19 April Friday

സ്വപ്‌നയ്‌ക്കും സന്ദീപിനും ബിജെപി അഭിഭാഷകർ? മികച്ച നിയമസഹായം ഉറപ്പാക്കാൻ നീക്കമെന്ന്‌ വിവരം

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020


കൊച്ചി
സ്വർണക്കടത്ത്‌ കേസിലെ പ്രധാനപ്രതികളായ സ്വപ്‌ന സുരേഷിനും സന്ദീപ്‌ നായർക്കും വിദഗ്‌ധ അഭിഭാഷകരുടെ നിയമസഹായം ഉറപ്പാക്കാൻ നീക്കമെന്ന്‌ വിവരം. ഞായറാഴ്‌ച സ്വപ്‌നയെയും സന്ദീപിനെയും എൻഐഎ കോടതിയിൽ ഹാജരാക്കുമ്പോൾ ഇരുവർക്കുംവേണ്ടി അഭിഭാഷകർ ഹാജരായിരുന്നില്ല. അടുത്ത ദിവസങ്ങളിൽ മികച്ച അഭിഭാഷകരോ അവരുടെ പിന്തുണയോടെ പാർടിയുമായി നേരിട്ട്‌ ബന്ധമില്ലാത്ത മറ്റാരെങ്കിലുമോ രംഗത്തുവരുമെന്നാണ്‌ സൂചന.

കൊച്ചിയിലെ അഭിഭാഷകൻവഴിയാണ്‌ സ്വപ്‌ന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന്‌ ശ്രമിച്ചത്‌. ഇദ്ദേഹത്തിന്‌ എൻഐഎ കേസിന്റെ വക്കാലത്ത്‌ നൽകിയിട്ടില്ല.
മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്‌ത അഭിഭാഷകൻ ബിജെപി അനുഭാവമുള്ള പോഷകസംഘടനകളിൽ ചിലതിൽ പ്രവർത്തിക്കുന്നയാളാണ്‌.  ഹിന്ദു എക്കണോമിക് ഫോറം എന്ന സംഘടനയുടെ സജീവ പങ്കാളിയുമാണ്‌..  ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന ഇദ്ദേഹത്തെ നേരിട്ടുകണ്ടാണ്‌ സ്വപ്‌ന വക്കാലത്ത്‌ നൽകിയത്‌. ഗുരുതര ആരോപണമുയർന്ന കേസായിരുന്നിട്ടും പ്രമുഖരെ സ്വപ്‌ന മുൻകൂർ ജാമ്യത്തിന്‌ സമീപിക്കാതിരുന്നത്‌ ചർച്ചയായിരുന്നു. എന്നാൽ സ്വപ്‌നയ്‌ക്കുവേണ്ടി ഹാജരായ അഭിഭാഷകനെ ഏർപ്പാടാക്കിയത്‌ ബിജെപി ബന്ധമുള്ള പ്രമുഖ അഭിഭാഷകരിൽ ചിലരാണെന്ന വാർത്ത പിന്നാലെ വന്നു. വക്കാലത്ത്‌ എടുത്തയാളാകില്ല കോടതിയിൽ ഹാജരാകുക എന്ന അഭ്യൂഹവുമുണ്ടായിരുന്നു. എന്നാൽ മുൻകൂർ ജാമ്യഹർജി ഹൈക്കോടതിയുടെ പരിഗണനയ്‌ക്ക്‌ എത്തുമ്പോഴേക്കും കേസിന്റെ സ്വഭാവം മാറി. അന്തർദേശീയ ബന്ധമുള്ള ഭീകരവാദത്തിന്റെ ഭാഗമാണെന്ന വിലയിരുത്തലോടെ എൻഐഎ കേസ്‌ ഏറ്റെടുത്തിരുന്നു. യുഎപിഎ വകുപ്പുകൾ ചാർത്തി അവർ എൻഐഎ കോടതിയിൽ കേസും ഫയൽ ചെയ്‌തു. അതോടെ മുൻകൂർ ജാമ്യം കിട്ടാനുള്ള എല്ലാ സാധ്യതയും അസ്‌തമിച്ചു. സ്വപ്‌നയുടെ മുൻകൂർ ജാമ്യത്തിന്‌ ഹൈക്കോടതിയിൽ ഹാജരാകാനിരുന്ന പ്രമുഖ അഭിഭാഷകനും പിൻവാങ്ങി. 

എന്നാൽ കേസ്‌ കോടതിയിൽ വന്നുതുടങ്ങുമ്പോഴേക്കും മികച്ച നിയമസഹായം സ്വപ്‌നയ്‌ക്കും സന്ദീപിനും ലഭ്യമാക്കുമെന്നാണ്‌ സൂചന. സന്ദീപ്‌ നായർ  ബിജെപിയുടെ സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധമുള്ളയാളാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top