18 April Thursday

വാഹനത്തിരക്ക്‌, മറിഞ്ഞുവീഴാറായ മരങ്ങൾ; ചെറുതല്ല താമരശേരി ചുരത്തിലെ ദുരിതം

പി ആർ ഷിജുUpdated: Monday Feb 6, 2023

താമരശേരി ചുരം

കൽപ്പറ്റ > താമരശേരി ചുരം മനോഹരമാണ്‌, അതിലൂടെയുള്ള യാത്രയും. എന്നാൽ, പതിവായുള്ള വാഹനത്തിരക്കും അടർന്ന്‌ വീഴാറായ പാറക്കല്ലുകളും മറിഞ്ഞുവീഴാറായ മരങ്ങളും ചുരം യാത്ര ദുഷ്‌കരമാക്കുകയാണ്‌. അടിവാരം മുതൽ വ്യൂ പോയിന്റ്‌ വരെ റോഡിൽ എവിടെയും കുഴിയില്ല. എന്നിട്ടും പലപ്പോഴും പാതയിൽ കുരുക്ക്‌ പതിവ്‌. റിപ്പബ്ലിക്‌ ദിനത്തിൽ വിവിധ സംഘടനകളും എൻജിഒകളും ചേർന്ന്‌ പ്ലാസ്‌റ്റിക്‌ ഉൾപ്പെടെ നീക്കിയതിനാൽ ക്ലീൻ ആണ്‌.
 
ചുരം പൂർണമായി കോഴിക്കോട്‌ ജില്ലയിലെ പുതുപ്പാടി പഞ്ചായത്തിലാണ്‌. എന്നാൽ, യാത്രാദുരിതം പൂർണമായി വയനാട്ടുകാർക്കാണ്‌. കഴിഞ്ഞ ക്രിസ്‌മസ്‌ തലേന്ന്‌ രാവിലെ ഏഴ്‌ മുതൽ പകൽ 12 വരെ അഞ്ച്‌ മണിക്കൂറാണ്‌ ചുരം കുരുക്കിൽ കുടുങ്ങിയത്‌. കാറിലും ബസ്സിലും എത്തിയ സ്‌ത്രീകൾ അടക്കമുള്ളവർ വിയർത്തുകുളിച്ചു. ഭക്ഷണവും വെള്ളവും കിട്ടാതെ സർവരും വലഞ്ഞു. പിന്നീട്‌ പലതവണ രാത്രിയും പകലുമായി ഗതാഗതം മുടങ്ങി. ആറു മുതൽ ഒമ്പതുവരെയുള്ള വളവുകളിലാണ്‌ ഗതാഗതക്കുരുക്ക്‌ രൂക്ഷം. ഈ വളവുകളിൽ ഒരേസമയം രണ്ട്‌ വലിയ വാഹനങ്ങൾക്ക്‌ കടക്കാനാവില്ല. 12 കിലോമീറ്റർ ചുരം താണ്ടാൻ മിക്കപ്പോഴും ഒരു മണിക്കൂറിലധികം വേണം.
 
എട്ട്‌, ഒമ്പത്‌ വളവുകൾക്കിടയിൽ റോഡിനാവട്ടെ വീതി വളരെ കുറവാണ്‌. ഒമ്പതാംവളവിന്റെ തൊട്ടുതാഴെയുള്ള ഭാഗമാണ്‌ ഏറ്റവും ഇടുങ്ങിയത്‌. ഇവിടെ മുകൾഭാഗം പാറയും താഴെ വലിയ കൊക്കയുമായതിനാൽ ഒരുതരത്തിലും വീതി കൂട്ടാനാവില്ല. കുന്നിൻമുകളിൽനിന്ന്‌ മഴക്കാലത്ത്‌ കല്ലും മണ്ണും ഒലിച്ചിറങ്ങി ഓവുചാലുകൾ നിറയുന്നതാണ്‌ മറ്റൊരു പ്രശ്‌നം. മഴക്കാലത്തിന്‌ മുമ്പ്‌ ഇവ നീക്കാറുണ്ടെങ്കിലും സ്ലാബ്‌ ഇല്ലാതെ തുറന്ന്‌ കിടക്കുന്നതിനാൽ കാറുകളും, ഇരുചക്ര വാഹനങ്ങളും വീഴുന്നത്‌ പതിവ്‌. 
 
പ്രതീക്ഷ നവീകരണത്തിൽ
 
കോഴിക്കോട്‌ ഈങ്ങാപ്പുഴ മുതൽ മുത്തങ്ങവരെയുള്ള റോഡ്‌ നവീകരണത്തിലാണ്‌ ഇനിയുള്ള പ്രതീക്ഷ. താമരശേരി ചുരം ഉൾപ്പെടെ വീതികൂട്ടി നവീകരിക്കാനാണ്‌ പദ്ധതി.  കോഴിക്കോട്‌ ജില്ലയിലെ പുതുപ്പാടി മുതൽ വയനാട്ടിലെ മുത്തങ്ങവരെയുള്ള 77 കിലോമീറ്ററിലാണ്‌ നവീകരണം. ഇതിൽ ചുരം ഉൾപ്പെടുന്ന ഭാഗത്ത്‌ വനഭൂമി ഏറ്റെടുക്കണം. ഇതിന്‌ വനംവകുപ്പ്‌ ഉടൻ അനുമതി നൽകും. അനുമതി ലഭിച്ചാലുടൻ സ്ഥലം ഏറ്റെടുത്ത്‌ വീതികൂട്ടേണ്ട ഭാഗത്തുള്ള മരങ്ങൾ മുറിച്ചുമാറ്റും.
 
സ്ഥലം അളന്നു തിട്ടപ്പെടുത്തി മുറിച്ചുമാറ്റേണ്ട മരങ്ങൾ നേരത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്‌. ഇതോടൊപ്പം ആനക്കാംപൊയിൽ–മേപ്പാടി കള്ളാടി തുരങ്കപാത യാഥാർഥ്യമായാൽ ചുരത്തിലെ തിരക്ക്‌ കുറയ്‌ക്കാനാവും. നോർവീജിയൻ സാങ്കേതിക സഹായത്തോടെ തുരങ്കപാത യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ്‌ സംസ്ഥാന സർക്കാർ. നാലാംവളവിൽനിന്ന്‌ അടിവാരത്തേക്ക്‌ ബൈപാസ്‌ നിലവിലുണ്ട്‌. കുത്തനെയുള്ള കയറ്റങ്ങളും വീതികുറവും കാരണം വലിയ ഭാരവാഹനങ്ങൾക്ക്‌ ഇതുവഴി പോകാനാവില്ല. ഈ റോഡ്‌ വീതികൂട്ടി കയറ്റം കുറച്ചാൽ കുറേ വാഹനങ്ങൾ ഇതുവഴി വിടാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top