08 December Friday

ഭരണസമിതിയിൽ 
യുവാക്കൾക്ക്‌ സംവരണം ; സഹകരണ സംഘം ഭേദഗതി ബിൽ പാസാക്കി

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2023


തിരുവനന്തപുരം
കേരളത്തിലെ സഹകരണമേഖലയ്ക്ക് കരുത്തു പകരുന്ന നിയമഭേദഗതികളടങ്ങുന്ന കേരളസഹകരണ സംഘം മൂന്നാം ഭേദഗതി ബിൽ നിയമസഭ പാസാക്കി. തുടർച്ചയായി മൂന്ന് തവണയിലധികം വായ്പാ സംഘങ്ങളുടെ ഭരണസമിതിയംഗമായി തെരഞ്ഞെടുക്കപ്പെടാൻ പാടില്ല, യുവാക്കൾക്ക് ഭരണസമിതിയിൽ സംവരണം, ആധുനീകരണത്തിനായി ഏകീകൃത സോഫ്റ്റ്‌വെയർ, ഭരണസമിതിയിൽ വിദഗ്‌ധ അംഗങ്ങൾ തുടങ്ങി സഹകരണ മേഖലയിലെ എല്ലാ വശങ്ങളെയും പുതിയ കാലഘട്ടത്തിന് ഉതകുന്ന രീതിയിൽ പരിഗണിക്കുന്ന ബില്ലാണ്‌ അവതരിപ്പിച്ചത്.

സഹകരണ ഭേദഗതി നിയമം സെലക്ട് കമ്മിറ്റിക്ക് സമർപ്പിച്ചതിനെ തുടർന്ന് കമ്മിറ്റി 14 ജില്ലകളിലും തെളിവെടുപ്പ്‌ നടത്തിയിരുന്നു. അതനുസരിച്ച് ഭേദഗതി നിയമത്തിലെ ചില വ്യവസ്ഥകൾ സംഘങ്ങളുടെ സ്വയംഭരണ അധികാരത്തിനും ജനാധിപത്യപരമായ പ്രവർത്തനത്തിനും എതിരാണെന്ന അഭിപ്രായം വന്നിരുന്നു. ഇതെല്ലാം പരിഗണിച്ച് ആവശ്യമായ മാറ്റങ്ങളോടെയാണ്‌ സഹകരണ മന്ത്രി വി എൻ വാസവൻ ബിൽ അവതരിപ്പിച്ചത്.

സഹകരണ സംഘങ്ങളിൽ ഒരേ വ്യക്തികൾ ദീർഘകാലം ഭാരവാഹികളായി തുടരുന്ന സാഹചര്യമുണ്ട്‌. ശ്രദ്ധയിൽ വന്ന പല ക്രമക്കേടുകളും ദീർഘകാലങ്ങളായി ഒരേ വ്യക്തികൾ ഭാരവാഹികളായി തുടരുന്ന സംഘങ്ങളിലാണെന്ന്‌ കണ്ടെത്തിയതിനെ തുടർന്നാണ് തുടർച്ചയായി ഭരണസമിതി അംഗമാകുന്നതിന്‌ നിയന്ത്രണം ഏർപ്പെടുത്തിയത്.  സംഘങ്ങളിൽ ഭിന്നശേഷിക്കാർക്ക് നിയമനത്തിനുണ്ടായിരുന്ന മൂന്നു ശതമാനം സംവരണം നാലാക്കി. പ്രവർത്തനങ്ങൾ ആധുനീകരിക്കുന്നതിന്റെ ഭാഗമായി പൊതു സോഫ്റ്റ്‌വെയർ ഏർപ്പെടുത്തി. പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കാൻ ടീം ഓഡിറ്റ് സംവിധാനവും ബില്ലിലുണ്ട്‌. സംഘം ഭരണസമിതിയെ സസ്‌പെൻഡ് ചെയ്യാനുള്ള ഭേദഗതി നിയമത്തിലെ വ്യവസ്ഥ ദുരുപയോഗം ചെയ്യാനുള്ള സാധ്യത പരിഗണിച്ച്‌ അക്കാര്യം ഒഴിവാക്കി.

ഇനിമുതൽ എല്ലാ വിഭാഗം സഹകരണ സംഘങ്ങളിലെയും ജൂനിയർ ക്ലർക്ക് മുതലുള്ള നിയമനം പരീക്ഷാ ബോർഡ്‌ നടത്തും. യുവജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായി സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്യാൻ വ്യവസ്ഥ ചെയ്യുന്നതോടൊപ്പം സഹകരണ സംഘങ്ങൾക്കായി പുനരുദ്ധാരണ നിധിയും ബില്ലിൽ ഏർപ്പെടുത്തി.

കാലത്തിന്‌ അനുസരിച്ച്‌  ഉയരും: മന്ത്രി വാസവൻ
സഹകരണ മേഖല കാലത്തിന്‌ അനുസരിച്ച്‌ ഉയരുമെന്ന്‌ മന്ത്രി വി എൻ വാസവൻ. ഒറ്റപ്പെട്ട അനഭിലഷണീയ പ്രവണതകൾ തിരുത്താനും പ്രശ്നങ്ങൾ പരിഹരിക്കാനും ഭേദഗതി അനിവാര്യമാണെന്നും നിയമസഭയിൽ സഹകരണ സംഘം മൂന്നാംഭേദഗതി ബിൽ സംബന്ധിച്ച ചർച്ചകൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സംഘവുമായി ബന്ധപ്പെട്ട ബാധ്യതകൾ വാർഷിക ജനറൽ ബോഡിയിൽ റിപ്പോർട്ട് ചെയ്യണം. കരുവന്നൂർ സഹകരണ സംഘം സാധാരണ നിലയിലായി. 105 കോടിയുടെ നിക്ഷേപം പുനക്രമീകരിച്ചു.

അന്തർസംസ്ഥാന സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് പരിരക്ഷയില്ല
കേരളത്തിൽ പ്രവർത്തിക്കുന്ന അന്തർസംസ്ഥാന സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് സംസ്ഥാന സർക്കാരിന് പരിരക്ഷ നൽകാനാകില്ലെന്ന്‌ മന്ത്രി വി എൻ വാസവൻ നിയമസഭയെ അറിയിച്ചു. സംസ്ഥാന സഹകരണ രജിസ്ട്രാറുടെ അനുമതി തേടാതെയാണ്‌ ഈ സംഘങ്ങൾ പ്രവർത്തിക്കുന്നത്‌.  മൾട്ടി സ്റ്റേറ്റ് സംഘങ്ങളിൽ ഓഡിറ്റ് അടക്കമുള്ള കാര്യങ്ങൾ  അവർ നിശ്ചയിക്കുന്ന രീതിയിലാണ് നടത്തുന്നത്. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പുനരുദ്ധാരണ നിധിയിൽ ഈ സംഘങ്ങൾ ഉൾപ്പെടുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

മൾട്ടി സ്റ്റേറ്റ് കോ-–-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ പ്രവർത്തനം വ്യാപിപ്പിച്ച് ഒരു സഹകരണ സംവിധാനം നടപ്പാക്കുന്നതിനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഈ നീക്കം തടയുന്നതിന്‌ നിയമപരമായ മാർഗങ്ങൾ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. 

ഭൂമി രജിസ്‌ട്രേഷൻ
നടപടികൾ സുതാര്യമാക്കും
സംസ്ഥാനത്തെ ഭൂമി രജിസ്‌ട്രേഷൻ നടപടികൾ ആധാരം എഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും തൊഴിലിനെ ബാധിക്കാത്ത രീതിയിൽ സുതാര്യവും വേഗത്തിലുമാക്കുമെന്നും മന്ത്രി വി എൻ വാസവൻ സഭയെ അറിയിച്ചു. ഒരു ജില്ലയിലെ ആധാരം ആ ജില്ലയിലെ ഏത് സബ് രജിസ്ട്രാർ ഓഫീസിലും രജിസ്റ്റർ ചെയ്യാൻ കഴിയുന്ന രീതിയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. വിൽക്കുന്നയാളിനോ വാങ്ങുന്നയാളിനോ സ്വയം ആധാരം തയ്യാറാക്കാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top