18 April Thursday

സ്വപ്‌നയ്‌ക്ക്‌ തിരിച്ചടി; കേസ്‌ റദ്ദാക്കണമെന്ന രണ്ട്‌ ഹർജികളും തള്ളി

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022

കൊച്ചി > നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകൾ തുടരാമെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് കലാപമുണ്ടാകാൻ ഇടയാക്കിയെന്ന കേസുകൾ റദ്ദാക്കണമെന്ന സ്വപ്‌നയുടെ ആവശ്യം ജസ്റ്റിസ് എ എ സിയാദ് റഹ്മാൻ തള്ളി. മുൻമന്ത്രി കെ ടി ജലീൽ, ലോയേഴ്സ് യൂണിയൻ നേതാവ് അഡ്വ. സി പി പ്രമോദ് എന്നിവരുടെ പരാതികളിൽ തിരുവനന്തപുരത്തും പാലക്കാട്ടും രജിസ്റ്റർ ചെയ്‌ത കേസുകൾ റദ്ദാക്കണമെന്ന സ്വപ്‌നയുടെ ആവശ്യമാണ് കോടതി തള്ളിയത്.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വെളിപ്പെടുത്തൽ എന്ന പേരിൽ ആരോപണങ്ങൾ ഉന്നയിച്ചത് സമാധാനാന്തരീക്ഷം തകർത്ത് കലാപമുണ്ടാക്കുന്നതിനാണെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ഈ  ആരോപണങ്ങൾ പ്രഥമദൃഷ്‌ട്യാ അപകീർത്തികരവും നിയമവിരുദ്ധവുമായതിനാൽ പൊലീസിന് കേസെടുത്ത് അന്വേഷിക്കാമെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് പ്രതിപക്ഷനേതൃത്വത്തിലുണ്ടായ കലാപത്തിന് 745 കേസുകൾ രജിസ്റ്റർ ചെയ്തതിൽനിന്ന്‌, ഹർജിക്കാരിയുടെ വാക്കുകൾ പ്രകോപനം ഉണ്ടാക്കിയതായി കോടതി വിലയിരുത്തി. മനപ്പൂർവമായ നടപടി ആയിരുന്നില്ലെന്നു പറയാനാകില്ല. ഇക്കാര്യങ്ങൾ അന്വേഷണത്തിൽ വെളിവാകേണ്ടതാണ്.

മുഖ്യമന്ത്രിക്കും മറ്റുമെതിരായ ആരോപണങ്ങളിൽ ദുരുദ്ദേശ്യം വ്യക്തമാണ്. പ്രകോപനമില്ലാതെ നടത്തിയ പരാമർശങ്ങൾ മനപ്പൂർവമാണെന്നും കേസെടുക്കാൻ ഉതകുന്നതാണെന്നും കോടതി പറഞ്ഞു. ഉന്നതസ്ഥാനങ്ങളിൽ ഉള്ളവർക്കെതിരെ നടത്തുന്ന പൊള്ളയായ പരാമർശങ്ങൾ കലാപത്തിന് വഴിതെളിക്കുമെന്ന് ആർക്കും അറിയാം. വ്യാജ ഓഡിയോ ക്ലിപ്പുകളും രേഖകളും ചമച്ചുവെന്ന കാര്യവും കൂടുതൽ അന്വേഷണവിധേയമാക്കണം. ഇഡി നടത്തുന്ന അന്വേഷണം അട്ടിമറിക്കാനാണ് പൊലീസ് കേസെടുത്തതെന്ന വാദം അംഗീകരിക്കാനാകില്ല. സ്വപ്‌നയുടെ പരാമർശങ്ങൾ നേരിട്ട് ബാധിച്ച ജലീൽതന്നെയാണ് ഒരു പരാതിക്കാരൻ. അതിനാൽ ദുരുദ്ദേശ്യം ആരോപിക്കാനാകില്ല.

കേസിൽ പ്രതിയായ പരാതിക്കാരിക്ക് സാക്ഷികളുടെ സംരക്ഷണത്തിനുള്ള നിയമപരിരക്ഷ അവകാശപ്പെടാനാകില്ല. പൊലീസ് കേസ് ഇഡി കേസിന്റെ അന്വേഷണത്തിന് സമാന്തരമല്ല. കോടതിയിൽ നൽകിയ രഹസ്യമൊഴിയെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകമാത്രമായിരുന്നു എന്ന വാദം കോടതി തള്ളി. വിവിധ ചാനലുകളിൽ തുടരെ ആവർത്തിക്കുകയായിരുന്നു. കുറ്റപത്രം നൽകിയതിനുശേഷം ആവശ്യമെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. സർക്കാരിന്‌ വേണ്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി എ ഷാജി, അസിസ്‌റ്റന്റ്‌ പബ്ലിക്‌ പ്രോസിക്യൂട്ടർ പി നാരായണൻ എന്നിവർ ഹാജരായി.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top