08 December Friday
ജോപ്പന്റെ വെളിപ്പെടുത്തൽ

തിരുവഞ്ചൂർ ഒത്തുകളിച്ചു , ലക്ഷ്യമിട്ടത്‌ മുഖ്യമന്ത്രിസ്ഥാനം ; ജോപ്പന്റെ വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻUpdated: Friday Sep 22, 2023

ടെനി ജോപ്പൻ, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ


തിരുവനന്തപുരം
യുഡിഎഫ്‌ സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണനെതിരെ വെളിപ്പെടുത്തലുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേഴ്‌സണൽ അസിസ്റ്റന്റ്‌ ടെനി ജോപ്പൻ. തിരുവഞ്ചൂർ ഒത്തുകളിച്ചാണ്‌ ഉമ്മൻചാണ്ടി അറിയാതെ തന്നെ അറസ്റ്റ്‌ ചെയ്‌തതെന്നും മുഖ്യമന്ത്രി ആകുകയായിരുന്നു തിരുവഞ്ചൂരിന്റെ ലക്ഷ്യമെന്നും അറസ്റ്റിനെക്കുറിച്ച്‌ അറിഞ്ഞില്ലെന്ന്‌ ഇപ്പോൾ പറയുന്നത്‌ കള്ളമാണെന്നും ഓൺലൈൻ മാധ്യമത്തോട്‌ ജോപ്പൻ വെളിപ്പെടുത്തി.

സോളാർ കേസിൽ തനിക്ക്‌ പങ്കുണ്ടെന്ന വാർത്തകൾ വന്നതോടെ 2013 ജൂണിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന്‌ രാജിവച്ചു. ഉമ്മൻചാണ്ടി ബഹ്‌റൈനിലേക്ക്‌ പോയപ്പോഴാണ്‌ കോട്ടയം ഡിവൈഎസ്‌പി തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്‌. എഡിജിപി ഹേമചന്ദ്രൻ, തിരുവനന്തപുരം, ചെങ്ങന്നൂർ, കോട്ടയം ഡിവൈഎസ്‌പി എന്നിവരായിരുന്നു ചോദ്യം ചെയ്യാനെത്തിയത്‌. വൈകിട്ടോടെ അറസ്റ്റ്‌ ചെയ്‌തതായി എ ഹേമചന്ദ്രൻ മാധ്യമങ്ങളോട്‌ പറഞ്ഞു. ഇതിനു പിന്നിൽ തിരുവഞ്ചൂരായിരുന്നു. മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്ന്‌ തനിക്കുറപ്പാണ്‌.

തിരുവഞ്ചൂരും ഹേമചന്ദ്രനും ഒത്തുകളിച്ചായിരുന്നു അറസ്റ്റ്‌. മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറിക്കും മറ്റ്‌ ചിലർക്കും ഇതിൽ പങ്കുണ്ടായിരുന്നു. മന്ത്രിമാരുടെ സ്റ്റാഫിൽ കയറിപ്പറ്റാനുള്ള ഒരു കോക്കസ്‌ സെക്രട്ടറിയറ്റിൽ പ്രവർത്തിക്കുന്നുണ്ട്‌. അവരായിരുന്നു ഇതിനു പിന്നിൽ. വഞ്ചനക്കുറ്റമാണ്‌ തനിക്കെതിരെ ചുമത്തിയത്‌. 65 ദിവസം ജയിലിൽ കിടന്നു. ജാമ്യത്തിന്‌ ശ്രമിക്കരുതെന്ന്‌ അന്നത്തെ അഡ്വക്കറ്റ്‌ ജനറൽ തന്റെ വക്കീലിനോട്‌ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തരമന്ത്രി അറിയാതെ തന്റെ അറസ്റ്റ്‌ നടക്കില്ല. തന്നെ അറസ്റ്റ്‌ ചെയ്‌താൽ മുഖ്യമന്ത്രി വിദേശത്തുനിന്ന്‌ വരുമ്പോൾ രാജിവയ്‌ക്കേണ്ടി വരും. തിരുവഞ്ചൂരിന്‌ മുഖ്യമന്ത്രിയാകാൻ വേണ്ടിയായിരുന്നു ഇതെന്നും ജോപ്പൻ വെളിപ്പെടുത്തുന്നു.

പാലക്കാട്‌ കിൻഫ്ര പാർക്കിൽ മൂന്ന്‌ മെഗാവാട്ടിന്റെ  പ്ലാന്റ്‌ സ്ഥാപിക്കാമെന്ന്‌ വാഗദാനം ചെയ്‌ത്‌ 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ്‌ ജോപ്പൻ അറസ്റ്റിലായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top