24 April Wednesday

ഗൂഢാലോചന കേസുമായി സഹകരിക്കാതെ സ്വപ്‌ന ഇഡിക്കുമുന്നിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022


കൊച്ചി
സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നടന്ന ഗൂഢാലോചന സംബന്ധിച്ച അന്വേഷണവുമായി സഹകരിക്കാതെ സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷ്. തിങ്കളാഴ്‌ച ചോദ്യംചെയ്യലിന്‌ ഹാജരാകാൻ സ്വപ്‌നയോട്‌ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവർ ഹാജരായില്ല.  സാവകാശം തേടുകയോ മറുപടി നൽകുകയോ ചെയ്‌തില്ല. ഒരാഴ്ചമുമ്പാണ്‌   നോട്ടീസ്‌ നൽകിയത്‌.  എന്നാൽ ഇതിനുശേഷം ഇഡി ഓഫീസിൽ  സ്വപ്‌ന   ഹാജരാവുകയും ചെയ്തു.

രഹസ്യമൊഴിയുടെ ഭാഗമായി മൊഴിയെടുക്കൽ എന്ന പേരിലാണ്‌ തിങ്കളാഴ്‌ച വീണ്ടും സ്വപ്‌നയെ ഇഡി വിളിപ്പിച്ചത്‌. കഴിഞ്ഞയാഴ്ച പലദിവസവും ചോദ്യം ചെയ്തു. എന്നിട്ടും പ്രത്യേക അന്വേഷകസംഘം വിളിപ്പിച്ച ദിവസംതന്നെ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു.

ഇതിനിടെ കേന്ദ്ര ഏജൻസികളുടെ സുരക്ഷ ആവശ്യപ്പെട്ട് സ്വപ്‌ന സമർപ്പിച്ച ഹർജി എറണാകുളം ജില്ലാ സെഷൻസ് കോടതി ഇരുപത്തൊമ്പതിലേക്ക്‌ മാറ്റി. ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന വീണ്ടും ഹൈക്കോടതിയിൽ ഹർജി നൽകി. പുതിയ വകുപ്പുകൾ ചുമത്തിയെന്ന്‌ ആരോപിച്ചാണ് ഹർജി.

സ്വപ്ന വീണ്ടും 
മുൻകൂർ ജാമ്യത്തിന്‌
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ പുതിയ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഗൂഢാലോചനയും കലാപശ്രമവും ആരോപിച്ച് കന്റോൺമെന്റ്‌ പൊലീസ് എടുത്ത കേസിൽ ചോദ്യം ചെയ്യാൻ നോട്ടീസ് ലഭിച്ചെന്നും അതിൽ ജാമ്യമില്ലാവകുപ്പ് ചുമത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. അറസ്റ്റ് ചെയ്ത്‌ പീഡിപ്പിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും ഹർജിയിൽ പറയുന്നു.ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് ആദ്യം കേസെടുത്തത്. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും സർക്കാരിന്റെയും പ്രതിഛായ തകർക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി കെ ടി ജലീൽ നൽകിയ പരാതിയിലായിരുന്നു ആദ്യ കേസ്. ഇരുവിഭാഗങ്ങൾ തമ്മിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചതിന് അഡ്വ. സി പി പ്രമോദ് നൽകിയ പരാതിയിലാണ്‌ രണ്ടാമത്തെ കേസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top