19 April Friday

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന്റെ മൂലസ്ഥാന ക്ഷേത്രത്തിന് നേരെ ആക്രമണം: വിഗ്രഹം തകര്‍ത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

കൊടുങ്ങല്ലൂര്‍> കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ മൂലസ്ഥാന ക്ഷേത്രത്തിനുനേരെ ആക്രമണം. വിഗ്രഹവും ദീപസ്തംഭവും അടിച്ചു തകര്‍ത്തു.ക്ഷേത്രത്തിന് കേടുവരുത്തി. ആക്രമണം നടത്തിയ തിരുവനന്തപുരം പാറശാല കാരോട് കൊടിക്കത്തറക്കുഴി പുത്തന്‍വീട്ടില്‍ രാമചന്ദ്രനെ (43)പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. ഇയാള്‍ മുമ്പ് മാനസിക രോഗത്തിന് ചികിത്സ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍നിന്ന് 100 മീറ്റര്‍ തെക്കായി ദേശീയപാതയ്ക്കരികില്‍  മൂലസ്ഥാനക്ഷേത്രത്തിനുനേരെ ചൊവ്വാഴ്ച രാവിലെ അഞ്ചിനായിരുന്നു ആക്രമണം.

മേല്‍ക്കൂരയില്ലാത്ത ക്ഷേത്രത്തിന്റെ ഇരുമ്പുവാതിലിന്റെ താഴു തകര്‍ത്ത് അകത്തുകയറിയ അക്രമി ഇരുമ്പുപൈപ്പ് ഉപയോഗിച്ചാണ്  വിഗ്രഹവും ദീപസ്തംഭവും തകര്‍ത്തത്. ഈ വഴി കടന്നുപോയ നാട്ടുകാര്‍  ക്ഷേത്രത്തില്‍ അക്രമം നടത്തുന്ന വിവരം പൊലീസിനെ അറിയിച്ചു. ക്ഷേത്രത്തിന്റെ മൂലയില്‍ പതുങ്ങിയിരിക്കുന്ന അക്രമിയെ പൊലീസ് കണ്ടെത്തി. ഇതോടെ ഇയാള്‍ അക്രമാസക്തനായി പൊലീസിനും നാട്ടുകാര്‍ക്കും നേരെ ഇരുമ്പുപൈപ്പ് വീശി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന നാട്ടുകാരും പൊലീസും ബലപ്രയോഗത്തിലൂടെയാണ് അക്രമിയെ കീഴ്പ്പെടുത്തിയത്. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴും ഇയാള്‍ അക്രമാസക്തനായി പൊലീസ് ജീപ്പിന്റെ ചില്ല് തകര്‍ക്കാന്‍ ശ്രമിച്ചു.

കുറച്ചു ദിവസമായി ശ്രീ കാളീശ്വരി തിയറ്ററിന് സമീപം ലോഡ്ജില്‍ താമസിക്കുകയായിരുന്ന ഇയാള്‍  കൂട്ടുകാരനുമായി ബൈപാസ് റോഡില്‍ പെട്ടിക്കട തുടങ്ങാനാണ് കൊടുങ്ങല്ലൂരിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊടുങ്ങല്ലൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ക്ഷേത്രം ആക്രമിച്ച കേസ് കൊടുങ്ങല്ലൂര്‍ എസ്‌ഐ രവികുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top