26 April Friday

"എലിഫന്റ് വിസ്‌പറേഴ്‌സ്' ഇന്ത്യ എന്താണെന്നതിനെക്കുറിച്ചുള്ള വേറിട്ട ഒരു ജീവിതസമീപനം; മന്ത്രി ഡോ. ആർ ബിന്ദുവിന്റെ കുറിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 13, 2023

ഇന്ത്യ എന്താണെന്നതിനെക്കുറിച്ചുള്ള വേറിട്ട ഒരു ജീവിതസമീപനമാണീ ചിത്രം. അതിനുള്ളതാണ് പുരസ്‌കാരം. എലിഫന്റ് വിസ്‌പറേഴ്‌സ് നേടിയ ഓസ്‌കാർ ബഹുമതി 'ഇന്ത്യൻ ജീവിത'ത്തിനു ലഭിച്ചിരിക്കുന്ന പുരസ്‌കാരമാണെന്നതിൽ സംശയിക്കുന്നേയില്ല!. മന്ത്രി ഡോ. ആർ ബിന്ദുവിന്റെ കുറിപ്പ്‌:

ഇന്ത്യയെന്താണെന്ന് പുറത്തറിയുന്നതിൽ അതിൽ ഉൾപ്പെട്ടവർക്കു തന്നെ നാണക്കേടു തോന്നിയ ഒരു ഡോക്യുമെന്ററി കുപ്രസിദ്ധി നേടിയതിനു പിന്നാലെ, ഇന്ത്യൻ ജൈവജീവിതം എങ്ങനെയാണെന്ന് കോൾമയിർ കൊള്ളിച്ച് അനുഭവിപ്പിക്കുന്ന മറ്റൊരു ഡോക്യുമെന്ററി വിശ്വാംഗീകാരം നേടിയിരിക്കുന്നു!.

ഭർത്താവിനെ കടുവ കൊന്ന ബെല്ലി.. മനുഷ്യൻ കെട്ടിയ വൈദ്യുതി വേലി അമ്മപ്പിടിയെ കൊന്നതു കൊണ്ട് അനാഥനായ കുഞ്ഞുകൊമ്പൻ രഘു.. കൊമ്പന്റെ ആക്രമണത്തിൽ നിന്ന് ജീവൻ തിരിച്ചുകിട്ടിയ ബൊമ്മൻ. മൃഗ - മനുഷ്യ സംഘർഷം മുറ്റി നിൽക്കുന്ന അനുഭവങ്ങൾ താണ്ടി വന്നവർ!
ഇവർക്കൊരുമിച്ച് ഒരു ജീവിതം - അതും, അച്ഛനും അമ്മയും മകനുമായി പരമ്പരാഗത കുടുംബ ജീവിതം! - സംഭവിക്കുന്നത് നമ്മൾ നാഗരികരുടെ കൺമിഴിപ്പിക്കും വിധം ചിത്രീകരിച്ച ചലച്ചിത്രത്തിനാണ് ലോകസമ്മാനം. അനാഥയായ പിടിക്കുഞ്ഞി അമ്മുവിനെക്കൂടി ചേർത്ത് ആ കുടുംബജീവിതനദിയ്ക്ക് ഒഴുകാനാവുകയും ചെയ്യുന്നു! അതിലെ അത്ഭുതം നാഗരിക കുടുംബജീവിതങ്ങളുടെ മൂലക്കല്ലുകളായി നാം ഉറച്ചു വിശ്വസിച്ചു പോരുന്ന മൂല്യ സങ്കല്‌പങ്ങൾ പൊയ്ക്കാലുകളല്ലേ എന്ന് ഹൃദയമുള്ള ഏവരിലും വിചാരമുയർത്തും.

മൃഗങ്ങളും മനുഷ്യരും തമ്മിലെ  - പ്രകൃതിയും മനുഷ്യനും തമ്മിലെ എന്നു വിശാലമായെടുക്കാം - സംഘർഷബന്ധങ്ങൾ വൻ ചർച്ചയാവുന്ന സമയത്താണീ ചിത്രം ഇന്ത്യയുടെ പ്രതിനിധാനമാകുന്നതെന്നത് മനോഹരമായിരിക്കുന്നു. ഇന്ത്യ എന്നാൽ ഇച്ചിത്രത്തിൽ, ഏതോ വിദൂരദേശമല്ല, നമ്മുടെ അയൽപ്രദേശമായ നീലഗിരിക്കാടുകളാണെന്നത്, ദക്ഷിണേന്ത്യൻ ജീവിതപാരമ്പര്യധാരകളെ സാകൂതം നോക്കാൻ പ്രേരണ നൽകുന്നതുകൊണ്ട്, കൂടുതൽ ഭംഗിയുള്ള അനുഭവമാകുന്നു. (മുതുമല വന്യജീവി സംരക്ഷണകേന്ദ്രത്തിലെ തെപ്പക്കാട് ആന പരിശീലന കേന്ദ്രത്തോടു തൊട്ടുള്ള മൃഗ-മനുഷ്യ സ്നേഹജീവിതമാണീ സിനിമയിൽ).

ഭാഷ ഒന്നല്ലെന്നേയുള്ളൂ, അവർ നമ്മളിൽപ്പെടുന്നവർ തന്നെ എന്ന ബെല്ലിയും ബൊമ്മനും തൊടുത്തുവിടുന്ന ഒറ്റ വാചകത്തിൽ തന്നെയുണ്ട് ഇന്ത്യൻ ആദിമജീവിതത്തിന്റെ ജീവസ്നേഹ നിറവ്. മനുഷ്യ ജാതിയും മൃഗജാതിയുമെന്ന വിഭജനമേയുള്ളൂ എന്നു പറഞ്ഞതിനു തുടർച്ചയായി 'നമുക്ക് ജാതിയില്ല' എന്നുകൂടി കൂട്ടിച്ചേർത്ത ഗുരുദർശനത്തിന്റെ ഔന്നത്യം തുളുമ്പുന്ന വാക്കുകളാണവ. അത് അപരിഷ്‌കൃതമെന്നു കരുതുന്ന കാട്ടു(നായ്ക്ക)ജീവിതത്തിൽ നിന്ന് കേൾപ്പിച്ചുതരിക വഴി കാർത്തികി ഗോൺസാൽവേസ് നെല്ലിക്കാച്ചവർപ്പുള്ള മധുരമാണ് വിവേകബുദ്ധികൾക്ക് തലയിൽ തുളിച്ചു തരുന്നത്.

41 മിനിട്ട് നീണ്ട കഥാവിഷ്‌കാരത്തിലെ മാനുഷികമായ ട്രീറ്റ്മെന്റ് കൂടി പുരസ്‌കാരത്തിന് തീർച്ചയായും ഘടകമായിക്കാണും. മുഴുവനായും ഈ ദമ്പതികളുടെ ആവാസവ്യവസ്ഥയിലാണ് അതിന്റെ ചിത്രീകരണം. അപ്പോഴും, അവരുടെ ദൈനംദിന ജീവിതക്രമങ്ങളെ സിനിമയെടുക്കലിന്റെ പേരിൽ തെല്ലുപോലും താളം തെറ്റിക്കാതെ!.

ഇന്ത്യ എന്താണെന്നതിനെക്കുറിച്ചുള്ള വേറിട്ട ഒരു ജീവിതസമീപനമാണീ ചിത്രം. അതിനുള്ളതാണ് പുരസ്‌കാരം. എലിഫന്റ് വിസ്‌പറേഴ്‌സ് നേടിയ ഓസ്‌കാർ ബഹുമതി 'ഇന്ത്യൻ ജീവിത'ത്തിനു ലഭിച്ചിരിക്കുന്ന പുരസ്‌കാരമാണെന്നതിൽ സംശയിക്കുന്നേയില്ല!. കുപ്രസിദ്ധമായ ആ ഉപമ ചമച്ചവരുടെ -കാറോടിക്കുമ്പോൾ അടിയിൽപ്പെടുന്ന നായ്ക്കളെ നാം ഗൗനിക്കേണ്ടതുണ്ടോ എന്ന് കൂട്ട മനുഷ്യഹത്യയ്ക്ക് ചമൽക്കാരമുണ്ടാക്കിയവരുടെ - അല്ല ഇന്ത്യയെന്ന് അഭിമാനവും ആത്മവിശ്വാസവും ഉണർത്തിത്തന്നതിന് ഈ ചലച്ചിത്രകാരിയോട് നാം കടപ്പെട്ടിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top