തിരുവനന്തപുരം
നിപാ അടക്കമുള്ള പകർച്ചവ്യാധികളുടെ പ്രതിരോധവും നിയന്ത്രണവും ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ രൂപം നൽകിയ 2021ലെ കേരള പൊതുജനാരോഗ്യബിൽ ആറുമാസമായിട്ടും ഒപ്പിടാതെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. പരാതികൾ ലഭിച്ചെന്നപേരിലാണിത്.
മാറ്റങ്ങളോടെ കഴിഞ്ഞ മാർച്ച് 21നാണ് നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്. ആയുഷ് വിഭാഗത്തിന്റെ ആശങ്കകൾക്ക് വിരാമമിട്ടാണ് ബിൽ നിയമസഭയിൽ പാസായതും. വിയോജിപ്പുകളും നിർദേശങ്ങളും പരിഗണിച്ച് മാറ്റം വരുത്താൻ ആരോഗ്യവകുപ്പ് തയ്യാറായതിനെ ആരോഗ്യമേഖലയിലുള്ളവരും അഭിനന്ദിച്ചിരുന്നു. പൊതുജനാരോഗ്യ സംരക്ഷണത്തിന് ഏകാരോഗ്യം (വൺ ഹെൽത്ത്) എന്ന സമീപനം സ്വീകരിക്കണമെന്ന ആമുഖത്തോടെയാണ് ബിൽ തുടങ്ങുന്നതുതന്നെ.
കാലാവസ്ഥാ വ്യതിയാനം, മനുഷ്യ– -മൃഗ സമ്പർക്കം മുതലായവയുടെ ഭാഗമായി ഉണ്ടായേക്കാവുന്ന പുതിയ വൈറസുകൾ, രോഗാണുക്കൾ, പകർച്ചവ്യാധികൾ, മഹാമാരികൾ എന്നിവയിൽനിന്നുള്ള പ്രതിരോധം ഉറപ്പാക്കുന്നതാണ് ബിൽ. നിപാ പോലെ, ജീവികളുമായി ബന്ധപ്പെട്ടുള്ള രോഗങ്ങൾക്ക് ഏകാരോഗ്യ സമീപനമാണ് പ്രതിവിധിയെന്ന് വിദഗ്ധരും വ്യക്തമാക്കിയതാണ്. 1955ലെ ട്രാവൻകൂർ– -കൊച്ചിൻ പബ്ലിക് ഹെൽത്ത് ആക്ട്, മദ്രാസ് പബ്ലിക് ഹെൽത്ത് ആക്ട് എന്നിവയ്ക്ക് പകരമാണ് 2021ലെ കേരള പൊതുജനാരോഗ്യബിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..