‌. ഇക്കാര്യം പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പതികളായ സ്വപ്‌ന സുരേഷ്‌, പി എസ്‌ സരിത്ത്‌, കെ ടി റമീസ്‌ എന്നിവരുൾപ്പെടെ 12 പേരുടെ റിമാൻഡ്‌ നീട്ടാൻ ആവശ്യപ്പെടുന്ന അപേക്ഷയിലാണ്‌ എൻഐഎ ഇക്കാര്യം വ്യക്തമാക്കിയത്‌.

കോൺസുലേറ്റ്‌ അധികൃതരെ ചോദ്യംചെയ്യണമെന്ന്‌ നേരത്തെയും എൻഐഎ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചില്ല. അതിനാലാണ്‌ ഏറ്റവുമൊടുവിൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും ഈയാവശ്യം ആവർത്തിച്ചിട്ടുള്ളത്‌. കോൺസുലേറ്റ്‌ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യേണ്ടത്‌ അന്വേഷണത്തിന്‌ അനിവാര്യമാണെന്നാണ്‌ റിപ്പോർട്ടിലുള്ളത്‌.  യുഎഇയിലുള്ള പ്രധാനപ്രതികളെ വിട്ടുകിട്ടാനുളള നടപടികളും വൈകുകയാണ്‌. സ്വർണ്ണക്കടത്തിന്‌ നിർണായക പങ്കുവഹിച്ച വിദേശത്തുള്ള നാല്‌ പ്രധാനപ്രതികളെ എൻഐഎക്ക്‌ ചോദ്യംചെയ്യാനായിട്ടില്ലെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. പ്രതികളായ ഫൈസൽ ഫരീദ്‌, റബിൻസ്‌, സിദ്ദിഖുൽ അക്‌ബർ, അഹമ്മദ്‌ കുട്ടി എന്നിവരാണ്‌ യുഎഇയിലുള്ളത്‌. ഇവർക്കെതിരെ ജാമ്യമില്ലാ വാറൻഡ്‌ നേരത്തെ പുറപ്പെടുവിച്ചിരുന്നു. പ്രതികളെ വിട്ടുകിട്ടാൻ ഇന്റർപോൾ മുഖേന ബ്ലൂനോട്ടീസ്‌ പുറപ്പെടുവിക്കാനുള്ള നടപടികളെടുത്തതായും റിപ്പോർട്ടിൽ പറയുന്നു.

ഇതുവരെ അറസ്‌റ്റിലായ പ്രതികളിൽ നിന്ന്‌ പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക്‌ വിശകലനം കേസിൽ നിർണായകമാകും. ഇത്‌ സിഡാക്കിൽ പരിശോധിച്ചുവരികയാണ്‌. കേസിൽ വിവിധ സാക്ഷികളിൽ നിന്ന്‌ മൊഴിയെടുത്തതും പരിശോധനയിലാണ്‌. ഡിജിറ്റൽ തെളിവുകളും സാക്ഷി മൊഴികളും വച്ച്‌ പ്രതികളെ ചൊദ്യംചെയ്‌ത്‌ കാര്യങ്ങളിൽ കൂടുതൽ വ്യക്തതവരുത്തേണ്ടതുണ്ടെന്നും എൻഐഐ കോടതിയെ അറിയിച്ചു. പ്രതികളുടെ റിമാൻഡ്‌ ഒക്‌ടോബർ എട്ടുവരൈ കോടതി നീട്ടി. സ്വപ്‌ന സുരേജിന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top