29 March Friday

തലശേരി ഇരട്ടക്കൊലപാതകം: പ്രതികളുടെ ആർഎസ്‌എസ്‌ ബന്ധം മറച്ച്‌ മാധ്യമങ്ങൾ

സ്വന്തം ലേഖകൻUpdated: Saturday Nov 26, 2022

തലശേരി ഇരട്ടക്കൊലക്കേസ്‌ പ്രതി കെ നവീൻ ബിജെപി സംസ്ഥാന 
പ്രസിഡന്റ്‌ കെ സുരേന്ദ്രനൊപ്പം

തലശേരി > തലശേരി ഇരട്ടക്കൊലപാതകത്തിലും സിപിഐ എമ്മിനെ അടിക്കാൻ വടി നോക്കുന്നവർ സഹായിക്കുന്നത്‌ മയക്കുമരുന്നു മാഫിയയെ. മയക്കുമരുന്നുവിപത്തിനെതിരെ എൽഡിഎഫ്‌ സർക്കാരും സിപിഐ എമ്മും ശക്തമായ നടപടി സ്വീകരിക്കുമ്പോഴാണ്‌, പ്രതികളുടെ ആർഎസ്‌എസ്‌ ബന്ധം മറച്ചുവെച്ച്‌ മാധ്യമങ്ങളും  പ്രതിപക്ഷവും ചേർന്ന്‌ കള്ളക്കളി നടത്തുന്നത്‌. പ്രതികളിലൊരാൾക്ക്‌ പാർടി ബന്ധമുണ്ടെന്ന്‌ ആരോപിച്ച്‌ അതിന്റെ മുഴുവൻ കുറ്റവും സിപിഐ എമ്മിന്റെമേൽ കെട്ടിവെക്കാനാണ്‌ ഇക്കൂട്ടർ ശ്രമിക്കുന്നത്‌.

സിപിഐ എം പ്രവർത്തകരായ നെട്ടൂർ ഇല്ലിക്കുന്നിലെ പൂവനാഴി ഷെമീറിനെയും കെ ഖാലിദിനെയും കുത്തിക്കൊന്ന സംഭവത്തിലാണ്‌ മയക്കുമരുന്ന്‌ മാഫിയയെ സഹായിക്കാനുള്ള മാധ്യമ–-ആർഎസ്‌എസ്‌ കൂട്ടുകെട്ടിന്റെ നീക്കം. ഹീനമായ കൊലപാതകത്തിലും വലതുപക്ഷ മാധ്യമങ്ങളും കോൺഗ്രസും ബിജെപിയും മറിച്ചൊരു നിലപാട്‌ എടുക്കുന്നതിനുപിന്നിൽ  സിപിഐ എമ്മിനെ അടിക്കുകയെന്ന ഏക രാഷ്ട്രീയ അജൻഡ. കൊലയാളിസംഘാംഗമായ നെട്ടൂർ ചിറക്കക്കാവ്‌ വാട്ടർടാങ്കിനടുത്ത വണ്ണത്താൻവീട്ടിൽ കെ നവീൻ  ആർഎസ്‌എസിന്റെ പ്രധാന പ്രവർത്തകനാണ്‌.

ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനൊപ്പമുള്ള ഇയാളുടെ ചിത്രവും പുറത്തുവന്നു. മറ്റൊരു പ്രതി പാറായി ബാബുവും നേരത്തേ ആർഎസ്‌എസ്‌–-ബിജെപി പ്രവർത്തകനായിരുന്നു. കൂട്ടുപ്രതി ജാക്‌സൺ കഞ്ചാവ്‌ മൊത്തവിൽപ്പനക്കാരനും പൊലീസിന്റെ നോട്ടപ്പുള്ളിയുമാണ്.  ലഹരി കച്ചവടത്തിലെ സഹായികളാണ്‌ മറ്റു പ്രതികൾ. ഒരാളുടെ മാത്രം പൂർവചരിത്രം ചികഞ്ഞവർ മറ്റുപ്രതികളുടെ രാഷ്ട്രീയബന്ധവും ക്രിമിനൽ പശ്‌ചാത്തലവും മിണ്ടുന്നില്ല. നാടാകെ യോജിച്ച്‌ എതിർക്കുന്ന ലഹരിമാഫിയാ സംഘത്തെയാണ്‌  വെളുപ്പിച്ചെടുക്കാൻ നോക്കുന്നത്‌.

ഇല്ലിക്കുന്നിൽ ലഹരിവിൽപ്പനയെ ചോദ്യംചെയ്‌തത്‌ ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്‌. ചിറക്കക്കാവിനടുത്ത ജാക്‌സന്റെ കഞ്ചാവ്‌ വിൽപ്പനയെക്കുറിച്ച്‌ പൊലീസിനെ അറിയിച്ചതും ഇവർതന്നെ. ധർമടം പൊലീസ്‌ പലവട്ടം ഇയാളുടെ വീട്‌ റെയ്‌ഡ്‌ ചെയ്‌തു. ഇതിന്റെ വിരോധത്തിലാണ്‌ കൊല്ലപ്പെട്ട ഷെമീറിന്റെ മകനും ഡിവൈഎഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറിയുമായ ഷബീലിനെ ആക്രമിച്ചത്‌.  സിപിഐ എമ്മും വർഗ–-ബഹുജന സംഘടനകളും സംസ്ഥാനത്തുടനീളം മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായ ബോധവൽക്കരണമാണ്‌ നടത്തുന്നത്‌. മാഫിയകളെ പ്രതിരോധിക്കുന്നതിലും മുന്നിൽനിൽക്കുന്നു. അതേസമയം, വലതുപക്ഷ രാഷ്‌ട്രീയ പാർടികൾ ഈ വിഷയത്തിൽ ചെറുവിരൽപോലുമനക്കുന്നില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top