25 April Thursday

ഗൂഢാലോചന കേസ്‌ : പി സി ജോർജിനെയും 
സ്വപ്‌നയെയും ചോദ്യം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022


തിരുവനന്തപുരം
മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരായ ഗൂഢാലോചനാ കേസിൽ പി സി ജോർജിനെയും സ്വർണക്കടത്ത്‌ കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും പ്രത്യേകാന്വേഷക സംഘം ചോദ്യം ചെയ്യും. നിലവിൽ സ്വപ്‌നയെ ഇഡി ചോദ്യം ചെയ്യുകയാണ്‌. മൂന്ന്‌ ദിവസം ചോദ്യം ചെയ്യുമെന്നാണ്‌ അറിയിച്ചിരിക്കുന്നത്‌. ഇത്‌ പൂർത്തിയായാൽ ചോദ്യം ചെയ്യലിന്‌ ഹാജരാകണമെന്ന്‌ നിർദേശിക്കാനാണ്‌ പ്രത്യേകാന്വേഷക സംഘം ആലോചിക്കുന്നത്‌.

തനിക്കും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളടക്കമുള്ളവർക്കുമെതിരെ സ്വർണക്കടത്ത്‌ കേസിലെ പ്രതികളും പി സി ജോർജും ചേർന്ന്‌ ഗൂഢാലോചന നടത്തുന്നതായി കെ ടി ജലീൽ എംഎൽഎ നൽകിയ പരാതിയിലാണ്‌ അന്വേഷണം. സ്വപ്‌ന ഒന്നാം പ്രതിയും പി സി ജോർജ്‌ രണ്ടാം പ്രതിയുമാണ്‌. ആരോപണ വിധേയരായവരുടെ ഫോൺ രേഖകളും സംഭാഷണങ്ങളും പരിശോധിക്കും.

സ്വപ്‌നയും സരിത്തും പി സി ജോർജും ചേർന്നാണ്‌ ഗൂഢാലോചന നടത്തിയതെന്ന്‌ സരിത എസ്‌ നായർ മൊഴി നൽകിയിരുന്നു. ഇതിനായി പി സി ജോർജ്‌ സരിതയെ വിളിച്ചതിന്റെ ശബ്ദസന്ദേശമടക്കം പുറത്തുവന്ന സാഹചര്യത്തിൽ  സരിതയുടെ രഹസ്യമൊഴി വ്യാഴാഴ്‌ച രേഖപ്പെടുത്തും. പകൽ മൂന്നരയ്‌ക്ക്‌ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ്‌ മജിസ്ട്രേട്ട്‌ രണ്ടാം നമ്പർ കോടതിയിലാണ്‌ രഹസ്യമൊഴിയെടുക്കുന്നത്‌.  പരാതിക്കാരനായ കെ ടി ജലീൽ എംഎൽഎ, സ്വപ്‌നയുടെ സുഹൃത്തുക്കളായ ഷാജ്‌കിരൺ, ഇബ്രാഹിം എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്‌. സരിത എസ്‌ നായരെ തിരുവനന്തപുരം ഗസ്റ്റ്‌ഹൗസിലും ഈരാറ്റുപേട്ടയിലെ വീട്ടിലും വിളിച്ചുവരുത്തിയാണ്‌ ഗൂഢാലോചനയിൽ ഭാഗമാകണമെന്ന്‌ പി സി ജോർജ്‌ ആവശ്യപ്പെട്ടത്‌.  സരിതയുടെ മകന്റെയും ഡ്രൈവറുടെയും ഗസ്റ്റ്‌ ഹൗസ്‌ ജീവനക്കാരുടെയും മൊഴി കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയിരുന്നു.

സ്വപ്‌ന ഇന്നും ഇഡിക്കുമുന്നിൽ
സ്വർണക്കടത്ത്‌ കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിനെ വ്യാഴാഴ്‌ചയും ഇഡി ചോദ്യം ചെയ്യും. കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ ബുധനാഴ്‌ച അഞ്ചരമണിക്കൂറോളം ചോദ്യം ചെയ്‌തു. അഭിഭാഷകനെ കണ്ടശേഷമാണ് സ്വപ്‌ന ഇഡി  ഓഫീസിലെത്തിയത്. ചോദ്യം ചെയ്യലിനുശേഷം  പതിവുപോലെ മാധ്യമങ്ങളോട് സംസാരിച്ചില്ല.

തന്റെ ജീവന്‌ ഭീഷണിയുണ്ടെന്നും കേന്ദ്ര അന്വേഷണ ഏജൻസികളുടെ സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള സ്വപ്‌നയുടെ ഹർജി പരിഗണിക്കുന്നത്‌ പ്രിൻസിപ്പൽ സെഷൻസ്‌ കോടതി 27ലേക്ക്‌ മാറ്റി. ഡോളർ കടത്തുകേസിൽ നേരത്തേ കസ്റ്റംസിന് നൽകിയ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള ഇഡിയുടെ ഹർജിയും കോടതി പരിഗണിക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top