കൊല്ലം > ലാഭവഴിയിലൂടെ കുതിക്കുന്ന കേരള സെറാമിക്‌സ് പുരസ്‌കാരപ്രഭയിൽ. മികച്ച പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് കേരള സെറാമിക്‌സിനും മികച്ച മാനേജിങ് ഡയറക്ടർക്കുള്ള അവാർഡ് സെറാമിക്‌സ് എംഡി പി സതീഷ്‍കുമാറിനും ലഭിച്ചു. 2015 - 16ൽ 278.23 ലക്ഷം രൂപ നഷ്ടത്തിലായിരുന്ന കമ്പനിയാണ് 2021- 22ൽ 65.29 ലക്ഷം രൂപ പ്രവർത്തന ലാഭത്തിൽ എത്തിയത്. എൽഡിഎഫ് സർക്കാരുകൾക്കു കീഴിൽ 227 ശതമാനം ഉൽപ്പാദന വർധനയും വിപണനത്തിൽ 225 ശതമാനം വർധനയും കൈവരിച്ചത് ഉൾപ്പെടെയുള്ള നേട്ടങ്ങളാണ് സെറാമിക്‌സിനെ മാതൃകാ പൊതുമേഖലാ സ്ഥാപനമാക്കിയത്. തീവ്രശ്രമഫലമായി 2021- 22ലെ വിറ്റുവരവിൽ 455 ശതമാനം വർധന നേടിയതിനോടൊപ്പം ഇന്ത്യയിലെ മുൻനിര പേപ്പർ നിർമാണക്കമ്പനികളായ ഐടിസി, ടിഎൻപിഎൽ എന്നിവയെ ഉപയോക്താക്കളായി നേടാനും സാധിച്ചു.
ചരിത്ര പശ്ചാത്തലം
കുണ്ടറയിൽ ലഭ്യമായ കളിമണ്ണ് വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ തിരുവിതാംകൂർ രാജഭരണകാലത്ത് പ്രവർത്തനം ആരംഭിച്ചതാണ് കേരള സെറാമിക്സ്. 1963ൽ കമ്പനി നിയമ പ്രകാരം "ദ കേരള സെറാമിക്സ് ലിമിറ്റഡ്’ എന്ന പേരിൽ രജിസ്റ്റർ ചെയ്‌തു. 2016ൽ അടച്ചുപൂട്ടലിന്റെ വക്കിലായി. ശരാശരി 150 ടൺ മാത്രമായി പ്രതിമാസ ഉൽപ്പാദനം. എൽഡിഎഫ് സർക്കാർ അധികാരമേറ്റതോടെ 2018 മുതൽ പ്രവർത്തനലാഭം കൈവരിക്കാൻ തുടങ്ങി.
പ്രശ്‌നങ്ങൾ
പരിഹരിച്ച് മുന്നോട്ട്
കമ്പനിയെ ലാഭത്തിലാക്കാൻ ദ്വിമുഖ പദ്ധതിയാണ് നടപ്പാക്കിയത്. പ്രവർത്തന നഷ്ടം കുറയ്ക്കാൻ അടിയന്തര കർമപദ്ധതിയും ദീർഘകാലത്തേക്ക് പ്രവർത്തന ലാഭത്തിൽ തുടരാൻ പ്ലാന്റ് നവീകരണവും നടപ്പാക്കി. 2018ൽ ആരംഭിച്ച നവീകരണം 2020ൽ ആണ് പൂർത്തിയാക്കിയത്. 2018 മുതൽ ലാഭത്തിലായ കമ്പനി കുതിക്കുകയാണ്. നിലവിൽ കുറഞ്ഞത് 1000 ടൺ ആണ് പ്രതിമാസ ഉൽപ്പാദനം.
2020 ജനുവരിയിൽ 1075 ടണ്ണും 2021 മാർച്ചിൽ 1220 ടണ്ണുമായിരുന്നു. അസംസ്‌കൃത വസ്‌തുവിന്റെ ലഭ്യത ദീർഘകാലത്തേക്ക് ഉറപ്പുവരുത്തുന്നതിന് ഖനനാവശ്യത്തിനുള്ള ഭൂമിയും ഏറ്റെടുത്തു. ഇതിനായി 4.32 ഏക്കറാണ് വിലയ്‌ക്കു വാങ്ങിയത്. 15 കുടുംബങ്ങൾക്ക് 2022ൽ പുനരധിവാസം. രണ്ട് ഉൽപ്പന്നം മാർക്കറ്റിൽ അവതരിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..