29 March Friday

തലശേരി-മൈസൂരു റെയിൽപ്പാത സർവേ പുരോഗമിക്കുന്നു

സ്വന്തം ലേഖകൻUpdated: Monday Nov 29, 2021

ഹെലിബോൺ സർവേയുടെ ഭാഗമായി ഹെലികോപ്‌ടർ പറത്തുന്നു

തലശേരി> തലശേരി–-മൈസൂരു റെയിൽപ്പാതയുടെ ഹെലിബോൺ ജ്യോഗ്രഫിക്കൽ,   ടോപ്പോഗ്രഫിക്കൽ, ട്രാഫിക്‌ സർവേകൾ പുരോഗമിക്കുന്നു. മണ്ണുപരിശോധനയും തുടങ്ങി. സർവേ പൂർത്തിയായാലുടൻ കേരളാതിർത്തിവരെയുള്ള വിശദമായ പദ്ധതി രൂപരേഖ
 തയാറാക്കും.

കൊങ്കൺ റെയിൽ കോർപ്പറേഷനായി ഹൈദരാബാദ്‌ ആസ്ഥാനമായ സിഎസ്‌ഐആർഎൻജിആർഐ ആണ്‌ ഹെലിബോൺ ജ്യോഗ്രാഫിക്കൽ സർവേ നടത്തുന്നത്‌. ബത്തേരി ഹെലിപ്പാഡ്‌ കേന്ദ്രമാക്കിയാണ്‌ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള ജ്യോഗ്രഫിക്കൽ മാപ്പിങ്.   ബ്രിട്ടീഷ്‌കാലം മുതലുള്ള സ്വപ്‌നപാതയിലേക്കാണ്‌ എൽഡിഎഫ്‌ സർക്കാർ നിശ്‌ചയദാർഢ്യത്തോടെ ചുവടുവയ്‌ക്കുന്നത്‌. വയനാടൻ മലയോരം റെയിൽ ശൃംഖലയുടെ ഭാഗമാകുമെന്നതാണ്‌ മൈസൂരു പാതയുടെ  പ്രധാന നേട്ടം.

മൈസൂരുവിലേക്കുള്ള എളുപ്പവഴിയും തുറക്കപ്പെടും. തലശേരി മുതൽ പുൽപ്പള്ളിവരെ 120 കിലോമീറ്ററിലാണ്‌ റെയിൽ. പലയിടത്തും ടണൽ ആവശ്യമായിവരും. സർവേയ്‌ക്കുശേഷമേ ഇവയുടെ സ്ഥാനം തീർപ്പാക്കാനാവൂ.

   മൈസൂരു പാത മലബാറിനുമുന്നിൽ തുറന്നിടുന്നത്‌ അനന്തസാധ്യതയാണ്‌. കർണാടകത്തിനും നേട്ടങ്ങളേറെ. കേരള റെയിൽ ഡെവലപ്‌മെന്റ്‌ കോർപ്പറേഷൻ ചുമതലപ്പെടുത്തിയ സിസ്‌ട്രാ എന്ന സ്ഥാപനമാണ്‌ ഡിപിആർ തയാറാക്കുന്നത്‌. കർണാടക കൂടി മനസ്സുവച്ചാൽ തലശേരി–-മൈസൂരു പാത യാഥാർഥ്യമാകും.

കർണാടകയിലെ നാഗർഹോള, ബന്ദിപ്പൂർ വനമേഖലയിലെ കബനി നദിയ്‌ക്കടിയിൽ ടണൽവഴി പാത നിർമിക്കണമെന്ന നിർദേശം കേരള റെയിൽ ഡെവലപ്‌മെന്റ്‌ കോർപ്പറേഷൻ കർണാടകത്തിന്‌ സമർപ്പിച്ചിരുന്നു. പദ്ധതിച്ചെലവിന്റെ 51 ശതമാനം കേന്ദ്രവും 49 ശതമാനം സംസ്ഥാനവുമാണ്‌ വഹിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top