24 April Wednesday
ലോക ലഹരി വിരുദ്ധദിനം ഇന്ന്‌

മയങ്ങാനും മയക്കാനും ന്യൂജൻ; ഗ്രാമങ്ങളിലും പ്രത്യേകം താവളങ്ങൾ

സി എ പ്രേമചന്ദ്രൻUpdated: Sunday Jun 26, 2022
തൃശൂര്‍ > ലൈസര്‍ജിക് ആസിഡ് സ്റ്റാമ്പ്, മെത്തലിന്‍ ഡയോക്‌സി മെത്താഫിറ്റമിന്‍( എംഡിഎംഎ), ഹാഷിഷ്‌ ഓയിൽ,  കൊക്കയിൻ,   മാജിക്‌ മഷ്‌റൂം, മരിജുവാന എന്നീ പേരുകള്‍ തൃശൂരിന് പരിചിതമായിരുന്നില്ല. എന്നാല്‍   യുവതലമുറയെ മയക്കാൻ ഇപ്പോൾ ഈ  ന്യൂജൻ മയക്കുമരുന്നുകൾ വ്യാപകം.  റേപ്പ്ഡ്രഗ്‌സ് അഥവാ  കാമഭ്രാന്തിനുള്ള മരുന്നുൾപ്പെടെ മാരകമാണീ മയക്കുമരുന്നുകൾ.
 
അരഗ്രാം അകത്തുചെന്നാൽ തലയ്‌ക്ക്‌ ഭ്രാന്തുപിടിക്കുന്ന എംഡിഎംഎ മൂന്നുകിലോയാണ്‌  കൊടുങ്ങല്ലൂർ സ്വദേശികളിൽനിന്ന്‌ എക്‌സൈസ്‌ പിടികൂടിയത്‌. കഴിഞ്ഞ ദിവസം  വാടാനപ്പിള്ളിയിൽ നിന്ന്‌  യുവതിയടക്കം മൂന്നുപേരെ  പൊലീസ്‌ പിടികൂടി.  എക്‌സൈസും പൊലീസും വ്യാപകമായി മയക്കുമരുന്നുകൾ പിടികൂടുമ്പോഴും പിടികൂടാതെ കടത്തുന്ന മയക്കുമരുന്ന്‌ ഭീകരത ഭയാനകമാണ്‌. എംഡിഎംഎം  നല്‍കി മയക്കി  വന്‍കിടപാര്‍ടികളില്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണംചെയ്യാറുമുണ്ട്.  എല്‍എസ്ഡി സ്റ്റാമ്പ്,  മൊട്ടുസൂചികൊണ്ട് കുത്തി നാവില്‍വച്ചാല്‍ 48 മണിക്കൂറാണ് വീര്യം. മെത്തലിന്‍  വെള്ളത്തില്‍ കലക്കി കുടിക്കും. മണംപോലുമില്ല.  ഒരുഗ്രാം സ്റ്റാമ്പിന്റെ എട്ടിലൊരംശം  ഉപയോഗിച്ചാല്‍ ഒരാള്‍ ലഹരിയിലാവും.  ഇത്തരം സാധനങ്ങള്‍ വലുപ്പം കുറവായതിനാല്‍ ഒളിപ്പിക്കാന്‍ എളുപ്പമാണ്.
 
സാധാരണയായി ബംഗ്ലൂരു, ഗോവ, കൊച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍പാര്‍ട്ടികള്‍ക്കാണ് ഇത്തരം മയക്കുമരുന്നു ഇതുപയോഗിക്കാറുള്ളത്.  എന്നാല്‍  തൃശൂരിലെ  ഗ്രാമങ്ങളിലും  ഈ  മയക്കുമരുന്നു കഴിക്കുന്നവര്‍ക്കായി പ്രത്യേകം താവളങ്ങളുണ്ടെന്ന്‌ പൊലീസിനും എക്‌സൈസിനും വിവരം ലഭിച്ചു. എന്‍ജി. കോളേജുകളിലും കുട്ടികള്‍  ഇരയാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്.  പെണ്‍കുട്ടികളും  പ്ലസ്‌ടൂ വിദ്യാര്‍ഥികളും  ഉൾപ്പെടുന്നു.
 
പൊലീസും  പിന്നാലെയുണ്ട്‌ മയക്കുമരുന്നു സംഘങ്ങൾക്കു പിന്നാലെ പൊലീസ്‌ പായുന്നുണ്ട്‌. തൃശൂരിൽ മയക്കുമരുന്നുകേസുകളിൽ പിടികൂടിയവരുടെ  എണ്ണം മൂന്നുവർഷത്തിനകം ഗണ്യമായി ഉയരുകയാണ്‌. കഞ്ചാവ്‌, ഹാഷിഷ്‌ ഓയിൽ, എംഎഡിഎംഎ,  എന്നിവക്കൊപ്പം  എൽഎസ്‌ഡി സ്‌റ്റാമ്പും ചരസുമെല്ലാം  പിടികൂടിയതായി കമീഷണർ ആർ ആദിത്യ അറിയിച്ചു. റൂറൽ പൊലീസ്‌ പരിധിയിലും നിരവധി മയക്കുമരുന്നു കേസുകൾ പിടികൂടിയിട്ടുണ്ട്‌.

മയക്കുമരുന്നു കേസുകൾ
 
2020 –- 166, 2021–- 391, 2022 ജൂൺ 23 വരെ–- 396 
അറസ്‌റ്റിലായ പ്രതികൾ    :  2020 –- 288, 2021–- 391, 2022 ജൂൺ 23 വരെ–-  476
കഞ്ചാവ് പിടികൂടിയത്‌  (കി.ഗ്രാം)  : 2020 – 76.7-9. 2021–- 49.77, 2022 ജൂൺ 23 വരെ–-  11.98 
ഹാഷിഷ്‌ ഓയിൽ (ഗ്രാം):  2020 –1000,  2021–-  1245.84, 2022 ജൂൺ 23 വരെ–-  1150.
എംഡിഎംഎ (ഗ്രാം)         :     2020 –-   4.84, 2021–-   202.99, 2022 ജൂൺ 23 വരെ–-   547.54
വട്ടുഗുളികൾ ( എണ്ണം)   :  2020 –-80, 2021–-  12, 2022 ജൂൺ 23 വരെ–-   200 
 
മയക്കുമരുന്നു വേട്ടയുമായി 
എക്‌സൈസും 
 
ജില്ലയിൽ മയക്കുമരുന്നു സംഘങ്ങളെ പിടികൂടാൻ എക്‌സൈസ്‌ സംഘങ്ങൾ അതീവ ജാഗ്രതയിലാണ്‌. ഇന്റലിജൻസ്‌ സംഘങ്ങൾ ഉൾപ്പെടെ ജില്ല നിരീക്ഷണത്തിലാണ്‌. എക്‌സൈസ്‌ സംഘം പിടികൂടിയതിൽ   മാജിക്‌ മഷ്‌റൂം എന്ന വിഷക്കൂണ്‌ 515 മില്ലിഗ്രാം,  കറുപ്പ്‌ 1 ഗ്രാം, ഹാഷിഷ്‌ 10.1 ഗ്രാം, ഹെറൊയിൻ 0.44 ഗ്രാം   തുടങ്ങിയവയും  ഉൾപ്പെടുന്നു. കഴിഞ്ഞവർഷം 23 വണ്ടികളും ഈ വർഷം എട്ടുവണ്ടികളും പിടിച്ചെടുത്തതായും എക്‌സൈസ്‌ തൃശൂർ ഡെപ്യൂട്ടി കമീഷണർ കെ പ്രേംകൃഷ്‌ണ അറിയിച്ചു.
 
മയക്കുമരുന്നു കേസുകൾ : 2021–- 449,  2022  ജൂൺ 25 വരെ–-234
കഞ്ചാവ്‌ : 2021–-152.79 കിലോ, 2022  ജൂൺ 25 വരെ –-113.992 കിലോ
എംഡിഎംഎ: 2021–- 56.954 ഗ്രാം, 2022  ജൂൺ 25 വരെ–- 15.009 ഗ്രാം
ഹാഷിഷ്‌ ഓയിൽ: 2021–- 1690.-18 ഗ്രാം, 2022  ജൂൺ 25 വരെ–- 6172.52 ഗ്രാം
വട്ടുഗുളികൾ: 2021–- 31.44 ഗ്രാം, 2022  ജൂൺ 25 വരെ–- 91.15 ഗ്രാം. 
കഞ്ചാവ്‌ ചെടി 2021–- 28 എണ്ണം, 2022  ജൂൺ 25 വരെ–- 8 എണ്ണം
 
‘വിമുക്തി’  നേടാം
 
ചാലക്കുടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ ആരംഭിച്ച ലഹരിമോചന കേന്ദ്രത്തിൽ   കിടത്തി ചികിത്സ  ഉൾപ്പെടെയുണ്ട്‌.  2021 ജൂൺ മുതൽ മെയ്‌ വരെ 2147 പേർ ഇവിടെ ചികിത്സതേടിയെത്തി.  114 പേരെ കിടത്തി ചികിത്സ നടത്തി.  ഇതിൽ 18 വയസ്സിനു താഴെയുള്ളവർ 389 പേരാണ്‌. 18–-23 ഇടയിൽ പ്രായമുള്ളവർ 228 ആണ്‌.  ചികിത്സയുടെ ഭാഗമായി കൗൺസിലിങ്,  പുനരധിവാസം, ടെലിഫോളോ അപ്പ് എന്നീ സൗജന്യ സേവനങ്ങൾ ഇവിടെ ലഭ്യമാണ്.
 
ലഹരി വിപത്തിനെക്കുറിച്ച്  അവബോധം നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച ലഹരി വിമുക്ത പ്രചരണ പരിപാടിയായ ‘വിമുക്തി’ വഴി ജില്ലയിലും ബോധവൽക്കരണം ശക്തിപ്പെടുകയാണ്‌. സ്‌കൂള്‍ കോളേജ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത ക്ലബ്ബുകള്‍, സ്റ്റൂഡന്റ് പൊലീസ് കേഡറ്റുകള്‍, നാഷണല്‍ സര്‍വീസ് സ്‌കീമുകള്‍, കുടുംബശ്രീ, റെസിഡന്‍സ് അസോസിയേഷനുകള്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, ലഹരി വിമുക്ത ഓര്‍ഗനൈസേഷനുകള്‍,  സ്ത്രീകളുടെയും യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും കൂട്ടായ്മകള്‍ എന്നിവയിലൂടെ   വിമുക്തി മിഷന്‍ ലഹരിയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top