20 April Saturday

കിഫ്‌ബി കടക്കെണിയെന്ന പ്രചാരണം ആസൂത്രിതം: മന്ത്രി ടി എം തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020


കിഫ്ബി കേരളത്തെ കടക്കെണിയിലാക്കുമെന്ന പ്രചാരണത്തിൽ കഴമ്പില്ലെന്ന്‌ മന്ത്രി ടി എം തോമസ്‌ ഐസക്‌. കടക്കെണിയെക്കുറിച്ചുള്ള വസ്തുതാവിരുദ്ധ പ്രചാരണം ആസൂത്രിതമാണ്‌. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിനാൻസ്‌ ആൻഡ്‌ ടാക്‌സേഷൻ സംഘടിപ്പിച്ച "വികസനത്തിന്‌ നൂതന പണസമാഹരണ രീതികൾ' വെബിനാറിൽ ദേശീയ മാധ്യമ പ്രതിനിധികൾ ഉന്നയിച്ച ചോദ്യങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു  മന്ത്രി.

കേന്ദ്ര സർക്കാരിന്റെ അനുമതിയോടെയേ സംസ്ഥാനങ്ങൾക്ക് കടമെടുക്കാനാകൂ. ധനഉത്തരവാദിത്തനിയമം കടമെടുപ്പുപരിധി നിശ്ചയിച്ചിട്ടുണ്ട്. കിഫ്ബി സമാഹരിക്കുന്ന പണം പൂർണമായും അടിസ്ഥാനസൗകര്യ വികസനത്തിന്‌ നീക്കിവയ്‌ക്കുന്നു. സാധാരണ ചെലവുകഴിഞ്ഞ് ബജറ്റിൽ മിച്ചംവരുന്നതാണ്‌  വകയിരുത്തുന്നത്‌.

വിദ്യാഭ്യാസ, ആരോഗ്യ, ക്ഷേമ മേഖലകളിൽ ഊന്നൽ നൽകുന്നതിനാൽ കുറച്ചു തുകയേ പശ്ചാത്തലസൗകര്യങ്ങൾക്ക്‌ നീക്കിവയ്‌ക്കാൻ കഴിഞ്ഞിട്ടുള്ളൂ‌. ബജറ്റിനുപുറത്ത് വായ്‌പയെടുത്ത്‌ ഇത്‌ നിറവേറ്റാനുള്ള ഉപകരണമാണ്‌ കിഫ്‌ബി. കമ്പനിയുടെ ആസ്തികൾക്ക്‌ താങ്ങാവുന്നതിനപ്പുറമാകും ബാധ്യതയെന്ന സിഎജിയുടെ ആശങ്കയ്‌ക്ക്‌ അടിസ്ഥാനമില്ല. ഭാവി ബാധ്യത കൃത്യമായി കണക്കാക്കിയിട്ടുണ്ട്‌.  കിഫ്‌ബി നിയമത്തിലൂടെ വ്യവസ്ഥചെയ്ത സ്വതന്ത്ര കമ്പനി സ്ഥാനം കിഫ്ബിക്ക്‌ നൽകാൻ സിഎജി തയ്യാറാകുന്നില്ല. അതിനാലാണ്‌ കിഫ്ബി വായ്‌പകൾ സർക്കാർ വായ്‌പയായി കാണണമെന്ന വാദം ഉയർത്തുന്നതെന്നും ഐസക്‌ പറഞ്ഞു.

ഗിഫ്‌റ്റ്‌ ഡയറക്ടർ ഡോ. കെ ജെ ജോസഫ്‌ അധ്യക്ഷനായി. ജിൻഡാൽ സ്‌കൂൾ ഓഫ്‌ ജേണലിസം ആൻഡ്‌ കമ്യൂണിക്കേഷനിലെ പ്രൊഫ. സുകുമാർ മുരളീധരൻ, ഇക്കണോമിക്‌ ടൈംസ്‌ കൺസൾട്ടിങ്‌ എഡിറ്റർ ടി കെ അരുൺ, മിന്റ്‌ മാനേജിങ്‌ എഡിറ്റർ അനിൽ പത്മനാഭൻ, ഫിനാൻഷ്യൽ എക്‌സ്‌പ്രസ്‌ എക്‌സിക്യൂട്ടീവ്‌ എഡിറ്റർ കെ ജി നരേന്ദ്രനാഥ്‌, ഡെക്കാൺ ക്രേണിക്കിൾ എക്‌സിക്യൂട്ടീവ്‌ എഡിറ്റർ കെ ജെ ജേക്കബ്‌ തുടങ്ങിയവർ പങ്കെടുത്തു.

കെഎസ്‌എഫ്‌ഇ : റിപ്പോർട്ട്‌ പരിശോധിച്ച്‌ നടപടി: മന്ത്രി
കെഎസ്‌എഫ്‌ഇയിൽ വിജിലൻസ്‌ പരിശോധനയുമായി ബന്ധപ്പെട്ട റിപ്പോർട്ട്‌ ലഭിച്ചാലുടൻ നടപടികളെടുക്കുമെന്ന്‌ മന്ത്രി ടി എം തോമസ്‌ ഐസക്‌ പറഞ്ഞു. റിപ്പോർട്ടിന്‌ കാത്തുനിൽക്കാതെ  ചില നടപടികളിലേക്ക്‌ കടക്കുകയാണ്‌. പരിശോധനയുടെ ഭാഗമായി വന്ന മാധ്യമവാർത്തകളിൽ അഞ്ചു പ്രശ്‌നം ഉന്നയിച്ചിട്ടുണ്ട്‌. ഇക്കാര്യം പരിശോധിക്കാൻ കെഎസ്‌എഫ്‌ഇ ഭരണനേതൃത്വത്തോട്‌ ആവശ്യപ്പെട്ടതായും മധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌‌ മന്ത്രി മറുപടി നൽകി.

ചിട്ടി നടത്തിപ്പിൽ കേന്ദ്രീകൃത ഓൺലൈൻ സംവിധാനമടക്കം പരിശോധിച്ചു തുടങ്ങിയതാണ്‌‌. തെരഞ്ഞെടുപ്പ്‌ കാലമായതിനാൽ, പ്രശ്‌നത്തിൽ തർക്കമുണ്ടെന്ന തോന്നൽ സൃഷ്ടിക്കാനാണ്‌ പ്രതിപക്ഷ താൽപ്പര്യം.  ധനവകുപ്പ്‌ വിജിലൻസിനെതിരെ നടപടി ആവശ്യപ്പെട്ടുവെന്ന രീതിയിലുള്ള പ്രചാരണങ്ങളൊക്കെ ഇതിന്റെ ഭാഗമാണ്‌. വിജിലൻസ്‌ പരിശോധനയുടെ റിപ്പോർട്ട്‌ ബന്ധപ്പെട്ട വകുപ്പിനു നൽകും. വകുപ്പ്‌  നടപടി സ്വീകരിക്കും.  വിജിലൻസിന്‌ എന്തും പരിശോധിക്കാനുള്ള അധികാരമുണ്ടെന്നും തോമസ്‌ ഐസക്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top