09 August Tuesday
കോൺഗ്രസ്‌ ബിജെപിയെ പേടിച്ച്‌ മുട്ടിലിഴയുന്നു; ടീസ്‌ത സെതൽവാദിനെ അറസ്‌റ്റ്‌ ചെയ്‌തപ്പോൾ എന്ത്‌ ചെയ്‌തു

കോൺഗ്രസിന്‌ ആർഎസ്‌എസ്‌ ദൗത്യം ; ക്രമസമാധാന പ്രശ്‌നമുണ്ടാക്കി 
അതിനെ ന്യായീകരിക്കുന്നു , കലാപക്കളമാക്കാമെന്നത്‌ വ്യാമോഹം

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022


തിരുവനന്തപുരം
സംഘപരിവാറിനുവേണ്ടി കേരളത്തെ കലാപ കലുഷിതമാക്കാനുള്ള ദൗത്യമാണ്‌ കോൺഗ്രസ്‌ ഏറ്റെടുത്തിരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ കലാപക്കളമാക്കാമെന്ന്‌ കരുതിയാൽ അത്‌ വ്യാമോഹമായിരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വയനാട്‌ എംപിയുടെ ഓഫീസിലുണ്ടായ അനിഷ്ട സംഭവങ്ങളെ   സിപിഐ എം വയനാട്‌ ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും പാർടി ജനറൽ സെക്രട്ടറിയും തള്ളിപ്പറഞ്ഞു. സർക്കാർ കർക്കശ നിയമനടപടികളും സ്വീകരിച്ചു.  പെൺകുട്ടികളെയടക്കം അറസ്റ്റ്‌ ചെയ്‌തു. ചുമതലയുണ്ടായിരുന്ന ഡിവൈഎസ്‌പിയെ സസ്‌പെൻഡ്‌ ചെയ്‌തിട്ടുമുണ്ട്‌.

ഒരു സംഭവം കിട്ടിയെന്ന മട്ടിൽ ഒരുപാട്‌ തെറ്റായ കാര്യങ്ങൾക്കാണ്‌ പ്രതിപക്ഷം ശ്രമിക്കുന്നത്‌. എങ്ങനെ കലാപാന്തരീക്ഷം സൃഷ്ടിക്കാനാകുമെന്നാണ്‌ അവർ നോക്കിയത്‌. പ്രകോപനപരമായ പ്രസ്താവനകൾക്കു പുറമെ പത്രഓഫീസിനും മറ്റ്‌ കെട്ടിടങ്ങൾക്കും പ്രചാരണ സാമഗ്രികൾക്കുമെതിരെ അക്രമമുണ്ടായി. കൽപ്പറ്റ എംഎൽഎയുടെ ഗൺമാനടക്കം അക്രമത്തിൽ പങ്കാളിയായി. പ്രതിപക്ഷ നേതാവിനോട്‌ വാർത്താസമ്മേളനത്തിൽ ചോദ്യമുന്നയിച്ചയാളെ ഇറക്കിവിടുമെന്ന്‌ ഭീഷണിപ്പെടുത്തി. മാധ്യമപ്രവർത്തകരുടെ കൈകൾ അറുത്തുമാറ്റുമെന്നാണ്‌ അവിടെ അണികൾ ആക്രോശിച്ചത്‌.  കോൺഗ്രസ്‌ നേതൃത്വത്തിന്റെ അറിവോടെയാണ്‌ ഇതെല്ലാം നടക്കുന്നത്‌.

വിമാനത്തിലുണ്ടായ സംഭവത്തിനുശേഷം ഞങ്ങളുടെ കുട്ടികളെ ഞങ്ങൾ സംരക്ഷിക്കുമെന്ന പ്രതികരണമാണ്‌ നേതൃത്വം നടത്തിയത്‌. നേതൃത്വം ഇത്തരത്തിൽ പ്രതികരിക്കുമ്പോൾ അക്രമം സ്വാഭാവികമായും മുന്നോട്ട്‌ പോകും. കഴിയാവുന്നത്ര ക്രമസമാധാന പ്രശ്‌നമുണ്ടാക്കാനാണ്‌ കോൺഗ്രസ്‌ നേതൃത്വം ആഗ്രഹിക്കുന്നത്‌. പിന്നീട്‌ അതിനെ ന്യായീകരിക്കുന്നു.  ദേശാഭിമാനിക്കും സിപിഐ എം ഓഫീസുകൾക്കും നേരെയുള്ള   ആക്രമണത്തെയും ന്യായീകരിച്ചു.  നടപടിയെടുക്കാനോ അപലപിക്കാനോപോലും തയ്യാറാകുന്നില്ല.  പൊലീസ്‌ ഉദ്യോഗസ്ഥരുടെ തല തല്ലിപ്പൊളിച്ചപ്പോൾ തടയാൻപോലും  തയ്യാറായില്ല. പ്രധാന നേതാക്കളുടെ സാന്നിധ്യത്തിലാണ്‌ ഇതെല്ലാം നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടീസ്‌തയുടെ അറസ്‌റ്റ്‌ : കോൺഗ്രസ്‌ പ്രതികരണം പരിഹാസ്യം
ബിജെപിയെ ഭയന്ന് മുട്ടിലിഴയുകയാണ് കോൺഗ്രസെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏറ്റവും ഒടുവിൽ  ടീസ്‌ത സെതൽവാദ്‌, ആർ ബി ശ്രീകുമാർ എന്നിവരെ അറസ്റ്റ്‌ ചെയ്‌ത വിഷയത്തിലടക്കമുള്ള പ്രതികരണങ്ങളും അത്‌ വ്യക്തമാക്കുന്നു. മുസ്ലിംലീഗ്‌ അടക്കമുള്ള പാർടികൾ ഇക്കാര്യം ചിന്തിക്കുന്നത് നന്നാകും.

ഗുജറാത്ത് കലാപത്തിലെ രക്തസാക്ഷിയാണ്‌ കോൺഗ്രസ്‌ എംപി ആയിരുന്ന എഹ്സാൻ ജാഫ്രി. അവരുടെ വിധവയാണ് 85 വയസ്സുള്ള സാകിയ ജാഫ്രി. 19 വർഷത്തിലേറെയായി അവർ നടത്തുന്ന നിയമപോരാട്ടത്തിന്‌ ഒരു ഘട്ടത്തിലും സോണിയ ഗാന്ധിയോ രാഹുൽ ഗാന്ധിയോ പിന്തുണ നൽകിയിട്ടില്ല. വംശഹത്യക്കുശേഷം സോണിയ ഗാന്ധി ഗുജറാത്തിലെത്തിയെങ്കിലും സാകിയയെ കാണരുതെന്നാണ് കോൺഗ്രസ് ബുദ്ധികേന്ദ്രങ്ങൾ ഉപദേശിച്ചത്.  മൃദു ഹിന്ദുത്വ സമീപനമായിരുന്നു അത്‌. ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ ‘ടെംപിൾ ടൂർ' നടത്തിയ രാഹുൽ ഗാന്ധിയും  ഒരക്ഷരം ഉരിയാടിയില്ല.

സാകിയയുടെ കേസിലെ പെറ്റിഷണർ ആയ ടീസ്‌ത സെതൽവാദും ഗുജറാത്ത് മുൻ ഡിജിപിയും മലയാളിയുമായ ആർ ബി ശ്രീകുമാറും അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ജനാധിപത്യ പാർടിയെന്ന്‌ അവകാശപ്പെടുന്ന കോൺഗ്രസ്‌ പ്രതികരിച്ച രീതി കണ്ടാൽ ആ പാർടിയെയോർത്ത് കഷ്ടംതോന്നും. മനു അഭിഷേക് സിങ്‌വി പറഞ്ഞത്‌ വ്യാജരേഖ ചമയ്ക്കൽ, കെട്ടിച്ചമയ്ക്കൽ തുടങ്ങി കുറ്റകൃത്യങ്ങൾ ആരോപിച്ച്‌ ടീസ്‌ത അറസ്റ്റിലായ സംഭവവുമായി ഒരു ബന്ധവുമില്ലാത്തതിനാൽ അഭിപ്രായം പറയാൻ സാധിക്കില്ല എന്നാണ്‌. എന്നാൽ,   സിപിഐ എം, ടീസ്ത, ആർ ബി ശ്രീകുമാർ എന്നിവർക്കെതിരായ കേസ്‌ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top