25 April Thursday

വിജയിച്ച എല്ലാവര്‍ക്കും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കി; സാങ്കേതിക സര്‍വ്വകലാശാലയില്‍ ഭരണസ്‌തംഭനം എന്ന വാര്‍ത്ത സത്യവിരുദ്ധം

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

തിരുവനന്തപുരം> എപിജെ . അബ്ദുള്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതായി ഒരു വിഭാഗം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് സര്‍വകലാശാല സിന്റിക്കേറ്റ് പരീക്ഷാ വിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി അറിയിച്ചു. ബി.ടെക് ബാച്ചിന്റെ 2019 മുതലുള്ള പരീക്ഷാ ഫലങ്ങള്‍ കോഴ്‌സ് കാലയളവായ നാല് വര്‍ഷത്തിനുള്ളില്‍  തന്നെ പ്രഖ്യാപിച്ചുവരുകയാണ്. 2022 ല്‍ വിജയികളായ എല്ലാ വിദ്യാര്‍ഥികള്‍ക്കും പോര്‍ട്ടലില്‍ നിന്നും പ്രൊവിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യുവാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

2022 ഓഗസ്റ്റ് മാസം പ്രസിദ്ധീകരിച്ച ബി.ടെക് പരീക്ഷയില്‍ 13025 വിദ്യാര്‍ഥികള്‍ വിജയിക്കുകയുണ്ടായി. വിജയിച്ച വിദ്യാര്‍ഥികള്‍ക്കെല്ലാം, ഫലം പ്രഖ്യാപിച്ച ദിവസംതന്നെ പോര്‍ട്ടലില്‍ നിന്നും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിരുന്നു. വിജയികളില്‍ 90 ശതമാനത്തോളം വിദ്യാര്‍ഥികളും അവരുടെ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓഗസ്റ്റ് ആദ്യവാരം തന്നെ  പോര്‍ട്ടലില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്തിരുന്നു.

ഈ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ആറുമാസത്തെ സാധുതയുണ്ട്. ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷ തിയ്യതി മുതല്‍ 45 ദിവസത്തിനകം നല്‍കണമെന്നാണ് സര്‍വകലാശാല  തീരുമാനിച്ചിട്ടുള്ളത്. ഡോ. എം. എസ്. രാജശ്രീ വൈസ് ചാന്‍സലറായിരുന്ന കാലയളവില്‍ തന്നെ അപേക്ഷിച്ച 4158 വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിരുന്നു. ക്യാമ്പസ് പ്ലേസ്‌മെന്റ് നേടിയവരും വിദേശ സര്‍വകലാശാലകളില്‍ പ്രവേശനം ലഭിച്ചവരുമായ വിദ്യാര്‍ഥികള്‍ക്കെല്ലാം ഈ കാലയളവില്‍  45 ദിവസത്തിനകം തന്നെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിനു ശേഷം ലഭിച്ച വിദ്യാര്‍ഥികളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റിനായുള്ള സൂക്ഷ്മ പരിശോധന വിവിധ  ഘട്ടങ്ങളിലായി നടന്നുവരികയാണ്.

എന്നാല്‍, തുടര്‍ന്നുവന്ന വിവിധ സെമെസ്റ്ററുകളിലെ സപ്പ്‌ളിമെന്ററി പരീക്ഷകളിലൂടെ അര്‍ഹത നേടിയ വിദ്യാര്‍ഥികള്‍ക്ക് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിന്റെ അംഗീകാരം ലഭിച്ച ശേഷം മാത്രമേ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുവാനാകു.ഈ വര്‍ഷം പുതിയ റെഗുലേഷന്‍ പ്രകാരം പരീക്ഷ നടത്തിയ അവസാന വര്‍ഷ എംസിഎ. കോഴ്‌സിന്റെ പ്രൊവിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ അക്കാഡമിക് കൗണ്‍സില്‍ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ തന്നെ പോര്‍ട്ടലില്‍ ലഭ്യമാക്കും.

വിവിധ സെമസ്റ്റര്‍ പരീക്ഷകളുടെ മൂല്യനിര്‍ണയം നാല്‍പ്പതോളം കേന്ദ്രീകൃത മൂല്യ നിര്‍ണയ ക്യാമ്പുകളിലായി പൂര്‍ത്തിയായി വരുന്നു. സിന്റിക്കേറ്റിന്റെ പരീക്ഷാ ഉപസമിതി മൂല്യനിര്‍ണയ സംവിധാനങ്ങളും പുരോഗതിയും നേരിട്ട് വിലയിരുത്തുകയും പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എണ്‍പത് ശതമാനത്തോളം മൂല്യ നിര്‍ണയവും പൂര്‍ത്തീകരിച്ചു കഴിഞ്ഞു. നവംബര്‍ അവസാനവാരത്തിനകം തന്നെ പരീക്ഷാ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായ എല്ലാ പരീക്ഷകളുടെയും ഫലങ്ങള്‍ സമയബന്ധിതമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോളേജുകളിലെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന അക്കാഡമിക് ഓഡിറ്റ് എല്ലാ കോളേജുകളിലും കഴിഞ്ഞ വാരം മുതല്‍ നടന്നുവരികയാണ് സര്‍വകലാശാല നിയോഗിക്കുന്ന രണ്ടുവീതം അധ്യാപക ഓഡിറ്റര്‍മാര്‍ ഓരോ കോളേജിലും നേരിട്ടെത്തി പാഠ്യ സംവിധാനങ്ങള്‍ സമഗ്രമായി വിലയിരുത്തുന്ന സംവിധാനമാണിത്. ഈ അക്കാഡമിക് ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുകയോ പിന്നോക്കം നില്‍ക്കുകയോ ചെയ്യുന്ന കോളേജുകളുടെ കാര്യത്തില്‍ പരിഹാര നടപടികള്‍ സര്‍വകലാശാല കൈക്കൊള്ളും.

ഇതിനൊപ്പം, മേഖല അടിസ്ഥാനത്തിലുള്ള സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് കേരളത്തിലുടനീളം വിവിധ കോളേജുകളില്‍ നടന്നുവരികയാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top