25 April Thursday
സ്വപ്‌ന പറഞ്ഞത്‌ കള്ളം: വിജേഷ്‌ പിള്ള

ചിരി നിർത്താതെ ‘വെളിപ്പെടുത്തൽ ലൈവ്‌ ’ ; പിന്നിൽ രാഷ്‌ട്രീയലക്ഷ്യം ; ഈ കഥയ്‌ക്കും ആയുസ്സ്‌ മണിക്കൂറുകൾ മാത്രം

പ്രത്യേക ലേഖകൻUpdated: Friday Mar 10, 2023


തിരുവനന്തപുരം
ലൈവ്‌ വീഡിയോയിലൂടെയും വാർത്താസമ്മേളനങ്ങളിലൂടെയും സ്വപ്ന സുരേഷും അവർക്ക്‌ പിന്നിലുള്ളവരും ലക്ഷ്യമിടുന്നത്‌ സംസ്ഥാന സർക്കാരിനെയും എൽഡിഎഫ്‌ നേതാക്കളെയും അപകീർത്തിപ്പെടുത്തൽ. സ്വപ്നയ്‌ക്കെതിരായി സ്വർണക്കടത്തുകേസ്‌ എടുത്തിരിക്കുന്നതും അന്വേഷണം നടത്തുന്നതും കസ്റ്റംസും എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റുമാണ്‌. രക്ഷിക്കാനോ ശിക്ഷിക്കാനോ ഈ ഏജൻസികൾക്കാണ്‌ അധികാരം. പിന്നെ എങ്ങനെ അത്‌ സംസ്ഥാന സർക്കാർ വേട്ടയാടലാകുമെന്നുമാത്രം മാധ്യമങ്ങൾ പറയുന്നില്ല.

വ്യാഴാഴ്‌ച സ്വപ്‌ന നടത്തിയ ‘ലൈവ്‌ വെളിപ്പെടുത്തൽ’ കേരളത്തിലെ ജനങ്ങൾക്ക്‌ ചിരിക്കുള്ള വകുപ്പാണ്‌ നൽകിയതെങ്കിലും അത്‌ ഉപയോഗിച്ചും സർക്കാരിനും സിപിഐ എമ്മിനുമെതിരെ ആഞ്ഞടിക്കാൻ  മാധ്യമങ്ങൾ ഉത്സാഹിച്ചു. പക്ഷേ, സ്വപ്നയെക്കൊണ്ട്‌ ഇതൊക്കെ ചെയ്യിക്കുന്നവർക്കും ഒത്താശ പാടുന്നവർക്കും നിരാശയായിരുന്നു ഫലം. വിഷയം ലൈവാക്കി നിർത്തി എൽഡിഎഫ്‌ നേതാക്കളെയും ബിജെപിക്ക്‌ വഴങ്ങാത്ത വ്യവസായികളെയും മോശക്കാരാക്കുക എന്നതാണ്‌ അണിയറക്കാരുടെ രാഷ്‌ട്രീയലക്ഷ്യം.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ തെളിവുകൾ കൈമാറാൻ 30 കോടി വാഗ്ദാനം ചെയ്തുവെന്നാണ്‌ സ്വപ്‌ന ലൈവിൽ പറഞ്ഞത്‌. എൽഡിഎഫിനെതിരെ നുണക്കെട്ടുകൾ അഴിച്ചുവിട്ട രണ്ട്‌ തെരഞ്ഞെടുപ്പുവേളകളിലും വെളിപ്പെടുത്താത്ത ‘തെളിവു’കൾ ഇനി പറയുമെന്നത്‌ അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള ഉണ്ടയില്ലാവെടിമാത്രം.  

ഭീഷണിപ്പെടുത്തിയെന്നു പറയുന്നയാളെ ഇഡി ചോദ്യംചെയ്ത ദിവസംതന്നെയുള്ള ലൈവിനു പിന്നാലെ നടന്ന നാടകങ്ങൾക്ക്‌ പിന്നിലെ ഗൂഢലക്ഷ്യങ്ങൾ പകൽ പോലെ വ്യക്തമാണ്‌. ലൈവ്‌ തീർന്നയുടൻ ബിജെപി അധ്യക്ഷൻ സുരേന്ദ്രനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും ഏതാനും മാധ്യമങ്ങളും വെപ്രാളത്തോടെ ചാടിയിറങ്ങി. എന്നാൽ, തിരക്കഥ പൊളിഞ്ഞെന്ന്‌ മനസ്സിലായതോടെ മലക്കംമറിഞ്ഞു.  സ്വപ്ന പറഞ്ഞതിലെ ‘ഉള്ളടക്കം വിശ്വസനീയമല്ലെങ്കിലും അവരുടെ പോർവീര്യം ഭയങ്കര’മാണെന്നു പറഞ്ഞ്‌ തടിതപ്പുന്ന കാഴ്ച.

ഈ കഥയ്‌ക്കും ആയുസ്സ്‌ മണിക്കൂറുകൾ മാത്രം
സ്വർണക്കടത്ത്‌ കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ‘പുതിയ വെളിപ്പെടുത്തൽ’ അകാലചരമമടഞ്ഞു. വെബ്‌സീരീസ്‌ നിർമിക്കാൻവേണ്ടിയാണ്‌ താൻ സ്വപ്‌നയെ കണ്ടതെന്നും ബാക്കിയെല്ലാം സ്വപ്‌നയുടെ നുണകളാണെന്നും തെളിവുണ്ടെങ്കിൽ പുറത്തുവിടാനുമുള്ള വിജേഷ്‌ പിള്ളയുടെ വെല്ലുവിളി ഏറ്റെടുക്കാൻ സ്വപ്‌ന തയ്യാറായില്ല. വെല്ലുവിളിയുമായി വിജേഷ്‌ ചാനലുകൾക്ക്‌ മുന്നിലെത്തിയതിനു പിന്നാലെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റുമായി സ്വപ്‌നയെത്തി.  കഴിഞ്ഞ ദിവസത്തെ ലൈവിലും പരാതിയിലുമെല്ലാം വിജയ്‌ പിള്ളയെന്നുമാത്രം അഭിസംബോധന ചെയ്‌ത സ്വപ്‌ന വെള്ളിയാഴ്‌ചത്തെ ഫെയ്‌സ്‌ബുക്കിൽ വിജേഷ്‌പിള്ള @ വിജയ്‌പിള്ള എന്ന്‌ തിരുത്തിയിട്ടുണ്ട്‌. തന്നെ കണ്ട കാര്യം വിജേഷ്‌ സമ്മതിച്ചെന്നാണ്‌ സ്വപ്‌നയുടെ കണ്ടെത്തൽ. സംഭവം നടന്നയുടൻ താൻ പൊലീസിന്‌ പൊലീസും ഇഡിക്കും പരാതി നൽകിയെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലടക്കമുള്ള നടപടികൾ ആരംഭിച്ചതായും സ്വപ്‌ന പറയുന്നു.

സ്വപ്‌ന വെളിപ്പെടുത്തൽ നടത്തുംമുന്നേ വിജേഷിനെ ഇഡി അന്വേഷിച്ച്‌ എത്തിയിരുന്നുവെന്ന്‌ കഴിഞ്ഞ ദിവസം ഒരു വിഭാഗം മാധ്യമങ്ങൾ ആഘോഷിച്ചിരുന്നു. തന്റെ വെളിപ്പെടുത്തലുകൾക്കു പിന്നാലെയാണ്‌ കേന്ദ്ര ഏജൻസികൾ പോകുന്നത്‌ എന്ന സൂചനയും സ്വപ്‌നയുടെ വാക്കുകളിലുണ്ട്‌. ‘ഇനി ഏജൻസികളാണ് ആരാണ് വിജേഷ് പിള്ള, എന്തായിരുന്നു ഇതിന്റെ ഉദ്ദേശ്യം, ആരാണ് ഇയാളെ വിട്ടത് തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ച്‌ ഒരു യുക്തിസഹമായ നിഗമനത്തിൽ എത്തിച്ചേരേണ്ടത്’ എന്നാണ്‌ സ്വപ്‌ന പറയുന്നത്‌.

സ്വപ്‌ന പറഞ്ഞത്‌ കള്ളം: വിജേഷ്‌ പിള്ള
സ്വപ്‌ന സുരേഷിനെ കണ്ടത്‌ സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട വെബ്‌സീരീസ്‌ തന്റെ ഒടിടി പ്ലാറ്റ്‌ഫോമിൽ സംപ്രേഷണം ചെയ്യുന്നതിനെക്കുറിച്ച്‌ ചർച്ച ചെയ്യാനാണെന്ന്‌ വിജേഷ്‌ പിള്ള. ഒരു രാഷ്‌ട്രീയപാർടിയുമായും നേതാക്കളുമായും തനിക്ക്‌ ബന്ധമില്ല, താൽപ്പര്യമുള്ളത്‌ ബിജെപിയോടാണെന്നും സ്വപ്‌നയുടെ ആരോപണങ്ങൾ ശരിയല്ലെന്നും കൊച്ചിയിൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. സ്വപ്‌നയുടെ താൽപ്പര്യപ്രകാരമാണ്‌ ബംഗളൂരുവിലെ ഹോട്ടലിൽ അവരെ കണ്ടത്‌.

കഴിഞ്ഞമാസം ഇരുപത്തേഴിനാണ്‌ സ്വപ്‌നയെ വിളിച്ച്‌ വെബ്‌സീരീസിന്റെ കാര്യം അറിയിച്ചത്‌. ശനിയോ ഞായറോ കാണാൻ താൽപ്പര്യം പ്രകടിപ്പിച്ച്‌ സ്വപ്‌ന വാട്‌സാപ് സന്ദേശം അയച്ചത്‌ തന്റെ പക്കലുണ്ട്‌. ശനിയാഴ്‌ചയായിരുന്നു കൂടിക്കാഴ്‌ച. ഹോട്ടൽ റസ്‌റ്റോറന്റിലിരുന്ന്‌ സംസാരിക്കുമ്പോൾ സരിത്തും രണ്ടു കുട്ടികളും ഉണ്ടായിരുന്നു.

വെബ്‌സീരീസിന്റെ 30 ശതമാനം ലാഭവിഹിതം നൽകാമെന്നാണ്‌ സ്വപ്‌നയോട്‌ പറഞ്ഞത്‌, അല്ലാതെ 30 കോടി നൽകാമെന്നല്ല. ഷൂട്ട്‌ ചെയ്യാൻ സുരക്ഷിത സ്ഥലം വേണമെന്നു പറഞ്ഞപ്പോൾ ഹരിയാനയിലോ ജയ്‌പുരിലോ പോകാമെന്ന്‌ നിർദേശിച്ചിരുന്നു. വെബ്‌സീരീസിൽ പറയുന്ന ആരോപണങ്ങളെ പിന്തുണയ്‌ക്കുന്ന തെളിവുകൾ വേണമെന്നും അല്ലാത്തത്‌ സംപ്രേഷണം ചെയ്യില്ലെന്നും സ്വപ്‌നയോട്‌ പറഞ്ഞു. കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തിയെങ്കിൽ പിന്നീട്‌ ഫോണിൽ തുടർച്ചയായി അവർ ആശയവിനിമയം നടത്തുമോയെന്ന്‌ വിജേഷ്‌ ചോദിച്ചു.

‘‘സ്വപ്‌ന ചർച്ചയിലുടനീളം രാഷ്‌ട്രീയനേതാക്കളുടെ പേര്‌ സൂചിപ്പിച്ചപ്പോൾ എനിക്ക്‌ രാഷ്‌ട്രീയത്തിൽ താൽപ്പര്യമില്ലെന്ന്‌ പറഞ്ഞിരുന്നു. ഗോവിന്ദൻ മാഷിനെ പരിചയമില്ല. നാട്ടിലുള്ളപ്പോൾ സ്വപ്‌ന ഫോണിൽ വിളിച്ചപ്പോൾ കണ്ണൂരാണെന്നും അഞ്ചു കിലോമീറ്റർ അകലെയാണ്‌ അദ്ദേഹത്തിന്റെ നാടെന്നും പറഞ്ഞിട്ടുണ്ട്‌. അല്ലാതെ ഗോവിന്ദൻ മാഷിനെ നേരിൽ കണ്ടിട്ടുപോലുമില്ല. ഹോട്ടൽ ലോബിയിലിരുന്ന്‌ പരസ്യമായി നടത്തിയ ചർച്ച സ്വപ്‌ന റെക്കോഡ്‌ ചെയ്യുന്നതായി തോന്നിയിരുന്നു. ഞാൻ ഭീഷണിപ്പെടുത്തിയെങ്കിൽ അതിന്റെ തെളിവ്‌ പുറത്തുവിടട്ടെ’’–- വിജേഷ്‌ പറഞ്ഞു.

നിങ്ങൾ നിരീക്ഷണത്തിലായിരിക്കുമെന്നും ഭയമുണ്ടോ എന്നും സ്വപ്‌ന ചോദിച്ചിരുന്നു. കുറച്ചുദിവസം കഴിഞ്ഞ്‌ ഇഡി ഉദ്യോഗസ്ഥർ വിളിപ്പിച്ചപ്പോഴാണ്‌ സ്വപ്‌ന പറഞ്ഞതിന്റെ അർഥം മനസ്സിലായത്‌. അവർക്ക്‌ എന്തൊക്കെയോ ലക്ഷ്യമുണ്ടായിരുന്നെന്ന്‌ ഇപ്പോൾ വ്യക്തമായി. സത്യം പുറത്തുകൊണ്ടുവരാൻ നിയമ നടപടി സ്വീകരിക്കുമെന്നും വിജേഷ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top