26 April Friday

വിദേശ മദ്യവില കൂട്ടിയത്‌ സ്‌പിരിറ്റിന്‌ വർധിച്ചതിനാൽ : ടി പി രാമകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021


തിരുവനന്തപുരം
വിദേശ മദ്യവില വർധിപ്പിച്ചത്‌ അസംസ്‌കൃത സാധനങ്ങളുടെ വില വർധിച്ചതിനാലാണെന്ന്‌ മന്ത്രി ടി പി രാമകൃഷ്‌ണൻ നിയമസഭയിൽ വ്യക്തമാക്കി. വർധനവിന്റെ 90 ശതമാനവും നികുതിയായി സർക്കാരിന്‌ തന്നെ ലഭിക്കും.  അനധികൃതമായി ഒന്നും നടന്നിട്ടില്ല.   പ്രതിപക്ഷം പഴയ രീതിവച്ച്  ഈ സർക്കാരിനെ അളക്കരുത്‌. ഒരു മദ്യ കമ്പനിയെയും തനിക്ക് പരിചയമില്ല. മദ്യ കമ്പനി ഉടമകൾ ആരും   തന്നെ വന്ന് കണ്ടിട്ടില്ലെന്നും  മന്ത്രി  പറഞ്ഞു.

മദ്യവില കൂട്ടിയതിൽ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ ആരോപണത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം .   

വർധനവിലൂടെ  വർഷം സർക്കാരിന് 957 കോടി രൂപയും ബിവറേജ് കോർപറേഷന് ഒമ്പത് കോടി രൂപയും  അധിക വരുമാനം ലഭിക്കും. 750 മില്ലീലിറ്റർ മദ്യം വാങ്ങുമ്പാൾ ഗുണഭോക്താവിന് ശരാശരി 40 രൂപയാണ്‌  അധികമായി നൽേകണ്ടിവരിക. സംസ്ഥാന സർക്കാരിന് 35 രൂപയും ഒരു രൂപ ബിവറേജ് കോർപറേഷനും നാല് രൂപ ഡീലർക്കും ലഭിക്കും. 

ബിവറേജ് കോർപറേഷൻ വാങ്ങുന്ന മദ്യത്തിന്റെ വില നിശ്ചയിക്കുന്നത് കോർപറേഷന്റെ ഡയറക്ടർ ബോർഡാണ്.  2020-–-21 ൽ ബെവ്കോ 113 ടെൻഡറുകൾ വിളിച്ചു.  യോഗ്യതയില്ലാതിരുന്ന രണ്ടെണ്ണം തള്ളി. ബാക്കി 111 ഓഫറുകൾ  പരിശോധിച്ചു.   20 ശതമാനം വരെ വർധനവ് വിവിധ കമ്പനികൾ ആവശ്യപ്പെട്ടിരുന്നു.  വില വർധനവ്‌ നൽകിയിട്ട് മൂന്ന് വർഷത്തിലധികമായി.  സ്പിരിറ്റ്  വില വർധനവ്‌ കണക്കിലെടുത്ത് മദ്യ വില  ഏഴ് ശതമാനം വർധിപ്പിക്കാൻ ബെവ്കോ ബോർഡ് തീരുമാനിച്ചു. ഈ വർധനവ്‌ കൊണ്ട് ലഭിക്കുന്ന തുകയുടെ 90 ശതമാനവും നികുതിയായാണ് കണക്കാക്കുന്നത്.
യുഡിഎഫ് സർക്കാർ 2013 ൽ ആറ് ശതമാനം വില വർധിപ്പിച്ചു. എൽഡിഎഫ് സർക്കാരിന്റെ വികസനക്കുതിപ്പിന് മാർഗ തടസ്സം ഉണ്ടാക്കാനാണ് മദ്യവില വർധനവുമായി ബന്ധപ്പെട്ട ആരോപണമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top